ഗാർഹിക തൊഴിലാളികളെ സ്പോണ്‍സർ ചെയ്യണോ; ലളിതം, ദുബായ് നൗ ആപ്പിലൂടെ നടപടികള്‍ പൂർത്തിയാക്കാം, വീസ റദ്ദാക്കുനും പുതുക്കാനും എളുപ്പം, നടപടിക്രമങ്ങള്‍ അറിയാം
Mail This Article
ഗാർഹിക തൊഴിലാളികളെ സ്പോണ്‍സർ ചെയ്യാന്‍ ആലോചിക്കുകയാണോ, ദുബായില്‍ ഗാർഹിക തൊഴിലാളി വീസയെടുക്കാന്‍ പേപ്പർ വർക്കുകള്‍ ഒഴിവാക്കി, ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ദുബായ് നൗ ആപ്പിലൂടെ വീസ നടപടികളെല്ലാം പൂർത്തിയാക്കാം.
ദുബായ് നൗ ആപ്പില്‍ അടുത്തിടെയാണ് ഡൊമസ്റ്റിക് വർക്കർ റസിഡന്‍സിയെന്ന പുതിയ സേവനം കൂടി ഉള്‍പ്പെടുത്തിയത്. ഗാർഹിക തൊഴിലാളികള്‍ക്കായുളള വീസയ്ക്ക് അപേക്ഷിക്കാനും, വീസ പുതുക്കുന്നതിനും റദ്ദാക്കുന്നതിനുമെല്ലാം ഇതിലൂടെ സാധിക്കും. യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് നടപടികള്‍ പൂർത്തിയാക്കാം.
ഗാർഹിക തൊഴിലാളികളെ സ്പോണ്‍സർ ചെയ്യുന്നതിനുളള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്, അറിയാം:
പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ജിസിസി രാജ്യങ്ങളിലെ താമസവീസയുളളവർക്കും ഗാർഹിക തൊഴിലാളികളെ സ്പോണ്‍സർ ചെയ്യാം. എന്നാല്‍ ഇതിനായി ആവശ്യമായ രേഖകളില്‍ വ്യത്യാസമുണ്ട്. യുഎഇ മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആൻഡ് എമിറാത്തൈസേഷന്‍ പ്രകാരം പൊതുവായി ആവശ്യമുളള രേഖകള്‍ ഇപ്രകാരമാണ്:
1. സ്പോണ്‍റിന് സാധുവായ എമിറേറ്റ്സ് ഉണ്ടായിരിക്കണം.
2. ഗാർഹിക തൊഴിലാളിയെ കൂടി ഉള്‍പ്പെടുത്തിയുളള ആരോഗ്യ ഇന്‍ഷുറന്‍സും ആവശ്യമാണ്.
3. ഗാർഹിക തൊഴിലാളിക്ക് സാധുവായ പാസ്പോർട്ട് ഉണ്ടായിരിക്കണം.
4. പ്രായം 18 വയസ്സിന് മുകളിലായിരിക്കണം, 60 വയസ്സില്‍ കവിയാനും പാടില്ല. എന്നാല്‍ യുഎഇയില്‍ താമസവീസയുണ്ടായിരുന്ന, റദ്ദാക്കി മൂന്ന് മാസത്തിനപ്പുറം കഴിയാത്തവരാണെങ്കില്‍ ഉയർന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
5. ഗാർഹിക തൊഴിലാളിയുടെ ജോലി സംബന്ധമായുളള കാര്യങ്ങളില്‍ വ്യക്തതയുണ്ടായിരിക്കണം.
ഗാർഹിക തൊഴിലാളിയെ സ്പോണ്‍സർ ചെയ്യുമ്പോള്‍ ആദ്യം വേണ്ടത് എന്‍ട്രി പെർമിറ്റാണ്.
യുഎഇയ്ക്ക് പുറത്താണെങ്കില്‍:
1. ദുബായ് നൗ ആപ്പിലൂടെ എന്‍ട്രി പെർമിറ്റിന് അപേക്ഷിക്കാം. യുഎഇയിലേക്ക് വരുന്നതിനുളള നടപടിക്രമങ്ങള്‍ നടത്താം.
2. യുഎഇയിലെത്തിയാല്‍ ആരോഗ്യ പരിശോധന നടത്തണം. എവിടെയാണ് മെഡിക്കല്‍ പരിശോധന, സമയം എന്നത് സംബന്ധിച്ച വിവരങ്ങള്‍ സ്പോണ്‍സർക്ക് സന്ദേശങ്ങളിലൂടെ ലഭ്യമാകും.
3. ആരോഗ്യ പരിശോധന വിജയകരമായി പൂർത്തിയാക്കിയാല്‍ എമിറേറ്റ്സ് ഐഡിയും വീസയും ലഭിക്കും
യുഎഇയില്‍ ഉളളവരാണെങ്കില്‍:
1. ദുബായ് നൗ ആപ്പിലൂടെ എന്‍ട്രി പെർമിറ്റിന് അപേക്ഷിക്കാം.
2. ചെയ്ഞ്ച് സ്റ്റാറ്റസിനായി അപേക്ഷിക്കാം. എക്സിറ്റാണെങ്കില്‍ വീണ്ടും യുഎഇയിലേക്ക് വരാന്‍ അപേക്ഷ നല്‍കാം.
3. ആരോഗ്യ പരിശോധന പൂർത്തിയാക്കാം.
4. ആരോഗ്യ പരിശോധന പൂർത്തിയാക്കി ആരോഗ്യവാനാണെന്ന് തെളിഞ്ഞാല്‍ എമിറേറ്റ്സ് ഐഡിയും വീസയും ലഭിക്കും
ചെലവ്:
1. എന്‍ട്രി പെർമിറ്റ്- ഏകദേശം 300 ദിർഹം
2. വാറന്റി ഫീസ് - 2000 ദിർഹം (സ്പോണ്‍സർ തരം അനുസരിച്ച് വ്യത്യാസമുണ്ടാകാം)
3. സ്റ്റാറ്റസ് മാറാന്‍- ഏകദേശം 500 ദിർഹം
4. ആരോഗ്യപരിശോധന- 300 ദിർഹം മുതല്‍ 1000 ദിർഹം വരെ (തിരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച് നിരക്കില്‍ വ്യത്യാസമുണ്ടാകാം)
5. പുതിയ താമസ വീസ- ഏകദേശം 375 ദിർഹം
6. റിക്രൂട്ട്മെന്റ് ഫീസ് - 500 ദിർഹം (സ്പോണ്‍സർ തരം അനുസരിച്ച് വ്യത്യാസമുണ്ടാകാം)
7. എമിറേറ്റ്സ് ഐഡി- 375 ദിർഹം
എന്‍ട്രി പെർമിറ്റ് മുതല്‍ എമിറേറ്റ്സ് ഐഡി ലഭിക്കുന്നതുവരെയുളള നടപടിക്രമങ്ങള്‍ക്ക് ഏകദേശം നാലാഴ്ച വരെ സമയമെടുക്കും.