കന്നിയാത്ര തിളക്കത്തിൽ ‘ദുബായിയുടെ സ്വന്തം’ ആഡംബര ക്രൂസ് കപ്പൽ
ദുബായ് ∙ ദുബായിൽ അത്യാഡംബര കപ്പൽ വിനോദ സഞ്ചാരത്തിനു തുടക്കമിട്ട് റിസോർട്സ് വേൾഡ് ക്രൂസസ്.
ദുബായ് ∙ ദുബായിൽ അത്യാഡംബര കപ്പൽ വിനോദ സഞ്ചാരത്തിനു തുടക്കമിട്ട് റിസോർട്സ് വേൾഡ് ക്രൂസസ്.
ദുബായ് ∙ ദുബായിൽ അത്യാഡംബര കപ്പൽ വിനോദ സഞ്ചാരത്തിനു തുടക്കമിട്ട് റിസോർട്സ് വേൾഡ് ക്രൂസസ്.
ദുബായ് ∙ ദുബായിൽ അത്യാഡംബര കപ്പൽ വിനോദ സഞ്ചാരത്തിനു തുടക്കമിട്ട് റിസോർട്സ് വേൾഡ് ക്രൂസസ്. കമ്പനിയുടെ റിസോർട് വേൾഡ് വൺ എന്ന ആഡംബര കപ്പൽ കന്നിയാത്ര വിജയകരമായി പൂർത്തിയാക്കി. ആയിരത്തിലേറെ വിനോദ സഞ്ചാരികളുമായി പോർട്ട് റാഷിദിൽ നിന്നു പുറപ്പെട്ട കപ്പൽ അബുദാബിയിലെ സിർ ബനിയാസ് ഐലൻഡ് സന്ദർശിച്ചു തിരികെ എത്തി.
രാജ്യാന്തര ക്രൂസ് കമ്പനികൾ ദുബായ് തീരത്ത് എത്തി വിനോദ സഞ്ചാരികളുമായി പോകാറുണ്ടെങ്കിലും ദുബായിയുടെ സ്വന്തം ആഡംബര കപ്പൽ എന്ന പദവി ഇനി റിസോർട് വേൾഡ് വണ്ണിനുള്ളതാണ്. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആഡംബര കപ്പൽ ദുബായ് ടൂറിസം ആൻഡ് ഇക്കണോമിയുടെ സഹകരണത്തോടെയാണ് വിനോദ സഞ്ചാര യാത്രകൾ നടത്തുന്നത്. ആഴ്ച മുഴുവൻ നീളുന്ന വിനോദ സഞ്ചാര യാത്രകളെല്ലാം ദുബായ് പോർട്ട് റാഷിദിൽ നിന്നാണ് പുറപ്പെടുക. 2 രാത്രി, 3 രാത്രി എന്നിങ്ങനെ വിവിധ പാക്കേജുകൾ ലഭ്യമാണ്. രാജ്യത്തിന്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്നതിനാൽ, പൂർണമായും ഹലാൽ ഭക്ഷണമായിരിക്കും കപ്പലിൽ വിളമ്പുക.
ലോകോത്തര ആഡംബര കപ്പലുകളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളിലും റിസോർട്സ് വേൾഡ് വണ്ണിൽ ലഭിക്കും. ബാൽക്കണി റൂമുകൾ, കടലിന് അഭിമുഖമായ മുറികൾ ഉൾപ്പെടെ പഞ്ചനക്ഷത്ര താമസ സൗകര്യമാണ് കപ്പലിലുള്ളത്. 24 മണിക്കൂറും നിലയ്ക്കാതെ തുടരുന്ന കലാ പരിപാടികൾ, യോഗ, എക്സർസൈസ് ക്ലാസുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, വാട്ടർ റൈഡ് എന്നിങ്ങനെ വിവിധ സൗകര്യങ്ങളുണ്ട്. വിവിധ രാജ്യങ്ങളുടെ രുചി വൈവിധ്യം വിളമ്പുന്ന 14 റസ്റ്ററന്റുകളും 4 ബാർ ലൗഞ്ചുകളും കപ്പലിനുള്ളിൽ പ്രവർത്തിക്കുന്നു. ലോക പ്രസിദ്ധ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത, നൃത്ത, നാടകം, ഗാനമേളകൾ, വാദ്യോപകരണ കച്ചേരികൾ എന്നിവയും യാത്രയുടെ ഭാഗമായി ആസ്വദിക്കാം. മദ്യം, ചൂതാട്ടം, ഷോപ്പിങ് സെന്ററുകൾ, ഗിഫ്റ്റ് സെന്ററുകൾ തുടങ്ങിയവയും കപ്പലിനുള്ളിലുണ്ട്. സ്പാ, സലൂൺ, സുവനീർ മാർട്ട്, ക്ലിനിക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്.
വിവിധ ഗൾഫ് രാജ്യങ്ങളിലേക്കാണ് കപ്പലിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. രാപകൽ വ്യത്യാസമില്ലാതെ വിവിധ വിനോദ, കലാ, മൽസര പരിപാടികൾ അതിഥികൾക്കായി ക്രമീകരിച്ചിട്ടുണ്ട്. ഒരു യാത്രയിൽ 1800 പേർക്കു പോകാം. വാരാന്ത്യങ്ങളിലുള്ള യാത്രയാണ് ഏറ്റവും ആകർഷകം. വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെട്ട് ഞായറാഴ്ച ഉച്ചയോടെ മടങ്ങിയെത്തുന്ന യാത്രയിൽ രണ്ടു രാത്രികൾ കപ്പലിൽ ആസ്വദിക്കാം. അബുദാബിയിലെ സിർ ബനിയാസിലേക്കാണ് വാരാന്ത്യ യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.
രാജ്യാന്തര കപ്പൽ ചാലിലൂടെ നീങ്ങുന്ന റിസോർട്സ് വേൾഡ് വൺ ദോഹയുടെ സമുദ്രാതിർത്തിയിലൂടെയാണ് സിർബനിയാസിലെത്തുക. രാത്രി 9 ന് പുറപ്പെടുന്ന കപ്പൽ ഉച്ചയ്ക്കു 12 ന് സിർ ബനിയാസിലെത്തും. കടൽ കാറ്റേറ്റും കടലിന്റെ വന്യമായ സൗന്ദര്യം ആസ്വദിച്ചും കടലിന്റെ രാപകൽ കാഴ്ചകൾ കണ്ടും യാത്ര ചെയ്യാമെന്നതാണ് വാരാന്ത്യ യാത്രകളുടെ പ്രത്യേകത. ശനി, ഞായർ അവധിയുള്ളവർക്ക് ഈ യാത്രയ്ക്കായി പ്രത്യേകിച്ച് അവധിയെടുക്കേണ്ടെന്ന ഗുണവും ഉണ്ട്.
3 രാത്രികൾ ഉൾപ്പെടുന്ന യാത്ര ഒമാനിലേക്കാണ്. മസ്ക്കത്ത് – ഖസബ് എന്നിവ സന്ദർശിച്ചു മടങ്ങുന്ന യാത്ര ഞായറാഴ്ചകളിൽ വൈകുന്നേരമാണ് പോർട്ട് റാഷിദിൽ നിന്നു പുറപ്പെടുന്നത്. ബുധനാഴ്ച ഉച്ചയോടെ മടങ്ങി വരും. അന്നു രാത്രി തന്നെ കപ്പൽ ഖത്തറിലേക്കു പുറപ്പെടും. ദോഹയിെലത്തി വെള്ളിയാഴ്ച ഉച്ചയോടെ മടങ്ങിയെത്തും. പാക്കേജുകളെ കൂട്ടിചേർത്തും തിരഞ്ഞെടുക്കാം.
സിർബനിയാസ്, ഒമാൻ യാത്രാ പാക്കേജോ, ഒമാൻ – ഖത്തർ പാക്കേജോ, മൂന്നും കൂടിയോ തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്. ടിക്കറ്റുകൾ www.rwcruises.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ദോഹയിലേക്കുള്ള രണ്ട് രാത്രി ഉൾപ്പെടുന്ന പാക്കേജിന് ഏറ്റവും കുറഞ്ഞ നിരക്ക് 2225 ദിർഹമാണ്. ഈ ടിക്കറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. ഉൾഭാഗത്തെ മുറികളാണ് ലഭിക്കുക.
ഓഷ്യൻ വ്യു മുറികൾക്ക് 2770 ദിർഹവും ബാൽക്കണി മുറികൾക്ക് 3570 ദിർഹവുമാണ് നിരക്ക്. പോർട്ട് ചാർജ് ഉൾപ്പെടെയാണ് നിരക്ക്. ഒമാനിലേക്കുള്ള 3 രാത്രി യാത്രയ്ക്ക് 3300 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 5300 ദിർഹമാണ് ഏറ്റവും ഉയർന്ന നിരക്ക്. സിർ ബനിയാസിലേക്കുള്ള നിരക്ക് അവർ പ്രഖ്യാപിച്ചിട്ടില്ല.