46 വർഷത്തിന് ശേഷം പോൾ സേവ്യർ ആദ്യമായി നാട്ടിലെത്തി; കന്നി വിമാനയാത്രയ്ക്കായി മറികടന്നത് അനവധി കടമ്പകൾ
ഒരിക്കൽ പോലും നാട്ടിൽ പോകാതെ 46 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായി കഴിഞ്ഞിരുന്ന പോൾ സേവ്യർ സ്വദേശത്തേക്ക് മടങ്ങി.
ഒരിക്കൽ പോലും നാട്ടിൽ പോകാതെ 46 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായി കഴിഞ്ഞിരുന്ന പോൾ സേവ്യർ സ്വദേശത്തേക്ക് മടങ്ങി.
ഒരിക്കൽ പോലും നാട്ടിൽ പോകാതെ 46 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായി കഴിഞ്ഞിരുന്ന പോൾ സേവ്യർ സ്വദേശത്തേക്ക് മടങ്ങി.
മനാമ ∙ ഒരിക്കൽ പോലും നാട്ടിൽ പോകാതെ 46 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായി കഴിഞ്ഞിരുന്ന പോൾ സേവ്യർ സ്വദേശത്തേക്ക് മടങ്ങി. കൊച്ചി പള്ളുരുത്തി പുന്നക്കാട്ടുശ്ശേരി വീട്ടിൽ പോൾ സേവ്യർ( 64) 1978ൽ ബഹ്‌റൈനിൽ എത്തിയത്. വിവിധ പ്രശ്‌നങ്ങളും തടസ്സങ്ങളും മൂലം, ബഹ്റൈനിൽ ചെറിയ ജോലികൾ ചെയ്തിരുന്ന അദ്ദേഹത്തിന് ഒരിക്കൽ പോലും നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല.
കപ്പലിലായിരുന്നു പോൾ സേവ്യർ ബഹ്‌റൈനിൽ എത്തിയത്. പാസ്പോർട്ടോ മറ്റ് രേഖകളോ കൈവശം ഉണ്ടായിരുന്നില്ല. മാത്രമല്ല 2011ൽ സംഭവിച്ച ഒരു അപകടം തലച്ചോറിനെ ബാധിക്കുകയും ഓർമ ശക്തിയെ ബാധിക്കുകയും ചെയ്തു. മുഹറഖ് ജെറിയാട്രി ആശുപത്രിയിൽ കഴിഞ്ഞ 13 വർഷമായി ചികിത്സയിൽ തുടരുകയായിരുന്നു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഒ യും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്‍റുമായ സുധീർ തിരുനിലത്തിന്‍റെ വർഷങ്ങൾ നീണ്ട പരിശ്രമത്തിന്‍റെ ഫലമായാണ് പോൾ സേവ്യറിന് നാട്ടിലേക്ക് തിരികെ മടങ്ങാനുള്ള സാഹചര്യം ഒരുങ്ങിയത്. കേരളത്തിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരായ ജോസ് മോൻ മഠത്തിപറമ്പിൽ, ഷാജു എന്നിവരും ഇതിനായി സഹായിച്ചു. പല പ്രതിസന്ധികളും മറികടന്നാണ് യാത്രാ രേഖകൾ തയ്യാറാക്കാൻ കഴിഞ്ഞതെന്നും ഇതിന് സഹകരിച്ച ബഹ്റൈൻ ഇന്ത്യൻ എംബസി അധികൃതരോടും, മുഹറഖ് ജെറിയാട്രി ആശുപത്രി അധികൃതരോടും ബഹ്റൈൻ എമിഗ്രേഷൻ വിഭാഗം അധികൃതരോടും പ്രത്യേകം നന്ദി അറിയിക്കുന്നതായും സുധീർ തിരുനിലത്ത് അറിയിച്ചു.
ആദ്യമായി വിമാനത്തിൽ കയറി നാട്ടിലേക്ക് തിരിച്ച പോൾ സേവ്യറിനെ സ്വീകരിച്ചത് സഹോദരങ്ങളാണ്. ഓർമ നഷ്ടപ്പെട്ട പോൾ സേവ്യറിന്‍റെ ഇനിയുള്ള ജീവിതം സഹോദരനോടൊപ്പം ആയിരിക്കും.