പഴയ പെട്രോൾ വാഹനങ്ങളെ വൈദ്യുതീകരിക്കൽ: മലയാളിയുടെ 'സൂപ്പർ ഐഡിയ' , കൈകൊടുത്ത് യുഎഇ
അബുദാബി ∙ പഴയ പെട്രോൾ വാഹനങ്ങളെ വൈദ്യുതി വാഹനമാക്കി പുനരുജ്ജീവിപ്പിക്കുന്ന മലയാളി സ്റ്റാർട്ടപ്പിന് കൈകൊടുത്ത് യുഎഇ.
അബുദാബി ∙ പഴയ പെട്രോൾ വാഹനങ്ങളെ വൈദ്യുതി വാഹനമാക്കി പുനരുജ്ജീവിപ്പിക്കുന്ന മലയാളി സ്റ്റാർട്ടപ്പിന് കൈകൊടുത്ത് യുഎഇ.
അബുദാബി ∙ പഴയ പെട്രോൾ വാഹനങ്ങളെ വൈദ്യുതി വാഹനമാക്കി പുനരുജ്ജീവിപ്പിക്കുന്ന മലയാളി സ്റ്റാർട്ടപ്പിന് കൈകൊടുത്ത് യുഎഇ.
അബുദാബി ∙ പഴയ പെട്രോൾ വാഹനങ്ങളെ വൈദ്യുതി വാഹനമാക്കി പുനരുജ്ജീവിപ്പിക്കുന്ന മലയാളി സ്റ്റാർട്ടപ്പിന് കൈകൊടുത്ത് യുഎഇ. മലയാളി വ്യവസായി ഫൈസൽ കോട്ടിക്കൊള്ളോന്റെ മകൻ അഹമ്മദ് സക്കറിയ ഫൈസൽ സ്ഥാപിച്ച പീക്ക് മൊബിലിറ്റിയുമായി യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി ചർച്ച നടത്തി. രാജ്യം ആസൂത്രണം ചെയ്ത കാർബൺ രഹിത ഗതാഗത പദ്ധതിയിലേക്ക് പീക്ക് മൊബിലിറ്റിക്ക് നൽകാൻ കഴിയുന്ന സംഭാവനകളാണ് ചർച്ച ചെയ്തത്.
നിലവിലെ പെട്രോൾ വാഹനങ്ങൾ പൂർണമായും ഒഴിവാക്കി പുതിയ വൈദ്യുതി വാഹനങ്ങൾ നിർമിച്ചു നിരത്തിലിറക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ പാദമുദ്രകൾ പീക്ക് മൊബിലിറ്റിയുടെ റീ കാർ പദ്ധതിയിൽ ഇല്ലെന്നതാണ് പ്രധാന ആകർഷണം. നിലവിലുള്ള കാറുകൾ തന്നെ വൈദ്യുതി എൻജിനിലേക്ക് മാറ്റുന്നതിനാൽ, വാഹന പെരുപ്പം കുറയ്ക്കാനാകും. രാജ്യത്തിന്റെ സുസ്ഥിരതാ പദ്ധതിയോടു ചേർന്നു പോകുന്നതാണ് പീക്ക് മൊബിലിറ്റിയുടെ ആശയമെന്ന് മന്ത്രി പറഞ്ഞു. പുതിയ സാമ്പത്തിക നയത്തിൽ സ്വകാര്യ മേഖലയെ കൂടെ കൂട്ടുന്നതിനാണ് രാജ്യം പ്രാധാന്യം നൽകുന്നത്. പൊതുമേഖലയ്ക്കൊപ്പം സ്വകാര്യ മേഖലയ്ക്കു കൂടി ഇടം നൽകുക വഴി കൂടുതൽ വികസനം യുഎഇ ലക്ഷ്യമിടുന്നു.
ഗതാഗത മേഖല പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഇന്ധന ഉപയോഗവും കാർബൺ പുറന്തള്ളലും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് രാജ്യം നടപ്പാക്കുന്നത്. വൈദ്യുതി വാഹന രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് കൂടുതൽ അറിയാൻ പീക്ക് മൊബിലിറ്റിയുമായുള്ള കൂടിക്കാഴ്ചയിലൂടെ സാധിച്ചെന്നും മന്ത്രി പറഞ്ഞു.
റീ കാർ പോലെയുള്ള നൂതന ആശയങ്ങൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാണ് യുഎഇ എന്ന് പീക്ക് മൊബിലിറ്റി സ്ഥാപകൻ അഹമ്മദ് സക്കറിയ ഫൈസൽ പറഞ്ഞു. വാഹനങ്ങളെ വൈദ്യുതീകരിക്കുക മാത്രമല്ല, നിലവിലുള്ള വാഹനങ്ങൾക്കു പുത്തൻ ദൗത്യം നൽകുക കൂടിയാണ് തന്റെ സ്റ്റാർട്ടപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും അഹമ്മദ് പറഞ്ഞു. പഴയ വാഹനങ്ങളെ വൈദ്യുതികരിക്കുന്നതിലൂടെ അവയുടെ ആയുർദൈർഘ്യം വർധിപ്പിക്കാൻ കഴിയും.
പൊളിച്ചു വിൽക്കാൻ പോകുന്ന വാഹനങ്ങൾ പോലും വൈദ്യുതി വാഹനങ്ങളാക്കി മാറ്റാൻ പീക്ക് മൊബിലിറ്റിയുടെ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. മാലിന്യ പ്രശ്നം കൂടി ഇതുവഴി പരിഹരിക്കപ്പെടും. 2050 ആകുമ്പോഴേക്കും മൊത്തം വാഹനങ്ങളുടെ പകുതിയും വൈദ്യുതി – ഹൈബ്രിഡ് വാഹനങ്ങളാക്കുകയാണ് ലക്ഷ്യം.