ADVERTISEMENT

കൊച്ചി ∙ വിവാഹിതയായി മാസങ്ങൾക്കകം ഭർത്താവിനൊപ്പം താമസിക്കാൻ ദുബായിൽ പോയ ഇടപ്പള്ളി സ്വദേശി സ്മിത ജോർജിനെ കാണാതായ കേസിൽ വിചാരണ നേരിട്ട ഭർത്താവ് തോപ്പുംപടി സ്വദേശി ആന്റണിയെ(സാബു) എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിട്ടയച്ചു. കേസിൽ ക്രൈം ബ്രാഞ്ചാണു ആന്റണിയെ അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐയാണു കുറ്റപത്രം സമർപ്പിച്ചത്.

ഷാർജയിൽ എത്തിയ സ്മിതയെ 2005 സെപ്റ്റംബർ ഒന്നിനു ഭർത്താവ് തോപ്പുംപടി സ്വദേശി ആന്റണിയാണു(സാബു) വിമാനത്താവളത്തിൽ നിന്നു വിളിച്ചുകൊണ്ടു പോയത്. രണ്ടാം ദിവസം കാണാതായി. സ്മിത കത്തെഴുതി വച്ചു മറ്റൊരാൾക്കൊപ്പം ഒളിച്ചോടി എന്നാണു ഭർത്താവ് അറിയിച്ചത്. 

കത്തിലെ കയ്യക്ഷരം സ്മിതയുടേത് അല്ലെന്നും ഭർത്താവിന്റേതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും ഇതിന്റെ വിശ്വാസ്യത കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. സംഭവത്തിനു ശേഷം ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത യുവതിയുടെ മൃതദേഹം പിന്നീടു നടത്തിയ ഡിഎൻഎ പരിശോധനയിൽ സ്മിതയുടേതാണെന്നു ബോധ്യപ്പെട്ടിരുന്നു. 

എന്നാൽ സ്മിത എങ്ങനെ കൊല്ലപ്പെട്ടു? ആരാണ് കൊലപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. സ്മിതയെ കാണാതായ ശേഷം ദേവയാനിയെന്ന സ്ത്രീക്കൊപ്പം താമസമാക്കിയ ഭർത്താവ് ആന്റണിക്കു തിരോധാനത്തിൽ പങ്കുണ്ടെന്നു സ്മിതയുടെ വീട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. മജിസ്ട്രേട്ട് മുൻപാകെ ദേവയാനി(36) കുറ്റസമ്മത മൊഴി നൽകിയെങ്കിലും പിന്നീട് ആത്മഹത്യ ചെയ്തു.

നുണപരിശോധനയ്ക്ക് അഹമ്മദാബാദിലേക്കു കൊണ്ടുപോകും വഴി ട്രെയിനിൽ വിഷം കഴിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അവർ 2016 ജൂലൈ ഒ‍ൻപതിനു മരിച്ചു. ഇതോടെ കേസിലെ നിർണായക സാക്ഷിയെയാണു പ്രോസിക്യൂഷനു നഷ്ടപ്പെട്ടത്.

കേരളത്തിലും ദുബായിലുമായി നടത്തിയ അന്വേഷണത്തിൽ പ്രതി ആന്റണിക്കെതിരെ കുറ്റപത്രത്തിൽ നിരത്തിയ ആരോപണങ്ങൾ സംശയത്തിനതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയാതിരുന്ന സാഹചര്യത്തിലാണു സിജെഎം സന്ദീപ് കൃഷ്ണ പ്രതിയെ വിട്ടയച്ചത്. പ്രതിക്കു വേണ്ടി എം.ജെ.സന്തോഷ് ഹാജരായി. 25 സാക്ഷികളെ വിസ്തരിച്ച കോടതി സിബിഐ ഹാജരാക്കിയ അൻപതു രേഖകൾ പരിശോധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com