യുഎഇയിൽ തുടരാൻ മലയാളികൾ തിരഞ്ഞെടുക്കുന്ന 'ഫ്രീലാൻസ് വീസ'; പിടിക്കപ്പെട്ടാൽ പിഴയും നാടുകടത്തലും
ദുബായ് ∙ വീസാ നടപടികൾ പൂർത്തിയാക്കാനോ പിഴയില്ലാതെ നാട്ടിലേയ്ക്ക് മടങ്ങാനോ പ്രവാസികൾക്ക് യുഎഇ സർക്കാർ അനുവദിച്ച പൊതുമാപ്പ് തുടരുന്നു. സെപ്റ്റംബർ 1ന് തുടങ്ങി ഒക്ടോബർ 31ന് അവസാനിക്കേണ്ടിയിരുന്ന ഈ ആനുകൂല്യം തിരക്ക് കാരണം ഡിസംബർ 31 വരെ നീട്ടി.
ദുബായ് ∙ വീസാ നടപടികൾ പൂർത്തിയാക്കാനോ പിഴയില്ലാതെ നാട്ടിലേയ്ക്ക് മടങ്ങാനോ പ്രവാസികൾക്ക് യുഎഇ സർക്കാർ അനുവദിച്ച പൊതുമാപ്പ് തുടരുന്നു. സെപ്റ്റംബർ 1ന് തുടങ്ങി ഒക്ടോബർ 31ന് അവസാനിക്കേണ്ടിയിരുന്ന ഈ ആനുകൂല്യം തിരക്ക് കാരണം ഡിസംബർ 31 വരെ നീട്ടി.
ദുബായ് ∙ വീസാ നടപടികൾ പൂർത്തിയാക്കാനോ പിഴയില്ലാതെ നാട്ടിലേയ്ക്ക് മടങ്ങാനോ പ്രവാസികൾക്ക് യുഎഇ സർക്കാർ അനുവദിച്ച പൊതുമാപ്പ് തുടരുന്നു. സെപ്റ്റംബർ 1ന് തുടങ്ങി ഒക്ടോബർ 31ന് അവസാനിക്കേണ്ടിയിരുന്ന ഈ ആനുകൂല്യം തിരക്ക് കാരണം ഡിസംബർ 31 വരെ നീട്ടി.
ദുബായ് ∙ വീസ നടപടികൾ പൂർത്തിയാക്കാനോ പിഴയില്ലാതെ നാട്ടിലേയ്ക്ക് മടങ്ങാനോ പ്രവാസികൾക്ക് യുഎഇ സർക്കാർ അനുവദിച്ച പൊതുമാപ്പ് തുടരുന്നു. സെപ്റ്റംബർ 1ന് തുടങ്ങി ഒക്ടോബർ 31ന് അവസാനിക്കേണ്ടിയിരുന്ന ഈ ആനുകൂല്യം തിരക്ക് കാരണം ഡിസംബർ 31 വരെ നീട്ടി. പൊതുമാപ്പിലൂടെ ഒട്ടേറെ പേർ ഇതിനകം അവരുടെ പദവി ശരിയാക്കുകയും നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. അതേസമയം താമസ പദവി നിയമപരമാക്കാൻ പലരും അറിഞ്ഞോ അറിയാതെയോ ചെന്നു ചാടുന്ന കുഴികളെക്കുറിച്ചാണ് ഇപ്രാവശ്യം യുഎഇയിലെ പ്രമുഖ അഭിഭാഷക പ്രീത ശ്രീറാം മാധവ് വിശദീകരിക്കുന്നത്:
∙ യുഎഇയിൽ തുടരാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
യുഎഇയിൽ ജോലി അന്വേഷിച്ച് സന്ദർശക വീസയിലെത്തുകയും പിന്നീട് ജോലി ലഭിക്കാതെ കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ പിഴയൊടുക്കാൻ പണമില്ലാതെ പ്രതിസന്ധിയിലായിരുന്നവരിൽ മിക്കവരും പൊതുമാപ്പിന്റെ ആനുകൂല്യം കൊണ്ട് നിയമപരമായി പുതിയ വീസയിലേയ്ക്ക് മാറി. പലരും ഇപ്പോഴും മാറാൻ ശ്രമിക്കുന്നു. അതിന്റെ ഭാഗമായാണ് എംപ്ലോയ്മെന്റ്/ കമ്പനികളുടെ പാർട്ണർഷിപ്പ്/ ഇൻവെസ്റ്റ്മെന്റ് വീസയിലേയ്ക്ക് പലരും മാറുന്നത്. പൊതു മാപ്പ് സമയത്ത് പിഴയൊന്നും അടയ്ക്കാതെ നിയമപരമായി പുതിയ വീസയിലേയ്ക്ക് മാറാൻ കഴിയുന്നു എന്നതാണ് ഇതിന്റെ കാരണം.
∙ മറ്റു കമ്പനികളുടെ വീസയിൽ ജോലി ചെയ്താൽ കുടുങ്ങും
എന്നാൽ കുറച്ചുകാലമായി യുഎഇയിൽ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ജോലി ലഭിക്കാതെ കുടുങ്ങുമ്പോൾ ഇവിടെ തന്നെ തുടരാൻ വേണ്ടി ഏതെങ്കിലും ഒരു കമ്പനിയുടെ വീസ അല്ലെങ്കിൽ പാർട്ണർഷിപ് വീസ അവർ ചോദിക്കുന്ന പണം കൊടുത്തു വാങ്ങി താമസം നിയമപരമാക്കുന്നത്. ഇങ്ങനെ എടുക്കുന്ന രണ്ടുവർഷത്തെ വീസയ്ക്ക് മലയാളികളിട്ട പേരാണ് ഫ്രീലാൻസ് വീസ. എന്നാൽ യുഎയില്‍ ഇങ്ങനെയൊരു വീസ നിയമപരമായി ഇല്ല എന്നതാണ് യാഥാർഥ്യം!. പൊതുവെ ഇത്തരത്തിൽ ഏതെങ്കിലും കമ്പനിയുടെ പേരിലുള്ള വീസയെടുത്ത് പല ജോലികളും ചെയ്യുക സർവസാധാരണമാണ്. എന്നാൽ പലപ്പോഴും വീസ എടുത്ത കമ്പനിയുടെ എൻഒസി (നോ ഒബ്ജക് ഷൻ സർടിഫിക്കറ്റ്) വാങ്ങാതെയാണ് പലരും വേറെ പല ജോലിയിൽ ഏർപ്പെടുന്നത്. ഇങ്ങനെ ജോലി ചെയ്ത് പിടിക്കപ്പെട്ടാൽ വീസ എടുത്തുകൊടുത്ത കമ്പനിക്ക് വൻതുക പിഴയും പിടിക്കപ്പെടുന്ന ജോലിക്കാരന് പിഴയും നാടുകടത്തലുമാണ് ശിക്ഷ. യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിനാൽ പിന്നീട് യുഎഇയിലേയ്ക്ക് ഒരിക്കലും തിരിച്ചുവരാൻ സാധിക്കുകയുമില്ല.
∙ വീസ പുതുക്കാൻ ആവശ്യപ്പെടുന്നത് ഭീമമായ തുക
ഇങ്ങനെ വീസ എടുക്കുന്നതിന്റെ ഏറ്റവും വലിയ അപകടം പലപ്പോഴും രണ്ട് വര്‍ഷം കഴിഞ്ഞ് വീസ പുതുക്കുന്ന സമയത്താണ് സംഭവിക്കുക. വീസ നൽകിയ കമ്പനി അതൊരു കച്ചവടം മാത്രമായി കാണുന്നതിനാൽ അത് നിലവിൽ ഉണ്ടായിരിക്കുകയില്ല. പലർക്കും കമ്പനിയുമായി നേരിട്ട് ബന്ധവുമുണ്ടാകില്ല. ഇത്തരം സാഹചര്യത്തിൽ അവർ വീസ റദ്ദാക്കാനോ പുതിയത് എടുക്കാനോ സാധിക്കാതെ പ്രതിസന്ധിയിലാകും. (മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ഇത്തരത്തില്‍ കുടുങ്ങിയ വാർത്ത മനോരമ ഓൺലൈൻ അടുത്തകാലത്ത് റിപോർട് ചെയ്തിരുന്നു).
അതുപോലെ വീസ നൽകിയ കമ്പനി പുതുക്കുന്ന സമയത്ത് ഭീമമായ തുക ആവശ്യപ്പെടുന്ന സംഭവവുമുണ്ട്. അത് കൊടുക്കാൻ സാധിക്കാത്ത കാരണത്താൽ കമ്പനി ഉടമ അവരെ അബ്സ്കോണ്ടിങ്(ഒളിച്ചോടി) ആയി അധികൃതർക്ക് പരാതി നല്‍കുന്നതും പലരെയും കുടുക്കിയിട്ടുണ്ട്.
∙ വർക് പെർമിറ്റില്ല; പിടികൂടിയാൽ ശിക്ഷ പലതരം
ആയിരക്കണക്കിന് ദിർഹം നൽകി ഇത്തരം വീസ സ്വന്തമാക്കി കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് കമ്പനി വർക്ക് പെർമിറ്റ് നല്‍കാറില്ല. ഈ കാരണത്താൽ കമ്പനി ശമ്പളം തന്നില്ലെങ്കിൽ നിയമപരമായി തൊഴിൽ കോടതിയെ സമീപിക്കാൻ സാധിക്കുന്നതല്ല. കമ്പനിയിൽനിന്ന് കിട്ടുന്ന ഒരു ആനുകൂല്യവും നിയമപരമായി വാങ്ങാനും സാധിക്കില്ല. ഒട്ടേറെ പേർ ഇപ്പോൾ ഈ പ്രശ്നം നേരിടുന്നതായി എനിക്കറിയാം. വർക്ക് പെർമിറ്റ് ഉണ്ടെങ്കിൽ മാത്രം നിങ്ങൾ കമ്പനിയിൽ ജോലി ചെയ്യുക. എന്നാൽ നിങ്ങളുടെ എല്ലാ അവകാശങ്ങളും കമ്പനിയിൽ നിന്ന് നേടിയെടുക്കാവുന്നതാണ്. വർക്ക് പെർമിറ്റ് ഇല്ലാതെ യുഎഇയിൽ എവിടെയും ജോലി ചെയ്യാൻ പാടുള്ളതല്ലെന്ന് ഓർക്കുക. പരിശോധനയിൽ പിടിച്ചു കഴിഞ്ഞാൽ പിഴയും തടവും തുടർന്ന് നാടുകടത്തലുമുണ്ടാകും.
∙ പാർട്ണർഷിപ് വീസയിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ
യുഎഇയിൽ നിലവിലുള്ള കമ്പനികളുടെ പാർട്ണർ ആവുക, അവരുടെ ഒരു ഓഹരി വാങ്ങി പാർട്ണർഷിപ് വീസ നേടുക. അല്ലെങ്കിൽ കുറെ പേർ ചേർന്ന് ഒരു പുതിയ കമ്പനി തുടങ്ങുക. സാധാരണ ഒരു ബിസിനസിൽ പാർട്ണറാകുന്ന ആൾക്ക് ആ ബിസിനസിൽ ഇടപെടാനും അതിന്റെ കാര്യങ്ങൾ നിയമപരമായി ചെയ്യാനുമുള്ള അവകാശമാണ് പാർട്ണർ വീസ. ഒരു ബിസിനസ് നടത്താൻ കുറെ ആളുകൾ കൂടി ചെയ്യുമ്പോൾ ഷെയർ അനുസരിച്ച് പാർട്ണർ ആകുന്നു. എന്നാൽ വീസ എടുക്കാൻ മാത്രമായി പാർട്ണറാകുന്ന തെറ്റായ പ്രവണതയും കണ്ടുവരുന്നു. ഇത് വളരെ അപകടകരമായ കാര്യമാണ്. ഇങ്ങനെ വീസയ്ക്ക് മാത്രമായി കൂട്ടുകൂടുന്നവർ ഒരിക്കലും ആ കമ്പനിയുടെ ഫിനാൻഷ്യൽ സ്റ്റാറ്റസ് എന്താണെന്ന് അന്വേഷിക്കാറില്ല. എന്താണ് ബിസിനസ്?, എന്താണ് അവരുടെ ലൈസൻസിലെ ആക്ടിവിറ്റീസ് തുടങ്ങിയ കാര്യങ്ങൾ ഒന്നുമറിയാതെ ഒരു കമ്പനിയുടെ പാർട്ണർ വീസ നേടുന്നത് പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടേക്കും. ഇതിൽ ഏറ്റവും കൂടുതൽ ചെക്ക് മടങ്ങുന്ന പ്രശ്നമാണ്. കമ്പനിയുടെ പേരിൽ കേസ് വന്നാൽ മാനേജരെയും അതു ബാധിക്കാം. ആ സമയത്ത് വീസ റദ്ദാക്കാനും സാധിക്കുകയില്ല. ഓഹരിക്ക് അനുസരിച്ചുള്ള ഉത്തരവാദിത്തം ആളുടെ പേരിലും വരുന്നു. അതേപോലെ നിങ്ങൾക്ക് വേറെ സ്ഥാപനം ഉണ്ടെങ്കിൽ ഈ കമ്പനിയുടെ ബാധ്യത അതിന്മേലും വരാൻ സാധ്യതയുണ്ട്.
അധികവും ആൾക്കാർ പാർട്ണർഷിപ്പ് വീസയുടെ ചതിയിൽപ്പെടുന്നത് പരിചയക്കാരുടെയോ സുഹൃത്തുക്കളുടെയോ നാട്ടുകാരുടെയോ പരിചയത്തിൽ പാർട്ണറാകുമ്പോഴാണ്. കൂടാതെ, ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് കോളജ്, സ്കൂൾ കൂട്ടായ്മകളിലെ പരിചയത്തിന്റെ പേരിലും കമ്പനിയുടെ പാർട്ണർ ആകുന്നു. സുഹൃത്തിൻ്റെയോ മറ്റോ കമ്പനിയെക്കുറിച്ച് ശരിയായി അന്വേഷിക്കാതെ പാർട്ണർ ആകുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്, കോളജ് കാലത്തെ സൗഹൃദ ബന്ധങ്ങൾ പുനനാരംഭിക്കുമ്പോൾ ഓർക്കുക; അവരിൽ പലരും ഇപ്പോൾ പഴയ നിഷ്കളങ്കരായ വിദ്യാർഥികൾ അല്ല. ശരിയായി അന്വേഷിക്കാതെ ഒന്നിലും ചേരാതിരിക്കുക.
∙ സമൂഹമാധ്യത്തിലൂടെ പരിചയം; പിന്നെ 'കമ്പനി'
സമൂഹമാധ്യമം വഴി പരിചയപ്പെടുന്ന നാട്ടിലുള്ള ആൾക്കാർ യുഎഇയിലുള്ള പല കമ്പനികളിലും നിക്ഷേപം നടത്തുന്ന പ്രവണതയും കണ്ടുവരുന്നു. നാട്ടിൽ നിന്ന് പണം അയച്ചുകൊടുത്താൽ പിന്നെ പാർട്ണർഷിപ്പിൻ്റെ വിവരമൊന്നും അറിയാതെ വരുമ്പോഴാണ് ഇതൊരു തട്ടിപ്പ് മാത്രമാണെന്ന് തിരിച്ചറിയുന്നത്. സോഷ്യൽ മീഡിയയിൽ കൂടി കാണുന്ന വിവരങ്ങൾ അതേപടി വിശ്വസിച്ചു നിക്ഷേപം നടത്തി സാമ്പത്തിക നഷ്ടം നേരിട്ട് യുഎഇയിൽ തിരഞ്ഞു വരുമ്പോൾ കമ്പനിയുമായി ബന്ധപ്പെട്ട ആരുമുണ്ടായിരിക്കില്ല, എന്തിന് കമ്പനി പോലുമുണ്ടാകില്ല. കൂടാതെ, കമ്പനിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തട്ടിപ്പോ മറ്റോ നടന്നിട്ടുണ്ടെങ്കിലും ഇവിടെയും ചിലപ്പോൾ നാട്ടിലും നിങ്ങളുടെ പേരിലും അത് കേസായിത്തീരും. അതേസമയം, റാക്ക് ഫ്രീ സോണിലും ദുബായ് എയർപോർട്ട് ഫ്രീ സോണിലും ഫ്രീലാൻസ് വീസ ലഭ്യമാണ്.
∙ ഇനിയും കാത്തിരിക്കരുത്
ഒരുകാര്യം കൂടി പറഞ്ഞ് നിർത്താം; പറഞ്ഞുപറഞ്ഞ് പൊതുമാപ്പ് കാലാവധി തീരും. പദവി ശരിയാക്കാനും ഔട്ട് പാസ് വാങ്ങി തിരിച്ചുപോകാനും ഉദേശിക്കുന്നവർ ഇനിയും ദിവസങ്ങളുണ്ടെന്ന് പറഞ്ഞ് കാത്തിരിക്കരുത്. ഒരുപക്ഷേ, നിങ്ങളുടെ അപേക്ഷയിന്മേലേ നടപടി വൈകിയാൽ മടങ്ങിപ്പോകാൻ കഴിയാതെ വരും. പൊതുമാപ്പിന് ശേഷം അനധികൃത താമസക്കാരെ കണ്ടെത്താൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫോൺ:+971 52 731 8377 (അഡ്വ.പ്രീത ശ്രീറാം മാധവ്).