ADVERTISEMENT

ദോഹ ∙ ഈ വാരാന്ത്യം ഖത്തറിലുള്ളവർക്ക് ആസ്വാദനങ്ങളേറെ. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രിയുടെ ഔദ്യോഗിക ഫാൻ സോൺ മിഷെറീബ് ഡൗൺ ടൗൺ ദോഹയിൽ നാളെ തുറക്കും. മിഷെറീബിലെ ബരാഹത്ത് മിഷെറീബിൽ ആണ് എഫ് വൺ ഫാൻ സോൺ തുറക്കുന്നത്. റേസ് നടക്കുന്ന 29 മുതൽ ഡിസംബർ 1 വരയാണ് ഫാൻ സോണും പ്രവർത്തിക്കുക. ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിലാണ് എഫ് വൺ മത്സരങ്ങളെങ്കിലും നഗരഹൃദയത്തിൽ വേഗപ്പോരിന്റെ ആവേശം നിറയ്ക്കുകയാണ് ഫാൻ സോണിലൂടെ ലക്ഷ്യമിടുന്നത്. കുടുംബ–സൗഹൃദ പരമായാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 

ടിക്കറ്റ് വാങ്ങാൻ കഴിയാത്തവർക്ക് 3 ദിവസം ഫാൻസോണിൽ ഇരുന്ന് സൗജന്യമായി സർക്യൂട്ടിൽ നടക്കുന്ന എല്ലാ റേസിങ് സെഷനുകളും ലൈവ് ആയി കാണാം. പ്രാക്ടീസ് സെഷനുകൾ, യോഗ്യതാ റൗണ്ട്, സ്പ്രിന്റ് റേസ്, ഞായറാഴ്ചയിലെ ഫൈനൽ എന്നിവയെല്ലാം മിഷെറീബിലെ ഭീമൻ സ്ക്രീനിൽ ആസ്വദിക്കാം. ലൈവിന് പുറമെ ഫാൻ സോണിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നിരവധി വിനോദ പരിപാടികളുമുണ്ട്. 

റേസിങ്ങിനായി സിമുലേറ്ററുകളും ആർസി കാർ ട്രാക്കും ഒപ്പം വിന്റേജ്, മോഡേൺ കാറുകളുടെ പ്രദർശനം എന്നിവയുമുണ്ടാകും. ഇതിനെല്ലാം പുറമെ കളിയാവേശം കൂട്ടാൻ ഡിജെമാരുടെ ലൈവ് പരിപാടികളുമുണ്ട്. ഉല്ലാസത്തിന് പറ്റിയ തരത്തിലുള്ള ഇരിപ്പിടങ്ങളോടു കൂടി മനോഹരമായാണ് ഫാൻ സോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഫാൻ സോണിലേക്ക് എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.

റേസിങ് നടക്കുന്ന സമയക്രമത്തിലാണ് ഫാൻസോണിന്റെ പ്രവർത്തനവും.  ട്രാക്കിൽ പ്രാക്ടീസ് സെഷൻ നടക്കുന്ന നാളെ ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 7.30 വരെ ഫാൻ സോൺ സജീവമാണ്. 30ന് യോഗ്യതാ, സ്പ്രിന്റ് റേസുകളാണ് നടക്കുക. വൈകിട്ട് 6.00 മുതൽ രാത്രി 10.00 വരെയും ഫൈനൽ റേസ് നടക്കുന്ന ഡിസംബർ 1ന് രാത്രി 8.00 മുതലുമാണ് ഫാൻ സോണിന്റെ പ്രവർത്തനം.

English Summary:

F1 Fan Zone to be Opened at Msheireb Downtown Doha From Tommorow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com