യുഎഇയിൽ ഭക്ഷണം പാഴാക്കിയാൽ കർശന നടപടി; ഭക്ഷണം പാഴാക്കില്ലെന്ന ഉറപ്പിൽ മാത്രം പൊതുചടങ്ങുകൾക്ക് അനുമതി
Mail This Article
അബുദാബി ∙ ആഘോഷങ്ങളിലും വിരുന്നുകളിലും ബാക്കി വരുന്ന ഭക്ഷ്യയോഗ്യമായ വിഭവങ്ങൾ സംഭാവന ചെയ്ത് മാലിന്യം കുറയ്ക്കണമെന്ന് അബുദാബിയിൽ സമാപിച്ച ഗ്ലോബൽ ഫുഡ് വീക്ക് ആഹ്വാനം ചെയ്തു. ഇതിനായി ഓരോ രാജ്യത്തും പ്രത്യേക സംവിധാനം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വളമാക്കി മാറ്റാനും നിർദേശിച്ചു.
പൊതുചടങ്ങുകൾ നടത്തുമ്പോൾ ഭക്ഷണം പാഴാക്കില്ലെന്ന് സംഘാടകരിൽനിന്ന് രേഖാമൂലം ഉറപ്പുവാങ്ങാനാണ് യുഎഇയുടെ പദ്ധതി. പൊതുപരിപാടിക്ക് അനുമതി ലഭിക്കണമെങ്കിൽ ഭക്ഷണം പാഴാക്കില്ലെന്നും മിച്ചം വരുന്നത് സംഭാവന ചെയ്യുമെന്നും ഉറപ്പു നൽകണം. ഇതുസംബന്ധിച്ച് യുഎഇ നാഷനൽ ഫുഡ് ലോസ് ആൻഡ് വേസ്റ്റ് ഇനിഷ്യേറ്റീവും വിവിധ വകുപ്പുകളും തമ്മിൽ കരാർ ഒപ്പിട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വിശദീകരിച്ചു.
∙ സംഘാടകർക്ക് 10 മാർഗനിർദേശങ്ങൾ
സമ്മേളനം, ഒത്തുചേരൽ, ആഘോഷം തുടങ്ങിയവയുടെ സംഘാടകർക്ക് യുഎഇ സീറോ ഫുഡ് വേസ്റ്റ് ഇവന്റ് ഗൈഡിലെ 10 മാർഗനിർദേശങ്ങൾ നൽകും. പാരിസ്ഥിതിക, പ്രതികൂല ആഘാതം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുക, ഭക്ഷ്യമാലിന്യങ്ങൾ തരം തിരിക്കുക, അവയുടെ അളവ് കണക്കാക്കുക, ഭക്ഷണം കൈകാര്യം ചെയ്യാൻ പരിചയസമ്പന്നരെ ചുമതലപ്പെടുത്തുക, ഭക്ഷണം പാഴാക്കാതിരിക്കുക, മിച്ചം വരുന്നത് വൃത്തിയായി പായ്ക്ക് ചെയ്ത് സംഭാവന ചെയ്യുക, മാലിന്യങ്ങൾ വളമാക്കാൻ നൽകുക, പ്രശ്നങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് നൽകുക.
ഇവ പാലിക്കുമെന്ന് ഉറപ്പ് നൽകുന്നവർക്കു മാത്രമേ അനുമതി നൽകൂ. നിയമലംഘനം കണ്ടെത്തുന്നതിന് നിരീക്ഷണം ഊർജിതമാക്കും. ഭക്ഷണം പാഴാക്കുന്നവർക്കുന്നവർക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ദുബായിൽ മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്ന പദ്ധതി വർഷങ്ങളായി തുടരുകയാണ്. യുഎഇ ഫുഡ് ബാങ്ക്, എമിറേറ്റ്സ് റെഡ് ക്രസന്റ് തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് വിതരണം. നിർമാണ കേന്ദ്രങ്ങൾ ഉൾപ്പെടെ കുറഞ്ഞ വരുമാനക്കാർ താമസിക്കുന്ന സ്ഥലങ്ങളിലാണ് പൊതു ഫ്രിഡ്ജുകൾ. ഇതിൽ വയ്ക്കുന്ന ഭക്ഷണം ഒരു മണിക്കൂറിനകം ഉപയോഗിക്കുന്നത് പദ്ധതിയുടെ വിജയമാണെന്ന് അധികൃതർ പറഞ്ഞു.