ആയിരങ്ങൾ സാക്ഷി; അബുദാബി സെന്റ് ജോർജ് കത്തീഡ്രൽ തുറന്നു
Mail This Article
അബുദാബി ∙ സ്തോത്രസ്തുതിഗീതങ്ങൾ ഉയർന്ന അന്തരീക്ഷത്തിൽ പുതുക്കിപ്പണിത അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു. തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിനിർത്തി നടന്ന കൂദാശയ്ക്ക് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. കൊടിമര കൂദാശയും കൊടിയേറ്റിനും ശേഷം ചാപ്പലിൽനിന്ന് ഘോഷയാത്രയായി പുതിയ കത്തീഡ്രലിൽ പ്രവേശിച്ചു. സന്ധ്യാ നമസ്കാരത്തെ തുടർന്ന് കൂദാശാ ശുശ്രൂഷയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു.
ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഏലിയാസ്, ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ചെന്നൈ ഭദ്രാസന മെത്രാപ്പൊലീത്ത, ബാംഗ്ലൂർ സഹായ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ പീലക്സിനോസ് എന്നിവർ സഹ കാർമികരായി. ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യു, സഹ വികാരി മാത്യു ജോൺ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ 25 വർഷമായി ദേവാലയത്തിൽ സേവനമനുഷ്ഠിച്ച മുൻ വികാരിമാർ, ഇതര സഭകളിലെ വികാരിമാർ, ഇത്യോപ്യ ഓർത്തഡോക്സ് സഭാ പ്രതിനിധികൾ ഉൾപ്പെടെ 3500ലേറെ പേർ ചടങ്ങിൽ പങ്കെടുത്തു.
മൂന്നിന്മേൽ കുർബാനയും പൊതുസമ്മേളനവും
ഇന്ന് രാവിലെ 6ന് രണ്ടും മൂന്നും ഭാഗങ്ങളോടൊപ്പം വിശുദ്ധ മൂന്നിന്മേൽ കുർബാനയോടുകൂടി കൂദാശ കർമങ്ങൾ പൂർത്തിയാകും. 11ന് പൊതുസമ്മേളനത്തിൽ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, സാമൂഹിക വികസന വിഭാഗം (ഡിസിഡി) ചെയർമാൻ മുഗീർ ഖമീസ് അൽ ഖൈലി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, യുഎഇ പൗരനും രാജകുടുംബത്തിന്റെ ഡോക്ടറും അൽഐൻ ഡിസ്ട്രിക്ട് മുൻ മെഡിക്കൽ ഡയറക്ടറുമായ ഡോ. ജോർജ് മാത്യു, മെറിലാൻഡ് ഇന്റർനാഷനൽ സ്കൂൾ സ്ഥാപക ഡോ. സുശീല ജോർജ് തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കും.
വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിച്ച ദേവാലയത്തിൽ മദ്ബഹാ, യേശുക്രിസ്തുവിന്റെ ചരിത്രം, അത്ഭുതങ്ങൾ, ഉപമകൾ എന്നിവ ചിത്രീകരിച്ച ഐക്കണുകൾ, പൗരാണിക പാരമ്പര്യത്തെ ഓർമിപ്പിക്കുന്ന നാടകശാല എന്നിവയാണ് പ്രധാന ആകർഷണം. ക്രിസ്തുവിന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയും പരസ്യജീവിത കാലത്തു നടത്തിയ അത്ഭുതങ്ങൾ, ഉപമകൾ എന്നിവയും ദേവാലയത്തിനു ചുറ്റുമുള്ള ഗ്ലാസുകളിൽ ചിത്രീകരിച്ചിട്ടുണ്ട്. 1.5 കോടി ദിർഹം ചെലവിൽ പണിതുയർത്തിയ ദേവാലയത്തിൽ ഒരേസമയം 2000 പേർക്ക് പ്രാർഥിക്കാം. യുഎഇയിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നാണിത്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ സ്ഥലം അനുവദിച്ച് അദ്ദേഹം തന്നെ ശിലയിട്ട ദേവാലയത്തിൽ 1971 ഡിസംബർ ഒന്നിന് ആദ്യ പ്രാർഥന തുടങ്ങിയിട്ട് നാളെ 53 വർഷം പിന്നിടുന്ന വേളയിലാണ് രാജ്യത്തെ ഏറ്റവും വലിയ ആരാധനാലയത്തിൽ നാളെ ആദ്യകുർബാന അർപ്പിക്കുക.
കത്തീഡ്രൽ ഇനി തീർഥാടന കേന്ദ്രം
അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിനെ തീർഥാടന കേന്ദ്രമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു. ജാതി, മത ഭേദമന്യെ ഏവർക്കും ഏതുസമയത്തും ദേവാലയത്തിലെത്തി പ്രാർഥിക്കാൻ അവസരമൊരുക്കും. എന്നാൽ കത്തീഡ്രലിലെ പതിവ് ആരാധനകൾ അംഗങ്ങൾക്കു മാത്രമായിരിക്കും. ജോലിത്തിരക്കിലും മറ്റും പെട്ട് യഥാസമയമെത്തി പ്രാർഥിക്കാൻ സാധിക്കാത്തവർക്ക് തീർഥാടന കേന്ദ്ര പ്രഖ്യാപനം ആശ്വാസമാകും.