മ്മടെ പൂരാവേശത്തിന് ഇനി രണ്ടുനാൾ മാത്രം
Mail This Article
ദുബായ് ∙ പൂരം കൊടിയേറാൻ ഇനി രണ്ടു നാൾ. ദുബായിയെ ഇളക്കി മറിക്കുന്ന താളം മുറുകാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. ഇത്തിസലാത്ത് അക്കാദമിയിൽ ഡിസംബർ 2ന് രാവിലെ പൂരം തുടങ്ങും. ടിക്കറ്റിന് platinumlist.com സൈറ്റിലൂടെ ബുക്ക് ചെയ്യാം. ടിക്കറ്റ് വിൽപനയുടെ മൂന്നാം ഘട്ടത്തിന് ഇന്നു തുടക്കമാകും. ഒരാൾക്ക് 99 ദിർഹവും 4 പേർക്കു 349 ദിർഹവും 10 പേർക്കുള്ള ടിക്കറ്റിന് 849 ദിർഹവുമാണ് പുതിയ നിരക്ക്.
‘മ്മടെ തൃശൂർ’ യുഎഇ, ഇക്വിറ്റി പ്ലസ് എന്നിവർ ചേർന്നൊരുക്കുന്ന പൂരത്തിൽ മലയാള മനോരമ ഒരുക്കുന്ന ഫോട്ടോ എക്സിബിഷനും ഉണ്ടാകും. തൃശൂർ പൂരത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. വിധു പ്രതാപ്, അപർണ ബാലമുരളി, ശ്രീരാഗ് ഭരതൻ എന്നിവരുടെ ലൈവ് മ്യൂസിക്കൽ നൈറ്റും ഒരുക്കിയിട്ടുണ്ടെന്ന് ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ ജൂബി കുരുവിള പറഞ്ഞു.
അഗ്നി ബാൻഡിന്റെ പ്രകടനവും, ജെഎം ഫൈവിന്റെ ഡിജെയും പൂരപ്പറമ്പിൽ ചടുലതാളമൊരുക്കും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള രുചിവൈവിധ്യങ്ങൾ സമ്മേളിക്കുന്ന ‘പൂരം ഫുഡ് അടി ഫെസ്റ്റും’ ഇത്തവണത്തെ ആകർഷണമാണെന്ന് അദ്ദേഹം പറഞ്ഞു. 2ന് രാവിലെ 8 മുതൽ രാത്രി 11 വരെ നീളുന്ന പൂരം 5 പുത്തൻ പ്രത്യേകതകളുമായാണ് എത്തുന്നതെന്ന് ‘മ്മടെ തൃശൂർ പൂരം’ യുഎഇ പ്രസിഡന്റ് അനൂപ് അനിൽ ദേവൻ പറഞ്ഞു. മച്ചാട് മാമാങ്കം, 5 ഗജവീരന്മാരുടെ റോബട്ടിക് മാതൃകകൾ എന്നിവയുണ്ടാകും.
കൂടാതെ ഇലഞ്ഞിത്തറ മേളം, പഞ്ചാരി മേളം, പഞ്ചവാദ്യം, നാഗസ്വരമേളം, ശിങ്കാരിമേളം എന്നീ അഞ്ച് മേളങ്ങളുടെ പെരുക്കവും കാണാം. ഇത്തവണ ആനച്ചമയ പ്രദർശനവും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
കുടമാറ്റത്തിന് തൃശൂർ പൂരത്തിൽ ഉപയോഗിക്കുന്ന കുടകൾ തന്നെയാണ് എത്തുന്നത്. നൂറോളം കലാകാരന്മാർ അണിനിരക്കുന്ന ഇലഞ്ഞിത്തറമേളത്തിന് കിഴക്കൂട്ട് അനിയൻ മാരാരും പഞ്ചാരിമേളത്തിന് ചേരാനെല്ലൂർ ശങ്കരൻ കുട്ടി മാരാരും നേതൃത്വം നൽകും. മഠത്തിൽ വരവ് പഞ്ചവാദ്യമൊരുക്കുക പറക്കാട് തങ്കപ്പൻ മാരാരും സംഘവുമാണ്. നാദസ്വരമേളത്തിന് കോട്ടപ്പടി സുരേന്ദ്രനും സംഘവുമാണ് എത്തുന്നത്.