സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ യുറേഷ്യൻ ഗ്രൂപ്പിൽ യുഎഇക്ക് നിരീക്ഷക പദവി
Mail This Article
അബുദാബി ∙ കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് ധനസഹായം നൽകുന്നതും തടയുന്നതിനുള്ള യുറേഷ്യൻ ഗ്രൂപ്പിൽ (ഇഎജി) യുഎഇയ്ക്ക് നിരീക്ഷക പദവി. സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടാനുള്ള രാജ്യാന്തര ശ്രമങ്ങളിൽ യുഎഇയുടെ സജീവ പങ്ക് അടിവരയിടുന്നതാണിത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതു സംബന്ധിച്ച ഏഷ്യ-പസഫിക് ഗ്രൂപ്പിന്റെ (എപിജി) നിരീക്ഷക പദവിയും യുഎഇ വഹിക്കുന്നുണ്ട്.
കൂടാതെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിലും (മേന എഫ്എടിഎഫ്) അംഗമാണ് യുഎഇ. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യുറേഷ്യൻ ഗ്രൂപ്പ് അംഗരാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ യുഎഇയ്ക്ക് നിരീക്ഷക പദവി സഹായകമാകും.
യുഎഇയ്ക്ക് ഈ പദവി നൽകാനുള്ള യുറേഷ്യൻ ഗ്രൂപ്പ് ജനറൽ പ്ലീനറിയുടെ തീരുമാനത്തെ യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ സ്വാഗതം ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെറുക്കാനുള്ള നടപടികൾ രാജ്യാന്തര തലത്തിൽ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.