യുഎഇയിലെ തേക്കിൻകാട് മൈതാനത്ത് ആവേശം, ആഘോഷം
Mail This Article
ദുബായ് ∙ അണമുറിയാതെ ഒഴുകിയെത്തിയ പൂരപ്രേമികളെ ആവേശത്തിലാറാടിച്ച് ‘മ്മടെ പൂരം’.തേക്കിൻകാട് മൈതാനത്തെയും വടക്കുംനാഥ ക്ഷേത്രത്തെയും പുനഃസൃഷ്ടിച്ച് യുഎഇ തൃശൂർ പൂരം അറിഞ്ഞ് ആസ്വദിച്ചു. നെറ്റിപ്പട്ടം ചാർത്തി, വെഞ്ചാമരം വീശി, ആലവട്ടത്തിന്റെ അലങ്കാരങ്ങളോടെ തിടമ്പേറ്റിയ കൊമ്പന്മാർ. വർണ വിസ്മയം തീർത്ത കുടമാറ്റം, സിരകളിൽ ആവേശത്തിന്റെ ചടുലതാളം നിറച്ച മേളക്കാർ... മലയാളിയുടെ ഗൃഹാതുരതയ്ക്കു മേൽ അക്ഷരാർഥത്തിൽ പൂരം പെയ്തിറങ്ങി. മ്മടെ തൃശൂർ യുഎഇയും ഇക്വിറ്റി പ്ലസും ചേർന്നാണ് പൂരം യാഥാർഥ്യമാക്കിയത്.
ഇന്നലെ രാവിലെ പൂരം കൊടിയേറും മുൻപേ ദുബായ് ഇത്തിസലാത്ത് അക്കാദമി മൈതാനം പൂരപ്പറമ്പായി മാറിയിരുന്നു. കേളികൊട്ടും കാവടി പൂജയും മച്ചാട് മാമാങ്കവും കുതിര പൂജയുമായിരുന്നു പിന്നീട്.
ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പഞ്ചാരി മേളം തുടങ്ങിയതോടെ പൂരം കൊട്ടിക്കയറി. മഠത്തിൽ വരവിനൊപ്പം പറക്കാട് തങ്കപ്പൻ മാരാരും സംഘവും നേതൃത്വം നൽകുന്ന പഞ്ചവാദ്യവും ആരംഭിച്ചതോടെ പ്രവാസികൾ പൂരാവേശത്തിലായി.
കോട്ടപ്പടി സുരേന്ദ്രനും സംഘവും നേതൃത്വം നൽകിയ നാഗസ്വര മേളവും കാവടിയാട്ടവും കാഴ്ചക്കാരെ തേക്കിൻകാട് മൈതാനത്തേക്ക് കൂട്ടിക്കൊണ്ടു പോയി. മച്ചാട് മാമാങ്കം, കുതിര വരവ്, കാളകളി, ശിങ്കാരി മേളം എന്നിവയും കണ്ണിനും കാതിനും വിരുന്നൊരുക്കി.
ഉച്ചയ്ക്കുശേഷം ഇലഞ്ഞിത്തറ മേളം തുടങ്ങിയതോടെ കാണികളുടെ ആവേശം എല്ലാ അതിരുകളും കടന്നു. കിഴക്കോട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 100 കലാകാരന്മാരാണ് അണിനിരന്നത്. പരമ്പരാഗത കലാരൂപങ്ങളും, റോബട്ടിക് ആനകളും, പഞ്ചവാദ്യവും അണിനിരന്ന ഘോഷയാത്രയും നടന്നു.
തുടർന്ന് അഗ്നി ബാൻഡിന്റെ മ്യൂസിക് ഷോ ആരംഭിച്ചു. പിന്നാലെ, പൂരപ്പറമ്പിൽ സംഗീത ചടുല താളം നിറച്ച് വിധു പ്രതാപും അപർണ ബാലമുരളിയും ശ്രീരാഗ് ഭരതനും മ്യൂസിക്ക് ഷോയുമായെത്തി. ജെഎം ഫൈവിന്റെ ത്രസിപ്പിക്കുന്ന ഡിജെ ഷോയോടെയാണ് പൂരത്തിന് സമാപനമായത്.
∙ ചരിത്രക്കാഴ്ചയൊരുക്കി മലയാള മനോരമ
പ്രവാസ ലോകത്തെ പൂരപ്പറമ്പിൽ തൃശൂർ പൂരത്തിന്റെ അവിസ്മരണീയ കാഴ്ചകൾ സമ്മാനിച്ചു മലയാള മനോരമയുടെ ഫോട്ടോ എക്സിബിഷൻ. 6 പതിറ്റാണ്ടിനു മുൻപുള്ള പൂരം മുതൽ ഈ വർഷത്തെ പൂരത്തിന്റെ വരെയുള്ള അതിമനോഹര ഫോട്ടോകളാണ് എക്സിബിഷനിൽ ഉണ്ടായിരുന്നത്.
ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ പൂരക്കാഴ്ചയും ഇന്നത്തെ പൂരക്കാഴ്ചയും കൗതുകത്തോടെ വീക്ഷിക്കാൻ ആയിരങ്ങളാണ് എക്സിബിഷനിൽ എത്തിയത്.
അര നൂറ്റാണ്ട് മുൻപുള്ള പൂരം വാർത്തകൾ പ്രസിദ്ധീകരിച്ച പത്രങ്ങളും കാഴ്ചക്കാർക്ക് കൗതുകത്തിന്റെ വിരുന്നൊരുക്കി. ഫോട്ടോ എക്സിബിഷൻ നടൻ കൈലാഷ് ഉദ്ഘാടനം ചെയ്തു. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ ജുബി കുരുവിള, മ്മടെ തൃശൂർ പ്രസിഡന്റ് അനൂപ് അനിൽ ദേവൻ, മലയാള മനോരമ യുഎഇ ബ്യൂറോ ചീഫ് മിന്റു പി. ജേക്കബ്, ഇന്റഗ്രേറ്റഡ് അഡ്വർടൈസിങ് സർവീസസ് മീഡിയ വൈസ് പ്രസിഡന്റ് ആദർശ് റിയോ ജോർജ്, സുനിൽ കഞ്ചൻ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.