ADVERTISEMENT

ദോഹ ∙ യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് ഖത്തർ എയർവേയ്‌സിന്‍റെ പ്രഥമ പരിഗണനയെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ്  സിഇഒ ബദർ മുഹമ്മദ് അൽ മീർ. ദോഹ ഫോറം 2024 ന്‍റെ ഭാഗമായി 'ന്യൂസ് മേക്കർ' ചർച്ചാ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ദിനം ഏകദേശം 300 വിമാനങ്ങളാണ് ഖത്തർ എയർവേസ് ഓപ്പറേറ്റ് ചെയ്യുന്നത്. പ്രതിദിനം രണ്ട് ലക്ഷം പേർ അത് ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ യാത്രക്കാരുടെ സുരക്ഷ, ഉപഭോക്തൃ സേവനം എന്നിവയിൽ കമ്പനി വളരെയധികം ശ്രദ്ധിക്കുന്നു.

യാത്രക്കാർക്ക് മികച്ച അനുഭവം നൽകാൻ സാങ്കേതികവിദ്യയിലും സ്ഥാപനത്തിന്‍റെ ഭൗതികസൗകര്യങ്ങളിലും കാലാനുസൃതമായ വളർച്ച കൈവരിക്കണം. അതിനൂതനമായ സാങ്കേതിക വികസനം കൈവരിക്കുന്നതിന് ഖത്തർ എയർവേസ് വലിയ പരിഗണന നൽകാറുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ സ്റ്റാർലിങ്ക് വയർലെസ് ഇന്‍റർനെറ്റ് കണക്ഷൻ സേവനമുള്ള ലോകത്തിലെ ആദ്യത്തെ ബോയിങ് 777 കാരിയർ ഖത്തർ എയർ വേസ് പുറത്തിറക്കി. ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് ഇന്‍റർനെറ്റ് സൗകര്യം നൽകുക എന്നതായിരുന്നു ലക്ഷ്യം. ഈ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഈ വർഷം അവസാനത്തോടെ 14 വിമാനങ്ങളിൽ ഈ സേവനം ലഭ്യമാക്കും. അടുത്ത വർഷം മേയ് മാസത്തിൽ 60 വിമാനങ്ങളിൽ ഈ സേവനം ലഭ്യമാകും. ശേഷം, ഈ സേവനം എല്ലാ ഖത്തർ എയർവേയ്‌സ് ഫ്ലീറ്റിലും ലഭ്യമാകും.

ഉപഭോക്താക്കളെ ആകർഷിക്കാൻ മികച്ച രീതിയിലുള്ള പ്രമോഷനുകളാണ് കമ്പനി നടത്തുന്നത്. സമൂഹ മാധ്യമങ്ങളും നൂതനമായ പ്രചാരണ രീതികളും ഉപയോഗപ്പെടുത്തുന്നു. പുതുതലമുറയെ ആകർഷിക്കാനും അവരിൽ കൂടുതൽ യാത്രചെയ്യാനുള്ള പ്രചോദനം സൃഷ്ടിക്കാനുമുള്ള രീതിയാണ് സ്വീകരിക്കുന്നത്.

ജീവനക്കാരുടെ കാര്യത്തിലും വലിയ ശ്രദ്ധയാണ് കമ്പനി നൽകുന്നത്. അവർക്ക് നവീനമായ തൊഴിൽ അന്തരീക്ഷം ഉണ്ടാക്കുന്നതിലും കാലോചിതമായ പരിശീലനങ്ങൾ നൽകുന്നതിലും ശ്രദ്ധിക്കാറുണ്ട്.

ഇന്ന് ഖത്തർ എയർവേയ്‌സ് ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ, ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം, ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ മാർക്കറ്റ് എന്ന നിലയിൽ വളർന്നിരിക്കുന്നു. അത്തരമൊരു പദവി നിലനിർത്തുക എളുപ്പമല്ല. തികഞ്ഞ ശ്രദ്ധയോടെ മുന്നോട്ട് പോയാൽ മാത്രമേ അത് സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Two lakh people travel on Qatar Airways: CEO - Doha Forum 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com