56 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഖാദർ ഹാജി നാട്ടിലേക്ക്; ഹോട്ടൽ ജീവനക്കാരനായെത്തി വിവിധ സ്ഥാപനങ്ങളുടെ ഉടമയായ മലയാളി
ദോഹ ∙ ചിലപ്പോൾ ചിലത് ശരിയാകും, ചിലപ്പോൾ ചിലത് ശരിയാകില്ല. എന്നാൽ ശരിയായ പ്രവാസ ജീവിതതിന്റെ വർത്തമാനമാണ് ഹറമൈൻ ഖാദർ ഹാജിക്ക് പറയാനുള്ളത്.
ദോഹ ∙ ചിലപ്പോൾ ചിലത് ശരിയാകും, ചിലപ്പോൾ ചിലത് ശരിയാകില്ല. എന്നാൽ ശരിയായ പ്രവാസ ജീവിതതിന്റെ വർത്തമാനമാണ് ഹറമൈൻ ഖാദർ ഹാജിക്ക് പറയാനുള്ളത്.
ദോഹ ∙ ചിലപ്പോൾ ചിലത് ശരിയാകും, ചിലപ്പോൾ ചിലത് ശരിയാകില്ല. എന്നാൽ ശരിയായ പ്രവാസ ജീവിതതിന്റെ വർത്തമാനമാണ് ഹറമൈൻ ഖാദർ ഹാജിക്ക് പറയാനുള്ളത്.
ദോഹ ∙ ചിലപ്പോൾ ചിലത് ശരിയാകും, ചിലപ്പോൾ ചിലത് ശരിയാകില്ല. എന്നാൽ ശരിയായ പ്രവാസ ജീവിതതിന്റെ വർത്തമാനമാണ് ഹറമൈൻ ഖാദർ ഹാജിക്ക് പറയാനുള്ളത്. ഒരു പുരുഷായുസ്സ് മുഴുവൻ പ്രവാസത്തിന്റെ സന്തോഷവും സന്താപവും പങ്കിട്ട കണ്ണൂർ അഞ്ചരക്കണ്ടി മാമ്പ സ്വദേശി ടി. വി. അബ്ദുൽ ഖാദർ ഹാജി എന്ന ഹറമൈൻ ഖാദർ ഹാജി പ്രവാസത്തോട് വിട പറയുന്നു.
പതിനഞ്ചാം വയസിൽ നാടുവിട്ട ഖാദർ ഹാജി മുംബൈ പ്രവാസത്തിന് ശേഷം 1968 ൽ തന്റെ പത്തൊൻപതാം വയസിലാണ് കടൽ കടന്ന് ഖത്തറിൽ എത്തുന്നത്. ഗൾഫ് സ്വപ്നങ്ങൾ മലയാളക്കരയിൽ മൊട്ടിടുന്ന കാലത്തു തന്നെ ഗൾഫ് എന്ന മോഹം യാഥാർഥ്യമാക്കിയ അപൂർവം ചിലരിൽ ഒരാളായിരുന്നു ഖാദർ ഹാജി. ഒരു ഹോട്ടൽ ജീവനക്കാരനായി ഖത്തറിലെത്തിയ അദ്ദേഹം കഠിന പ്രയത്നത്തിലൂടെ ബിസിനസ് രംഗത്ത് കടന്നു വരികയും പിന്നീട് വിവിധ സ്ഥാപനങ്ങളുടെ ഉടമയായി മാറുകയും ചെയ്തു. 56 വർഷത്തെ പ്രവാസം അവസാനിപ്പിക്കുമ്പോൾ നിറഞ്ഞ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് ഖാദർ ഹാജി നാട്ടിലേക്ക് മടങ്ങുന്നത്.
മുംബൈയിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കച്ചവടം നടത്തിയിരുന്ന ഖാദർ ഹാജിക്ക് കുടുംബ സുഹൃത്തുകൂടിയായ ഖത്തറിലെ കമലിയ ഹോട്ടൽ ഉടമ മുഹമ്മദ് ഹാജിയാണ് വീസ നൽകിയത്. ദ്വാരക കപ്പൽ സർവീസിൽ ഖത്തറിലേക്ക് എത്തിയത് മനസിൽ ഒരുപിടി മോഹങ്ങളുമായിട്ടായിരുന്നു. ഏഴു ദിവസം നീണ്ടുനിന്ന കപ്പൽ യാത്ര പ്രതിസന്ധി നിറഞ്ഞതായിരുന്നുവെന്ന് ഖാദർ ഹാജി ഓർക്കുന്നു. പരിചയമില്ലാത്ത യാത്ര, തികച്ചും പ്രതികൂലമായ കാലാവസ്ഥ, ഓരോ രാത്രിയും കണ്ണടച്ചാൽ പേടിപ്പെടുത്തുന്ന ദുസ്വപ്നങ്ങൾ, ആരെയും ബന്ധപെടാൻ ഒരു സംവിധാനവും ഇല്ലാത്ത ദിനരാത്രങ്ങൾ ഇന്നത്തെ കാലത്തു ഇത്തരമൊരു യാത്ര ഓർക്കാൻ പോലും സാധ്യമെല്ലെന്ന് ഖാദർ ഹാജി പറയുന്നു.
ഖത്തറിന്റെ കടൽ തീരത്തോട് കപ്പൽ അടുപ്പിക്കാൻ അന്ന് സൗകര്യം ഉണ്ടായിരുന്നില്ല. നടുക്കടലിലെ കപ്പലിൽ നിന്നും കൊച്ചു ബോട്ടുകളിലാണ് ദോഹ കോർണീഷിലേയ്ക്ക് യാത്രക്കാരെ എത്തിച്ചത്. അവിടെ നിന്ന് അൽ ബിദയിലെ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി. രണ്ടാം നാൾ തന്നെ സൂഖ് വാഖിഫിൽ പ്രവർത്തിക്കുന്ന കമാലിയ ഹോട്ടൽ ജോലിയിൽ പ്രവേശിച്ച ഹാജി മൂന്ന് വർഷത്തോളം അവിടെ വെയ്റ്റർ ആയി ജോലി ചെയ്തു. പിന്നീട് കുറച്ചുകാലം ഇന്നത്തെ മാരിയറ്റ് ഹോട്ടലായ ഗൾഫ് ഹോട്ടലിൽ ജോലിചെയ്തു. അവിടെ നിന്നാണ് ഹാജി സുഹൃത്തുക്കളെയും ബന്ധുക്കളെയും ഖത്തറിൽ എത്തിച്ച് സ്വന്തമായി ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നത്.
ഒരു കാലത്ത് ഖത്തറിലെ മലയാളികളുടെ കേന്ദ്രമായ ശാരകർബയിൽ തന്റെ സഹോദരനെയും കൂട്ടി അൽ ഹറമൈൻ റസ്റ്ററന്റ് ആരംഭിച്ചാണ് ഹാജി കച്ചവടത്തിന്റെ ആദ്യാക്ഷരം കുറിക്കുന്നത്. തുടർന്ന് തൊട്ടടുത്തുതന്നെ അൽ ഹറമൈൻ കോൾഡ് സ്റ്റോർ (ഇന്നത്തെ സൂപ്പർമാർക്കറ്റ് ) ആരംഭിച്ചു. പിന്നീട് ടെക്സ്റ്റൈലുകൾ, റസ്റ്ററന്റുകൾ തുടങ്ങി ബിസിനസ് വിപുലമായി. പ്രവാസികൾക്കിടയിൽ ഹറമൈൻ ഖാദർഹാജി എന്ന പേരിലാണ് അറിയപ്പെട്ടു തുടങ്ങിയത്. സ്വദേശികളുമായുള്ള ഇടപാടുകളിൽ ഒരു പ്രയാസവും നേരിട്ടിട്ടില്ലെന്നും ഹാജി ഓർത്തെടുക്കുന്നു. അവരുമായി ഇപ്പോഴും നല്ല ബന്ധം തുടരുന്നുണ്ട്.
ദോഹ വികസനത്തിന്റെ ഭാഗമായി ശരകാർബയിലെ കച്ചവട സ്ഥാപനങ്ങൾ നഷ്ടപെട്ടത് ഏറെ ദുഃഖത്തോടെയാണ് ഹാജി ഓർക്കുന്നത്. മാന്യമായ നഷ്ടപരിഹാരം സർക്കാരിൽ നിന്നും കാലതാമസമില്ലാതെ കിട്ടിയെങ്കിലും ശരകാർബയുടെ പഴയ മുഖം മാറിയത് പ്രവാസത്തിലെ വലിയ നഷ്ടമാണെന്നു ഹാജി പറഞ്ഞു. ദിവസവും നൂറുക്കണക്കിന് മലയാളികൾ ഒത്തുചേർന്ന് രാഷ്ട്രീയം മുതൽ പ്രവാസം വരെ ചർച്ച ചെയ്യുന്ന വൈകുന്നേരങ്ങളാണ് ഇതിലൂടെ നഷ്ടമായതെന്ന് ഹാജി ഓർത്തെടുക്കുന്നു.
ഇന്നത്തെ പ്രവാസത്തിന്റെ സൗകര്യങ്ങളോട് ആദ്യകാല സൗകര്യങ്ങളെ താരതമ്യം ചെയ്യാൻ സാധ്യമല്ല. ഹാജി നാട്ടിലേക്ക് മടങ്ങുകയാണെങ്കിലും ബിസിനസ് സംരംഭങ്ങൾ മക്കളെ ഏൽപിച്ചാണ് മടക്കം. നാല് ആണ്മക്കളിൽ മൂന്ന് പേർ ഖത്തറിലാണ്. ഒരാൾ ഒമാനിലും. മൂന്ന് പെൺമക്കളും അവരുടെ ഭർത്താക്കന്മാരും നാട്ടിലാണ്.
പ്രവാസജീവിതം സാമൂഹിക പ്രവർത്തനത്തിനും ഉപയോഗപെടുത്തി എന്ന സംതൃപ്തികൂടി പങ്കുവെച്ചാണ് ഹാജിയുടെ മടക്കം. കെഎംഎംസിയുടെ സംസ്ഥാന, ജില്ല തലങ്ങളിൽ പ്രവർത്തിച്ചിരുന്ന ഹാജി കേരള ഇസ്ലാമിക സെന്റർ, സുന്നി സെന്റർ തുടങ്ങിയ സംവിധാങ്ങളുമായും ചേർന്ന് പ്രവർത്തിച്ചിരുന്നു. ഒട്ടനവധി ജീവകരുണ്യ പ്രവർത്തങ്ങൾക്ക് നേതൃത്വം വഹിക്കാനും അവസരം ലഭിച്ചു.
ഹാജി ചെയർമാനായുള്ള ചക്കരക്കല്ലിൽ പ്രവർത്തിക്കുന്ന സിഎച്ച് സെന്റർ കേന്ദ്രവുമായി കിടപ്പ് രോഗികളെ ശുശ്രൂഷിക്കുന്ന പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അതിനായി പുതിയ കെട്ടിടം പണിയുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രവാസി സമൂഹത്തിന് വലിയ പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടില്ലെന്നും പ്രവാസത്തിന്റെ സൗകരൃങ്ങളും ജീവിത സംസ്ക്കാരവും നാടിന്റെ നന്മക്ക് ഉപയോഗപ്പെടുത്തണമെന്നുമാണ് ഖാദർ ഹാജിക്ക് പുതുതലമുറയോട് പറയാനുള്ളത്.
56 വർഷം മുൻപ് കാറ്റും കോളുമുള്ള കപ്പലിൽ കടൽ കടന്നെത്തിയ ഹാജി ഇന്ന് പ്രവാസം മതിയാക്കി കണ്ണൂരിലേക്ക് വിമാനത്തിൽ മടങ്ങുകയാണ്. ഒരു നാടിന്റെ വളർച്ചയും പുരോഗതിയും പ്രവാസി മലയാളത്തിന്റെ വരവും വളർച്ചയുമെല്ലാം നേരിൽ കണ്ട ഹാജിയെ പോലുള്ളവരുടെ ഓർമകളാണ് പ്രവാസത്തിന്റെ യഥാർഥ ചരിത്രം. എന്നാൽ ഇത്തരം ഓർമ്മകൾ മഷി പുരണ്ട് വരും തലമുറക്ക് അറിയാനുള്ള അവസരങ്ങളായി മാറുന്നില്ല എന്നത് ഏറെ ദുഃഖകരം തന്നെ.