ദുബായിലെ പുതുവർഷാഘോഷം; വെള്ളത്തിൽ കറങ്ങാം, കളറായി തുടങ്ങാം
Mail This Article
ദുബായ് ∙ പുതുവർഷം വെള്ളത്തിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ് ആർടിഎ ഇഷ്ടംപോലെ ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആർടിഎയുടെ ജലഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പുതുവർഷ രാത്രി മുഴുവൻ വെള്ളത്തിൽ കറങ്ങിനടക്കാനുള്ള സൗകര്യമാണ് പ്രധാനം.
വിവിധ മേഖലകളിലെ വെടിക്കെട്ട് അടക്കമുള്ള ആഘോഷങ്ങൾ നേരിൽ കാണാനുമാകും. ബുർജ് ഖലീഫ, ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസ്, ബ്ലൂവാട്ടേഴ്സ്, ജുമൈറ ബീച്ച് ടവേഴ്സ് തുടങ്ങിയ മേഖലകളിലൂടെയാണ് വാട്ടർ ട്രാൻസ്പോർട്ട് സർവീസ്.
ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവ പുതുവർഷ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മറീന മാൾ സ്റ്റേഷൻ, അൽ ഗുബൈബ, ബ്ലുവാട്ടേഴ്സ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് ഫെറി സർവീസ് ആരംഭിക്കുന്നത്. രാത്രി 10– 10.30ന് ആരംഭിക്കുന്ന ഫെറി സർവീസ് രാത്രി 1.30ന് അവസാനിക്കും. മുതിർന്നവർക്ക് സിൽവർ ക്ലാസിൽ 350 ദിർഹവും ഗോൾഡ് ക്ലാസിൽ 525 ദിർഹവുമാണ് നിരക്ക്.
2– 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 ദിർഹം ഡിസ്കൗണ്ട് ലഭിക്കും. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാം. മറീന മാൾ സ്റ്റേഷനിൽ നിന്നാണ് വാട്ടർ ടാക്സി ആരംഭിക്കുന്നത്. 3,750 ദിർഹത്തിന് വാട്ടർ ടാക്സി ചാർട്ടർ ചെയ്യാം. അബ്ര സർവീസുകൾ, ജദ്ദാഫ്, അൽ ഫഹിദി, അൽ ഗുബൈബ, മറീന മാൾ സ്റ്റേഷനിൽ നിന്ന് ആരംഭിക്കും. ഒരാൾക്ക് 150 ദിർഹമാണ് ഫീസ്. 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം.
കൂടുതൽ വിവരങ്ങൾക്ക്: 8009090, marinebooking@rta.ae.