ബിഗ് ടിക്കറ്റ്: മലയാളികളെ തേടി വീണ്ടും ഭാഗ്യം; ബെംഗളൂരു സ്വദേശിയുൾപ്പെടെയുള്ളവർക്ക് ലഭിച്ചത് 50 ലക്ഷത്തിലധികം രൂപ
Mail This Article
അബുദാബി ∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളെ തേടി വീണ്ടും ഭാഗ്യമെത്തി. ബിഗ് ടിക്കറ്റ് 269 സീരീസ് നറുക്കെടുപ്പിൽ മലയാളികളടക്കം ഒട്ടേറെ പേർക്ക് ആകെ 68 ലക്ഷത്തിലേറെ രൂപ (2,95,000 ദിർഹം) സമ്മാനം ലഭിച്ചു.
മലയാളികളായ അബ്ദുൽ നാസറിന് (49) 23 ലക്ഷത്തിലേറെ രൂപയും (ഒരു ലക്ഷം ദിർഹം) ആകാശ് രാജിന് 16 ലക്ഷത്തിലേറെ രൂപയും (70,000 ദിർഹം) ബെംഗളൂരു സ്വദേശി മുഹമ്മദ് ഹനീഫിന് 17 ലക്ഷത്തിലേറെ രൂപയും (75,000 ദിർഹം) സമ്മാനം ലഭിച്ചു. കൂടാതെ, ബംഗ്ലാദേശ് സ്വദേശി എം.ഡി.മെഹ്ദിക്ക് അരലക്ഷം ദിർഹവും ലഭിച്ചു.
2012 മുതൽ ദുബായിലെ സ്വർണക്കടയിൽ ജോലി ചെയ്യുന്ന അബ്ദുൽ നാസർ കഴിഞ്ഞ മൂന്ന് വർഷമായി 19 സുഹൃത്തുക്കളുമായി ചേർന്ന് നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. ദുബായിലെ ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുന്ന ആകാശ് രാജ് കഴിഞ്ഞ 4 വർഷമായി 10 കൂട്ടുകാരോടൊപ്പം ഭാഗ്യ പരീക്ഷണം നടത്തുന്നു. കഴിഞ്ഞ 15 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഹനീഫ് താൻ യുഎഇയിലെത്തിയതു മുതൽ എല്ലാമാസവും ടിക്കറ്റെടുക്കുന്നതായി പറഞ്ഞു. സമ്മാനത്തുക എല്ലാവരുമായും പങ്കിടാനാണ് ജേതാക്കളുടെ തീരുമാനം.