വീട്ടുജോലിക്കാരെ വാഗ്ദാനം ചെയ്യും; പണം കിട്ടിയാലുടൻ രാജ്യം വിടും: പുതിയ കെണിയുമായി തട്ടിപ്പുകാർ വീണ്ടും
Mail This Article
ദുബായ് ∙ കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെ നൽകാമെന്ന പേരിൽ പുതിയ തട്ടിപ്പ്. ഗാർഹിക തൊഴിലാളികളെ ആവശ്യപ്പെടുന്നവരിൽ നിന്നു പണം തട്ടി മുങ്ങുന്നതാണ് രീതി. മുൻപ് റിക്രൂട്ടിങ് സ്ഥാപനങ്ങളിൽ ജോലി ചെയ്തു പരിചയമുള്ളവരാണ് തട്ടിപ്പിനു പിന്നിലെന്നാണ് വിവരം. ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നാണ് ആവശ്യക്കാരുടെ ഫോൺ നമ്പരും വിലാസവും ശേഖരിച്ചിരിക്കുന്നത്. അംഗീകൃത റിക്രൂട്ടിങ് ഏജൻസികളുടെ എല്ലാ നടപടികളും അറിയാവുന്നതിനാൽ ഇവർക്ക് ആളുകളെ പറ്റിക്കാൻ എളുപ്പമാണ്.
നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റിക്രൂട്ടിങ് ഏജൻസികളുടെ പേരും ഇവർ ദുരുപയോഗം ചെയ്യുന്നുണ്ട്. പണം കൈമാറിയ ശേഷം, വീട്ടുജോലിക്കാരെ കിട്ടാതായതോടെയാണ് പലരും തട്ടിപ്പിന് ഇരയായത് അറിയുന്നത്. വിവരം അന്വേഷിക്കാൻ റിക്രൂട്ടിങ് ഏജൻസികളിൽ എത്തിയപ്പോൾ അവിടെയുള്ളവർ കൈ മലർത്തിയതോടെയാണ് പുതിയ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു വന്നത്.
പണം അയച്ചത് വ്യക്തികളുടെ അക്കൗണ്ടുകളിലേക്കായിരുന്നു. കമ്പനി അക്കൗണ്ടുകളിൽ പണം എത്തിയിട്ടില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. പണം നഷ്ടപ്പെട്ടവരിൽ അധികവും സ്വദേശികളാണ്. ഇബ്രാഹീം മുഹമ്മദിന് 8000 ദിർഹമാണ് നഷ്ടപ്പെട്ടത്. ഇദ്ദേഹത്തിനു മുൻപരിചയമുള്ള റിക്രൂട്ടിങ് ഓഫിസിലെ ജീവനക്കാരന്റെ സ്വകാര്യ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. പണം കൈമാറിയിട്ടും ജോലിക്കാരെ കിട്ടാത്ത സാഹചര്യത്തിൽ ഇദ്ദേഹം നേരിട്ട് റിക്രൂട്ടിങ് ഓഫിസിൽ എത്തിയപ്പോഴാണ് അയാൾ അവിടെ ജോലി ചെയ്യുന്നില്ലെന്ന് മനസിലായത്. പണം വാങ്ങിയ വ്യക്തി രാജ്യം വിട്ടതായും അന്വേഷണത്തിൽ കണ്ടെത്തി.
സ്വദേശി വനിത മോസ ഹസൻ അഹ്മദിനെയും കബളിപ്പിക്കാൻ ശ്രമമുണ്ടായി.വീട്ടുജോലിക്കാരിയെ തരാമെന്നറിയിച്ച വ്യക്തി റിക്രൂട്ടിങ് രംഗത്തുള്ള ഔദ്യോഗിക സ്ഥാപനത്തിന്റെ പേരാണ് ഉപയോഗിച്ചത്. ജോലിക്കാരിയെ കൊണ്ടുവരാനുള്ള ചെലവ് പണമായി മാത്രമേ സ്വീകരിക്കൂ എന്ന വ്യവസ്ഥയിൽ സംശയം തോന്നിയ മോസ റിക്രൂട്ടിങ് ഓഫിസിൽ നേരിട്ടെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.
ഫുജൈറയിൽ സ്വദേശി പൗരൻ റിക്രൂട്ടിങ് രംഗത്തെ തട്ടിപ്പിനെതിരെ കോടതിയിൽ പരാതി നൽകി. ഔദ്യോഗിക രേഖകൾ ഒന്നുമില്ലാത്ത ഒരാളെ വീട്ടുജോലിക്ക് നൽകിയ സ്ത്രീക്കെതിരെയാണ് ഫുജൈറ കോടതിയിൽ കേസ് കൊടുത്തത്. പരാതികൾ കൂടിയതോടെ ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് റിക്രൂട്ടിങ് ഓഫിസ് ഡയറക്ടർമാർ അറിയിച്ചു. ബില്ലുകളും രേഖകളും പരിശോധിച്ച് ഉറപ്പാക്കാതെ പണം ആർക്കും അയയ്ക്കരുതെന്നും ഓർമിപ്പിച്ചു. വേഗത്തിലും കുറഞ്ഞ നിരക്കിലും തൊഴിലാളികളെ കിട്ടാനാണ് പലരും അജ്ഞാതർക്ക് പണമയയ്ക്കുന്നത്. റിക്രൂട്ടിങ് ഓഫിസിലെ മുൻ ജീവനക്കാരി സമൂഹമാധ്യമം വഴി പരസ്യം ചെയ്ത് അരലക്ഷം ദിർഹം തട്ടിയെടുത്തിരുന്നു.
യുഎഇയിൽ ലൈസൻസില്ലാതെ റിക്രൂട്ടിങ് രംഗത്ത് ഇടനിലക്കാരനായി പ്രവർത്തിച്ചാൽ ഫെഡറൽ നിയമപ്രകാരം ഒരു വർഷത്തിൽ കുറയാത്ത തടവും 2 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. റിക്രൂട്ടിങ് ജോലികൾക്കായി മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അനുവദിച്ച ഓൺലൈൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താലും ഇതേ ശിക്ഷ ലഭിക്കും.