ADVERTISEMENT

ദുബായ് ∙ എമിറേറ്റിലെ വ്യവസായ സംരംഭങ്ങൾക്ക് നൽകുന്ന 'വ്യവസായ സൗഹൃദ ഊർജ സർട്ടിഫിക്കറ്റി’നു 10 വർഷം കാലാവധിയുണ്ടാകുമെന്നു ദുബായ് ജല-വൈദ്യുത വകുപ്പ് മേധാവി സഈദ് മുഹമ്മദ് അൽതായർ. ദുബായിലെ വ്യവസായിക നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനു സഹായിക്കുന്നതാണ് വിവിധ സർക്കാർ കാര്യാലയങ്ങൾ വഴി 'ദീവ ' നൽകുന്ന ഈ സർട്ടിഫിക്കറ്റ്. ഇതുവരെ 30 വൻകിട കമ്പനികൾ വ്യാവസായിക സൗഹൃദ സർട്ടിഫിക്കറ്റിനായി (D33) അപേക്ഷ നൽകിയതായി അദ്ദേഹം വെളിപ്പെടുത്തി.

വ്യാവസായിക രംഗത്തെ സ്ഥാപനങ്ങൾ, ആധുനിക കാർഷിക സാങ്കേതിക സ്ഥാപനങ്ങൾ, ഡേറ്റ സെന്ററുകൾ എന്നിവയ്ക്കാണ് ഡി33യുടെ ഭാഗമായി സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്. സൗരോർജ പദ്ധതികളിലൂടെ ദീവയുടെ സംരംഭങ്ങളിൽ ഭാഗമാകുന്ന സ്ഥാപനങ്ങൾക്കാണ് വ്യവസ്ഥകളോടെ സർട്ടിഫിക്കറ്റ് ലഭിക്കുക. ഈ കമ്പനികൾക്ക് സാധാരണ വൈദ്യുതി നിരക്കിൽ 25 ശതമാനം ഇളവ് ലഭിക്കും. എന്നാൽ താൽക്കാലിക സംരംഭങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. വ്യവസായിക സംരംഭങ്ങളുടെ പണിയിടങ്ങളിൽ ഫോട്ടോവോൾട്ടെയ്ക് സോളർ എനർജി സ്ഥാപിക്കാൻ താൽപര്യമുള്ള കമ്പനികൾ ദീവയിൽ റജിസ്റ്റർ ചെയ്ത കൺസൽറ്റന്റ്മാരെയും കരാറുകാരെയും ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

കമ്പനികൾ ഉൽപാദിപ്പിക്കുന്ന അധിക ഊർജം അതോറിറ്റിയുടെ ഊർജശൃംഖലകളിൽ ലയിപ്പിക്കും. 10.5 ഫിൽസ് നിശ്ചയിച്ച് ഈ വൈദ്യുതി ദീവ വാങ്ങും. മണിക്കൂറിൽ ഇത്ര കിലോവാട്ട് എന്ന തോതിലാണ് ഈ നിരക്ക് നിശ്ചയിച്ചത്. 

എന്നാൽ ശൈത്യകാലമായ ഡിസംബർ മുതൽ ഫെബ്രുവരി വരെ ഈ അധിക ഊർജം സ്വീകരിക്കില്ല. വൈദ്യുതി മേഖലയിലെ അടിയന്തര അറ്റകുറ്റപ്പണി സമയങ്ങളിലും സ്വീകരിക്കില്ല. അനുവദിച്ച പരിധിയിലധികം ഊർജം സ്വീകരിക്കില്ലെന്നും അതോറിറ്റിയുടെ വ്യവസ്ഥകളിലുണ്ട്. സർട്ടിഫിക്കറ്റ് ലഭിച്ച തീയതി മുതലാണ് പത്ത് വർഷം കണക്കാക്കുക. വ്യാവസായിക സംരംഭങ്ങൾക്ക് പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനും ശുദ്ധ ഊർജം ലഭ്യമാക്കുന്നതിനുമാണ് ഈ പദ്ധതി. 

English Summary:

Saeed Mohammed Al Tayer, Head of Dubai Water and Electricity, has announced that the 'Industry Friendly Energy Certificate' issued to industrial enterprises in the emirate will be valid for 10 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com