സേർച് ലൈറ്റും ക്യാമറകളും ഫലം കാണുന്നു; അൽഖൂസ് വ്യവസായ മേഖലയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു
ദുബായ് ∙ അൽഖൂസ് വ്യവസായ മേഖലയിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കി.
ദുബായ് ∙ അൽഖൂസ് വ്യവസായ മേഖലയിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കി.
ദുബായ് ∙ അൽഖൂസ് വ്യവസായ മേഖലയിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കി.
ദുബായ് ∙ അൽഖൂസ് വ്യവസായ മേഖലയിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കി. മേഖലയിൽ സേർച് ലൈറ്റുകളും നിരീക്ഷണ ക്യാമറകളും പുതിയതായി സ്ഥാപിച്ചു. പ്രദേശത്തു കൂടുതൽ വെളിച്ചവും ക്യാമറ നിരീക്ഷണവും വന്നതോടെ ഗുരുതര കുറ്റകൃത്യങ്ങളിൽ 42% കുറവുണ്ടായതായി ബർദുബായ് പൊലീസ് ഡയറക്ടർ മേജർ അബ്ദുല്ല ഖാദിം ബിൻ സുറൂർ പറഞ്ഞു.
പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈ വർഷം ലഭിച്ച കേസുകളിൽ 98 ശതമാനവും ക്രിമിനൽ സ്വഭാവമുള്ളതാണ്. ദുരൂഹമായ കേസുകൾ സിഐഡിയുമായി സഹകരിച്ചാണ് തെളിയിച്ചത്. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന അൽഖൂസിലെ വ്യവസായ മേഖലകളിൽ കുറ്റകൃത്യങ്ങൾക്കുള്ള പഴുതുകൾ അടച്ചാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.
ഇതിന്റെ ഭാഗമായി വ്യവസായികൾ, സംരംഭകർ, വെയർഹൗസ് നടത്തിപ്പുകാർ എന്നിവരുമായി പൊലീസ് ആശയ വിനിമയം നടത്തി. നിരീക്ഷണ ക്യാമറകൾക്ക് വ്യക്തത വരുത്താൻ 6045 സേർച് ലൈറ്റുകളാണ് അൽഖൂസിൽ സ്ഥാപിച്ചതെന്നും മേജർ അബ്ദുല്ല വെളിപ്പെടുത്തി. കുറ്റവാളികളും മോഷ്ടാക്കളും വിലസിയിരുന്ന ചില ഇടനാഴികളും നടപ്പാതകളും പാളങ്ങളും പ്രകാശമയമാക്കുകയും നിരീക്ഷണ ക്യാമറകളുടെ പരിധിയിലാക്കുകയും ചെയ്തു. ബർദുബായ് പൊലീസിന്റെ പരിധി എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും മാളുകളും ബീച്ചുകളും പാർപ്പിട, വ്യവസായ മേഖലകളും ഉൾപ്പെടുന്നതാണ്. അതുകൊണ്ട് സുരക്ഷാ പ്രശ്നങ്ങൾ നേരിടാൻ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണം ആവശ്യമാണെന്നും മേജർ സൂചിപ്പിച്ചു.
ക്രിമിനൽ, ട്രാഫിക്, സാമൂഹിക കുറ്റകൃത്യങ്ങൾ എന്നിവ തടയാൻ കഴിഞ്ഞ വർഷം മാത്രം 624 ക്യാംപെയിനുകൾ ബർദുബായ് പൊലീസ് സംഘടിപ്പിച്ചു. വിവിധ കേസുകളിൽ പെട്ട 533 പേരെ പിടികൂടാനായി. രാജ്യത്തുണ്ടായ പലതരം കേസുകളിൽ കണ്ടെത്താനുണ്ടായിരുന്ന 1475 വാഹനങ്ങളും പിടിച്ചെടുത്തു. ബീച്ചുകൾ സുരക്ഷിതമാക്കാൻ നഗരസഭയും പൊലീസും ക്യാമറകൾ സ്ഥാപിച്ചു. പരാതി ലഭിച്ചാൽ മൂന്ന് മിനിറ്റു കൊണ്ട് പൊലീസ് സംഭവസ്ഥലത്ത് എത്തുമെന്നും മേജർ അബ്ദുല്ല ബിൻ സുറൂർ അറിയിച്ചു.