കെസിഎ ദി ഇന്ത്യൻ ടാലന്റ് സ്കാൻ ; കലാതിലക പട്ടം നിഹാര മിലനും കലാപ്രതിഭയായി ശൗര്യ ശ്രീജിത്തും
Mail This Article
മനാമ ∙ ബഹ്റൈനിലെ പ്രവാസി സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച കലാ, സാംസ്കാരിക, സാഹിത്യ മേള കെസിഎ ദി ഇന്ത്യൻ ടാലന്റ് സ്കാനിന് മികച്ച സമാപനം. 1000-ലധികം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
85 പോയിന്റോടെ ന്യൂ ഇന്ത്യൻ സ്‌കൂളിലെ നിഹാര മിലൻ കലാപ്രതിഭയായും 76 പോയിന്റോടെ ഏഷ്യൻ സ്‌കൂളിലെ ശൗര്യ ശ്രീജിത്ത് കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വിഭാഗങ്ങളായി 180-ലധികം ഇനങ്ങളിൽ 5 വ്യത്യസ്ത വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 100 ടീമുകൾ മത്സരിച്ചു. 10 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു .
കഴിഞ്ഞ ദിവസം സെഗയയിലെ കെസിഎ വികെഎൽ ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാൻഡ് ഫിനാലെയിലെ വിജയികൾക്ക് സമാപന ചടങ്ങിൽ സിനി ആർട്ടിസ്റ്റും ഡബ്ബിങ് ആർട്ടിസ്റ്റും ടെലിവിഷൻ അവതാരകയും നർത്തകിയുമായ മീനാക്ഷി രവീന്ദ്ര കുറുപ്പ് വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ബിഎഫ്‌സി മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥൻ, ഖത്തർ എഞ്ചിനീയറിംഗ് ലബോറട്ടറീസ് മാനേജിങ് ഡയറക്ടർ കെ.ജി.ബാബുരാജൻ, ഏഷ്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ആന്റണി ജൂഡ് ടി.ജെ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ഗ്രൂപ്പ് ഒന്നിൽ ന്യൂ ഇന്ത്യൻ സ്‌കൂളിലെ എയ്ഡ ജിതിൻ , ഗ്രൂപ്പ് രണ്ടിൽ ഇന്ത്യൻ സ്‌കൂളിലെ അദ്വിക് കൃഷ്ണ, ഗ്രൂപ്പ് മൂന്നിൽ ന്യൂ ഇന്ത്യൻ സ്‌കൂളിലെ ആരാധ്യ ജിജേഷ്, ഗ്രൂപ്പ് നാലിൽ ഇന്ത്യൻ സ്‌കൂളിലെ നക്ഷത്ര രാജ്, ഗ്രൂപ്പ് അഞ്ചിൽ ന്യൂ ഇന്ത്യൻ സ്‌കൂളിലെ ശ്രീദക്ഷ സുനിൽ കുമാർ എന്നിവരാണ് ചാംപ്യൻഷിപ്പ് പുരസ്കാര ജേതാക്കൾ.
കെസിഎ കുട്ടികളുടെ അംഗങ്ങൾക്ക് നൽകുന്ന കെസിഎ സ്‌പെഷ്യൽ ഗ്രൂപ്പ് ചാംപ്യൻഷിപ്പ് അവാർഡ് ഗ്രൂപ്പ് 2 വിൽ 72 പോയിന്റുമായി ജോഹാൻ ജോസഫ് സോബിനും ഗ്രൂപ്പ് 4 ൽ 43 പോയിന്റുമായി എയ്ഞ്ചൽ മേരി വിനുവും ഗ്രൂപ്പ് 5 ൽ 57 പോയിന്റുമായി സർഗ സുധാകരനും നേടി. നാട്യ രത്ന പുരസ്കാരം ഇന്ത്യൻ സ്കൂളിലെ അരുണ്‍ സുരേഷ്, സംഗീത രത്ന പുരസ്കാരം ഇന്ത്യന്‍ സ്കൂളിലെ അർജുൻ രാജ്, കലാ രത്ന പുരസ്കാരം നേഹാ ജഗദീഷ്, സാഹിത്യ രത്ന പുരസ്കാരം പ്രിയംവദ എൻ.എസ്, നൃത്താധ്യാപക അവാർഡ് പ്രശാന്ത് കെ സംഗീത അധ്യാപക അവാർഡ് ശശി പുളിക്കശ്ശേരി പാർട്ടിസിപ്പേഷൻ ആൻഡ് പെർഫോമൻസ് അവാർഡ് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനും റണ്ണർ-അപ്പ് അവാർഡ് ഏഷ്യൻ സ്കൂളും നേടി.
ടാലന്റ് സ്കാൻ 2024 മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്ന സുവിത രാകേഷിന് കെസിഎ സ്പെഷ്യൽ ഗിഫ്റ്റ് നൽകി. കെസിഎ അംഗങ്ങൾക്കായി നടത്തുന്ന കല , സാഹിത്യ സാംസ്‌കാരിക ഉത്സവം സർഗോത്സവ് 2025 ന്റെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു, കെസിഎ പ്രസിഡന്റിൽ നിന്ന് സർഗോത്സവം ചെയർമാൻ റോയ് സി ആന്റണി ലോഗോ ഏറ്റുവാങ്ങി. ലിയോ ജോസഫ് നന്ദി പറഞ്ഞു.