മോഹന്‍ലാലിനെ കാണുമ്പോൾ കരയരുതെന്ന് ഭാര്യ; ‘ലാലേട്ടൻ എന്സൈക്ലോപീഡിയായി’ സഫീർ മാറിയതിന് പിന്നിൽ മമ്മൂട്ടി ആരാധകർ!
38 വർഷമായി മോഹന്‍ലാൽ എന്ന നടനോടുളള വലിയ ഇഷ്ട്ടം ഒരു തരി പോലും കുറയാതെ കൊണ്ട് നടക്കുന്ന ഒരു മോഹൻലാൽ ആരാധകൻ ഇവിടെ ദുബായിൽ ഉണ്ട്, കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ സഫീർ അഹമ്മദ്.
38 വർഷമായി മോഹന്‍ലാൽ എന്ന നടനോടുളള വലിയ ഇഷ്ട്ടം ഒരു തരി പോലും കുറയാതെ കൊണ്ട് നടക്കുന്ന ഒരു മോഹൻലാൽ ആരാധകൻ ഇവിടെ ദുബായിൽ ഉണ്ട്, കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ സഫീർ അഹമ്മദ്.
38 വർഷമായി മോഹന്‍ലാൽ എന്ന നടനോടുളള വലിയ ഇഷ്ട്ടം ഒരു തരി പോലും കുറയാതെ കൊണ്ട് നടക്കുന്ന ഒരു മോഹൻലാൽ ആരാധകൻ ഇവിടെ ദുബായിൽ ഉണ്ട്, കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ സഫീർ അഹമ്മദ്.
ഒരു മോഹന്‍ലാല്‍ ആരാധകനാകാന്‍ അദ്ദേഹത്തിന്റെ എത്ര സിനിമകളുടെ പേരറിയണം, ആ സിനിമകള്‍ ഇറങ്ങിയ വർഷം ഓർത്തു പറയാനാകുമോ, കഥാപാത്രങ്ങളുടെ പേര്, അണിയറക്കാരുടെ വിവരങ്ങള്‍, ഇതെല്ലാം ഒറ്റശ്വാസത്തില്‍ പറയാനാകുമോ, അസാധ്യമാണെന്ന് വിലയിരുത്താന്‍ വരട്ടെ, മോഹന്‍ലാലിന്റെ ഒട്ടുമിക്ക സിനിമകളും തിയറ്ററില്‍ നിന്ന് കണ്ടിട്ടുളള, അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചെഴുതുന്ന, മോഹൻലാലിന്റെ 360 സിനിമകളും അഞ്ചു മിനിറ്റിൽ ലിസ്റ്റ് ചെയ്യാൻ കഴിയുന്ന, 38 വർഷമായി മോഹന്‍ലാൽ എന്ന നടനോടുളള വലിയ ഇഷ്ട്ടം ഒരു തരി പോലും കുറയാതെ കൊണ്ട് നടക്കുന്ന ഒരു മോഹൻലാൽ ആരാധകൻ ഇവിടെ ദുബായിൽ ഉണ്ട്, കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ സഫീർ അഹമ്മദ്.
മോഹന്‍ലാല്‍ സിനിമകളെ കുറിച്ച് എന്തു വേണമെങ്കിലും ചോദിച്ചോളൂ, സഫീറിന് മറുപടിയുണ്ട്. 1980 ഡിസംബർ 25 ന് റിലീസ് ആയ മോഹൻലാലിന്റെ ആദ്യ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയറ്ററില്‍ പോയി കാണുമ്പോള്‍ അഞ്ച് വയസ്സാണ് സഫീറിന്. വർഷങ്ങള്‍ക്കിപ്പുറം 2024 ഡിസംബർ 25ന് മോഹന്‍ലാല്‍ സംവിധായക മേലങ്കിയണിഞ്ഞ ബറോസ് തിയറ്ററിലെത്തുമ്പോള്‍, മോഹന്‍ലാല്‍ സിനിമകളുടെ എന്‍സൈക്ലോപീഡിയയാണ് സഫീറെന്ന് നിസംശയം പറയാം. മോഹന്‍ലാല്‍ എത്ര സിനിമകള്‍ അഭിനയിച്ചു, ഏതൊക്കെ വർഷത്തിലാണ് അദ്ദേഹത്തിന് സംസ്ഥാന ദേശീയ പുരസ്കാരം ലഭിച്ചത്, സിനിമ റിലീസ് ചെയ്ത ദിവസം, സംവിധായകന്‍, അണിയറപ്രവർത്തകരാരൊക്കെ, എല്ലാം മനപാഠമാണ് സഫീറിന്. ചോദ്യം ചോദിക്കുകയേ വേണ്ടൂ, ഉത്തരം റെഡി.
∙ മമ്മൂട്ടി ആരാധകരോട് വാദിച്ച് ജയിക്കാന്‍ മോഹന്‍ലാല്‍ സിനിമകളെ കുറിച്ച് പഠിച്ചു
മമ്മൂട്ടി ആരാധകനായ സഹോദരന്‍ സക്കീറിനൊപ്പമാണ് സഫീർ മോഹന്‍ലാലിന്റെ സിനിമകള്‍ തിയറ്ററില്‍ പോയി കണ്ടുതുടങ്ങിയത്. പിന്നീട് മുതിർന്നപ്പോള്‍ കൂട്ടുകാരനും ബന്ധുവുമായ സാദത്തായിരുന്നു സിനിമകാണാന്‍ കൂട്ട്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം മമ്മൂട്ടി ആരാധകർ, അവരോട് വാദിച്ചു ജയിക്കാന്‍ മോഹന്‍ലാല്‍ സിനിമകളെ കുറിച്ച് വിശദമായി പഠിച്ചു. പഠിച്ചതൊന്നും മറന്നില്ലെന്നുമാത്രമല്ല, ഓരോ തവണയും പുതിയ സിനിമകളിറങ്ങുമ്പോള്‍ അതെല്ലാം ഹൃദിസ്ഥമാക്കി.
അഞ്ച് വയസ്സുകാരനായ സഫീർ കുടുംബത്തോടൊപ്പമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കണ്ടത്. മോഹന്‍ലാല്‍ വില്ലന്‍കഥാപാത്രമായതുകൊണ്ടുതന്നെ അന്ന് ആരാധന തോന്നിയില്ല. മറിച്ച് പേടിയാണ് തോന്നിയത്. ഒരു അഞ്ചുവയസ്സുകാരന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു, മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കുന്ന രംഗം. 83 കാലഘട്ടത്തിലിറങ്ങിയ മാമാട്ടിക്കുട്ടിയമ്മയിലൂടെയും ആട്ടക്കലാശത്തിലൂടെയുമെല്ലാം മോഹന്‍ലാലിനെ ഇഷ്ടപ്പെട്ടുതുടങ്ങി.
∙ സീന്‍ വിടാതെ തിയറ്ററുകള്‍
വീടിന് മുന്നില്‍ തിയറ്ററായിരുന്നു. ചേരമാന്‍ സി ക്ലാസ് തിയറ്ററായിരുന്നതിനാല്‍ സിനിമാസംഭാഷണങ്ങളൊക്കെ പുറത്തേക്ക് കേള്‍ക്കുമായിരുന്നു. സിനിമാസംഭാഷണങ്ങളും പാട്ടുകളുമെല്ലാം കേട്ടുകൊണ്ടായിരുന്നു ഉറക്കം വരെ. ചെറിയ പ്രായത്തില്‍ തന്നെ സിനിമ ഇഷ്ടപ്പെടാന്‍ ഒരു കാരണമായിരുന്നു ഈ തിയറ്റർ. കൊടുങ്ങല്ലൂർ ടൗണിലായിരുന്നു പിതാവിന്റെ ലെയ്ത്ത് വർക്ക് ഷോപ്പ്. ഇതിന് മുന്നിലായിരുന്നു കൊടുങ്ങല്ലൂരിലെ മുഗള്‍ തിയറ്റർ. പിന്നീട് ഖത്തറിലെത്തിയപ്പോള്‍ ഓഫിസിന് മുന്നിലായിരുന്നു ഗള്‍ഫ് സിനിമ തിയറ്റർ. തിയറ്ററുകളും സിനിമകളും ജീവിതത്തിന്റെ പരിസരപ്രദേശങ്ങളില്‍ എന്നുമുണ്ടായിരുന്നുവെന്നുളളതാണ് യാഥാർഥ്യം.
∙ അധികം സംസാരിക്കാത്ത കുട്ടിയില്‍ നിന്ന് മോഹന്‍ലാല്‍ സിനിമകളുടെ വക്താവ്
അധികം സംസാരിക്കാത്ത കുട്ടിയായിരുന്നു ചെറുപ്പത്തില്‍ സഫീർ. മോഹന്‍ലാലിനോടുളള ആരാധനയാണ് സംസാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയത്. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് ചിരിച്ചു, കരഞ്ഞു, അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് ആഴത്തില്‍ പഠിച്ചു, കൂട്ടുകാരോട് വാദിച്ചു ജയിച്ചു. സഫീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തന്റെ ബാല്യവും കൗമാരവും യൗവ്വനവും ആഘോഷമാക്കിയത് മോഹന്‍ലാല്‍ സിനിമകളാണ്. മോഹന്‍ലാലിന്റേത് മാത്രമല്ല, എല്ലാ സിനിമകളും കാണുന്ന പതിവുണ്ടായിരുന്നു. പഠിക്കാന്‍ മോശമല്ലാത്തതിനാല്‍ വീട്ടിലും സിനിമാ കമ്പത്തോട് എതിർപ്പില്ലായിരുന്നു. മോഹന്‍ലാല്‍ സിനിമകള്‍ സഫീറിന്റെ ജീവിതത്തെ മാറ്റിയതിങ്ങനെയാണ്. നാഗവല്ലി ചിലങ്ക കണ്ടതുപോലെയാണ് സഫീർ മോഹന്‍ലാല്‍ സിനിമകളെ കുറിച്ച് സംസാരിക്കുന്നതെന്നാണ് ഭാര്യ അമ്പിളിയുടെ പക്ഷം.
∙ ഖത്തറിലെ റേഡിയോ പരിപാടി
2024 ഏപ്രിലിലാണ് സഫീർ യുഎഇയിലെത്തുന്നത്. അതിന് മുന്‍പ് ഖത്തറിലായിരുന്ന സമയത്ത് 2017 ല്‍ അവിടെയുളള റേഡിയോയില്‍ ലാല്‍ കെയേഴ്സ് ഖത്തറുമായി ബന്ധപ്പെട്ട് പരിപാടിയില്‍ പങ്കെടുത്തിരുന്നു. റേഡിയോയില്‍ തല്‍സമയ പരിപാടിക്ക് മുന്‍പ് തമാശയ്ക്ക് മോഹന്‍ലാല്‍ സിനിമയുടെ പേര് പറഞ്ഞ് കളിച്ചപ്പോഴാണ് ലാലേട്ടന്‍ സിനിമകളെല്ലാം മനസ്സില്‍ ഒന്നുപോലും വിടാതെ പതിഞ്ഞിട്ടുണ്ടെന്ന് തിരിച്ചറിയുന്നത്. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഭാര്യയോട് വിക്കിപീഡിയ തുറന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ സിനിമ റിലീസ് ചെയ്ത വർഷവും തീയതിയും മുതല്‍ പ്രൊഡക്ഷന്‍ കമ്പനിവരെ എല്ലാം മനപ്പാഠം.
∙ ജീവിതവുമായി ബന്ധപ്പെടുത്തി ഓർമ്മകള്‍
ഇത്രയധികം സിനിമകളുടെ വിവരങ്ങളെങ്ങനെയാണ് ഓർത്തുവയ്ക്കുന്നത്. അതിനൊരു ടെക്നിക്കുണ്ട് സഫീറിന്. ജീവിതവുമായി ബന്ധപ്പെടുത്തിയാണ് സിനിമകളെല്ലാം മനസ്സില്‍ സൂക്ഷിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഗാന്ധിനഗർ സെക്കന്‍ഡ് സ്ട്രീറ്റ്, താളവട്ടം ഇതെല്ലാം കേള്‍ക്കുമ്പോള്‍ സഫീർ ആ പഴയ ആറാം ക്ലാസുകാരനാകും. കിലുക്കമെന്ന സിനിമ പ്രീഡിഗ്രി ഒന്നാം വർഷം. തേന്മാവിന്‍ കൊമ്പത്തും സ്ഫടികവുമെല്ലാം എഞ്ചിനീയറിങ് ഡിപ്ലോമ കാലഘട്ടം. അങ്ങനെ ഓരോ സിനിമയും ജീവിതവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയങ്ങനെ ഓർത്തുവച്ച് പറയുന്ന സഫീറിന് മകന്‍ ജനിച്ചപ്പോള്‍ അത് മോഹന്‍ലാലിന്റെ ജന്മദിവസമായ മെയ് 21 ന് തന്നെയായെന്നുളളത് യാദൃശ്ചികത. വിചാരിച്ചതിലും വളരെ നേരത്തെയായിരുന്നു മകന്റെ ജനനം. ആ ദിവസങ്ങളില്‍ ടെന്‍ഷനായെങ്കിലും മകന്‍ മോഹന്‍ലാലിന്റെ ജന്മദിനം തന്നെ പിറന്നാള്‍ ആഘോഷിക്കുന്നതില്‍ പിന്നീട് സന്തോഷം തോന്നി.
∙ പൊതുപരിപാടികളില്‍ മോഹന്‍ലാലിന്റെ എന്‍സൈക്ലോപീഡിയ
മോഹന്‍ലാലിന്റെ കഥാപാത്രങ്ങളും സിനിമയും മാത്രമല്ല, വിവാഹം കഴിഞ്ഞ് നിങ്ങളാദ്യം എ ക്ലാസ് തിയറ്ററില്‍ പോയി കണ്ട മോഹന്‍ലാല്‍ ചിത്രമേതെന്നും സഫീർ പറയും.വിവാഹം കഴിഞ്ഞ തീയതിയും വർഷവും പറഞ്ഞാല്‍ ഉത്തരം സഫീർ പറയും. ഇത് മാജിക്കൊന്നുമല്ല, വിവാഹ വർഷവും മോഹന്‍ലാല്‍ സിനിമകളുടെ റിലീസ് തീയതിയുമെല്ലാം മനക്കണക്ക് കൂട്ടിയാണ് കണക്ക് തെറ്റാതെയുളള സഫീറിന്റെ ഉത്തരമെത്തുക. ഖത്തറിലായിരുന്നപ്പോള്‍ സ്റ്റേജ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. അങ്ങനെയാണ് പൊതുവേദികളിലെത്താന്‍ തുടങ്ങിയത്
∙ ഭാവന സ്റ്റുഡിയോസിലേക്ക്
മോഹന്‍ലാലിന്റെ ആരാധകരനെന്നുളള രീതിയില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഭാവനാസ്റ്റുഡിയോസ് നിർമിച്ച ദ ഫനാറ്റിക്. മോഹന്‍ലാല്‍ സിനിമകളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ എഴുതാറുണ്ട്. അങ്ങനെയാണ് ഭാവന സ്റ്റുഡിയോസിന്റെ ദ ഫനാറ്റികില്‍ മോഹന്‍ലാല്‍ ഫാനെന്ന രീതിയില്‍ അദ്ദേഹത്തെ കുറിച്ച് പറയാന്‍ അവസരം ലഭിച്ചത്. അതിലേറ്റവും സന്തോഷം നല്‍കിയത് മോഹന്‍ലാലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കണ്ട തിയറ്ററില്‍ നിന്നും വലിയ മോഹന്‍ലാല്‍ ആരാധകനായി മാറിയ താളവട്ടം കണ്ട തിയറ്ററിലിരുന്നുമെല്ലാം അദ്ദേഹത്തെ കുറിച്ച് പറയാന്‍ അവസരം ലഭിച്ചുവെന്നുളളതാണ്. സിനിമകളുടെ റിവ്യൂ കണ്ട് അതേകുറിച്ച് മോഹന്‍ലാല്‍ അയച്ച വോയ്സ് നോട്ടും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട് സഫീർ.
∙ ലാലേട്ടനെ കാണുമ്പോള്‍, കരയരുതെന്ന് ഉപദേശിച്ച ഭാര്യ
മോഹന്‍ലാലിനെ കാണുകയെന്നുളളത് ഏതൊരു ആരാധകരന്റെയും ഏറ്റവും വലിയ സ്വപ്നമാണ്. മൂന്ന് തവണ അദ്ദേഹത്തെ കാണാന്‍ സാധിച്ചിട്ടുണ്ട് സഫീറിന്. 2009 ല്‍ മോഹന്‍ലാലിനെ വീട്ടിലെത്തിയാണ് കണ്ടത്. പത്മശ്രീയും ഭരത് അവാർഡും അലങ്കരിക്കുന്ന ലാലേട്ടന്റെ വീടിന്റെ സ്വീകരണമുറിയില്‍ വച്ച് 20 മിനിറ്റോളം സംസാരിക്കാന്‍ സാധിച്ചു.അദ്ദേഹത്തെ കാണുമ്പോള്‍ കരയരുതെന്നായിരുന്നു അന്ന് പോകുന്നതിന് മുന്‍പ് ഭാര്യ അമ്പിളി തന്ന ഉപദേശം. കുടുംബത്തോടൊപ്പമാണ് അദ്ദേഹത്തെ കണ്ടത്. മക്കളായ ഹാരിസിനും ഹാസികിനും മോഹന്‍ലാലിനോട് ഇഷ്ടമുണ്ട്. മോഹന്‍ലാലിന് ഭരത് അവാർഡ് ലഭിക്കുന്നത് 1992 ലാണ്. അന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയാണ് സഫീർ. പുരസ്കാര വാർത്ത പ്രസിദ്ധീകരിച്ച 1992 ഏപ്രില്‍ 8 ന് ഇറങ്ങിയ മലയാള മനോരമ ദിനപത്രം അമൂല്യമായ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട് സഫീർ. എറണാകുളത്ത് വിസ്മയ സ്റ്റുഡിയോയിലെത്തി മോഹന്‍ലാലിനെ ഈ പത്രം കാണിച്ചുകൊടുക്കാന്‍ സാധിച്ചതും വലിയ ഭാഗ്യം. പിന്നീടൊരിക്കല്‍ ഖത്തറില്‍ ലാല്‍ കെയേഴ്സിന്റെ പരിപാടിക്ക് വന്നപ്പോഴും ലാലേട്ടനെ കാണാന്‍ ഭാഗ്യമുണ്ടായി.
∙ ഇഷ്ടപ്പെട്ട കഥാപാത്രം
ഏതൊരുമോഹന്‍ലാല്‍ ആരാധകനെയും പോലെ ഇഷ്ടപ്പെട്ട കഥാപാത്രമേതെന്ന് ചോദിച്ചാല്‍ ആശയകുഴപ്പത്തിലാകും സഫീറും. എങ്കിലും ഒരിഷ്ടക്കൂടുതല്‍ സദയത്തിലെ സത്യനാഥനോടുണ്ട്.
കിരീടം, ചെങ്കോല്‍ സിനിമകളിലെ സേതുവും ഇഷ്ടകഥാപാത്രങ്ങളില്‍ മുന്‍പന്തിയിലുണ്ട്. കമേഴ്സ്യല്‍ സിനിമകളിലെ അഭിനയ മികവും പുരസ്കാരനിർണയത്തില്‍ പരിഗണിക്കപ്പെടണെന്നുളളതാണ് അഭിപ്രായം. നമ്പർ 20 മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലും ചന്ദ്രലേഖയിലെ അപ്പുക്കുട്ടനുമെല്ലാം അഭിനയിച്ച് ഫലിപ്പിക്കുകയെന്നുളളത് എളുപ്പമല്ല. കാലത്തിന് അതീതമായി ഈ കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നതും മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ അഭിനയമികവൊന്നുകൊണ്ടുതന്നെയാണ്.
∙ പ്രതീക്ഷകളോടെ 2025
മോഹന്‍ലാലിന്റെ 26 വയസ്സുമുതല്‍ 40 വയസ്സുവരെയുളള പ്രായം മലയാളസിനിമയുടെ ആഘോഷമായിരുന്നു. 90 കളിലെ മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം. ജോജിയേയും വിഷ്ണുവിനെയും മാണിക്യനും സേതുവുമെല്ലാം ആരാധകരുടെ ഹൃദയങ്ങളില്‍ എക്കാലവും ഇടം പിടിച്ച കഥാപാത്രങ്ങളാണ്. കമലദളത്തിലെ നന്ദഗോപനാണ് സഫീറിന്റെ കാഴ്ചപ്പാടില്‍ ഏറ്റവും കൂടുതല്‍ റിസ്ക് എടുത്തിട്ടുളള കഥാപാത്രം. അത്രയും പൂർണതയോടെയാണ് അദ്ദേഹം നന്ദഗോപനെ അവതരിപ്പിച്ചിട്ടുളളത്, സഫീർ പറയുന്നു. എന്നാല്‍ നരസിംഹത്തിന് ശേഷം കഥാപാത്രങ്ങള്‍ ടൈപ്പ് ചെയ്യപ്പെട്ടുവെന്നുളളത് ശരിയാണ്. അത് നല്ലതായി തോന്നിയില്ല. എമ്പുരാന്‍, തുടരും, ഹൃദയപൂർവ്വം 2025 ല്‍ മോഹന്‍ലാലിന്റേതായി ഇറങ്ങാന്‍ ഒരുപിടി സിനിമകളൊരുങ്ങുകയാണ്, നല്ല സിനിമകളുണ്ടാകട്ടെയെന്നതാണ് ആഗ്രഹം. മോഹന്‍ലാല്‍ സംവിധായകമാകുന്ന ബറോസും തിയറ്ററിലെത്തുകയാണ്. അഭിനയിച്ച് മനസ്സിലിടം നേടിയ ലാലേട്ടന്റെ സംവിധായകനായുളള അരങ്ങേറ്റവും ആരാധകമനസ്സില്‍ ഇടം പിടിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.