കാസർകോട് നങ്കൂരമിട്ട പ്രവാസി മലയാളിയുടെ 'അറബിക്കൊട്ടാരം'; രാജാവിനെപ്പോലെ വിരാജിക്കുന്ന ആറിൽ നാരായണന്‍
യുഎഇയിൽ സാധാരണക്കാരനായാണ് ജീവിച്ചതെങ്കിലും പ്രവാസജീവിതം മതിയാക്കി മടങ്ങിയെത്തിയ ആറിൽ നാരായണൻ നാട്ടിൽ ജീവിക്കുന്നത് 'അറബിക്കൊട്ടാര'ത്തിലാണ്.
യുഎഇയിൽ സാധാരണക്കാരനായാണ് ജീവിച്ചതെങ്കിലും പ്രവാസജീവിതം മതിയാക്കി മടങ്ങിയെത്തിയ ആറിൽ നാരായണൻ നാട്ടിൽ ജീവിക്കുന്നത് 'അറബിക്കൊട്ടാര'ത്തിലാണ്.
യുഎഇയിൽ സാധാരണക്കാരനായാണ് ജീവിച്ചതെങ്കിലും പ്രവാസജീവിതം മതിയാക്കി മടങ്ങിയെത്തിയ ആറിൽ നാരായണൻ നാട്ടിൽ ജീവിക്കുന്നത് 'അറബിക്കൊട്ടാര'ത്തിലാണ്.
ദുബായ് /നീലേശ്വരം ∙ യുഎഇയിൽ സാധാരണക്കാരനായാണ് ജീവിച്ചതെങ്കിലും പ്രവാസജീവിതം മതിയാക്കി മടങ്ങിയെത്തിയ ആറിൽ നാരായണൻ നാട്ടിൽ ജീവിക്കുന്നത് 'അറബിക്കൊട്ടാര'ത്തിലാണ്. കൊട്ടാരത്തെ പരിചരിച്ചും അതിഥികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പിയും അദ്ദേഹം രാജാവിനെപ്പോലെ വിരാജിക്കുന്നു.
കാസര്‍കോട് നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ നങ്കൂരമിട്ട ബോട്ടിന്‍റെ പൂമുഖത്ത് എഴുതിവച്ച 'അറേബ്യൻ പാലസ്' എന്ന വലിയ അക്ഷരങ്ങളിലേക്കാണ് എന്‍റെ ശ്രദ്ധ ആദ്യം പതിഞ്ഞത്. തീർച്ചയായും ഗൾഫുമായി ബന്ധമുള്ള ആരോ ഈ ബോട്ടിന് പിന്നിലുണ്ടെന്ന് മനസ്സ് പറഞ്ഞു. ഞങ്ങളെ ബോട്ടിലേക്ക് കയറ്റാനെത്തിയ, 'ചില്‍ചിൽ' ആയി ഓടിച്ചാടി നടക്കുന്ന ശുഭ്രവസ്ത്രധാരിയായ ആ മനുഷ്യനോട് ചോദിച്ചപ്പോൾ അദ്ദേഹം തന്നെയായിരുന്നു പ്രതി–ആറിൽ നാരായണന്‍.(ആറിൽ എന്നത് വീട്ടുപേരാണ്. ഈ ബോട്ടുജെട്ടിക്ക് അക്കരെയുള്ള ചെറുദ്വീപായ അച്ചാംതുരുത്തിലെ വീടുകൾ പേരിന് പകരം നമ്പരുകളിലാണ് അറിയപ്പെടുന്നത്).
35 വർഷത്തോളം യുഎഇയിലെ അബുദാബിയിൽ ഗ്യാസ് മേഖലയിൽ ജോലി ചെയ്ത് സർവീസിൽ നിന്ന് പിരിഞ്ഞെത്തിയ അറുപതുകാരൻ. നീലേശ്വരം കോട്ടപ്പുറം എരിഞ്ഞിക്കൽ സ്വദേശിയായ നാരായണനും 9 സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച ഹൗസ് ബോട്ട് സർവീസ് ഇന്ന് തേജസ്വിനി, നീലേശ്വരം നദികകളിലൂടെ കുതിച്ചുപായുന്നു; ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നുമെത്തുന്ന വിനോദ സഞ്ചാരികളെയും വഹിച്ച്.
അവർക്ക് ഇഷ്ടാനുസരണം കേരളത്തനിമയുള്ള ഊണ് അടക്കം വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുന്നു. പ്രവാസത്തോട് വിട പറഞ്ഞെങ്കിലും നാട്ടിൽ വന്ന് വെറുതെയിരിക്കാൻ സാധിക്കാത്തതാണ് ഇദ്ദേഹമുള്‍പ്പെടെ അറബിക്കൊട്ടാരത്തിന്‍റെ സാരഥികളായ 4 മുൻഗൾഫുകാരെ ഇത്തരമൊരു ഉദ്യമം ആരംഭിക്കാൻ പ്രേരണയായത്. നാരായണൻ മനോരമ ഓൺലൈനിനോട് മനസുതുറക്കുന്നു:
∙ ഗൾഫ് റിട്ടേണിയോ?; ഏയ് ചുമ്മാതിരിക്കാനാവില്ല
ഇരുപതുകളുടെ ആനന്ദം ആസ്വദിക്കുന്നതിനിടെ 1981 ലാണ് നാരായണൻ പ്രവാസ ജീവിതം തിരഞ്ഞെടുത്തത്. 2015 ഒക്ടോബറിൽ റിട്ടയേർഡായി മടങ്ങി. മലയാളികൾക്ക് ഒരു സ്വഭാവമുണ്ട്. ജോലിയിൽ നിന്ന് പ്രത്യേകിച്ച് ഗള്‍ഫടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് റിട്ടയേർഡായി തിരിച്ചെത്തിയാൽ പിന്നെ വീട്ടിൽ വെറുതെയിരുന്ന് സമയം കളയാമെന്ന്. ഇത് വലിയ ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നാണ് നാരായണന്‍റെ അഭിപ്രായം.
അബുദാബി ഗ്യാസ് കമ്പനിയിലെ സെക്രട്ടറി സ്ഥാനത്ത് നിന്ന് അറുപതാം വയസ്സിലായിരുന്നു ഞാൻ പിരിഞ്ഞത്. ഗൾഫിലും യൂറോപ്പിലുമൊന്നും ആരും റിട്ടയേർഡ് ലൈഫ് വെറുതെ പാഴാക്കാറില്ല. അവർ എന്തെങ്കിലും ജോലിയിലോ മറ്റോ ഏർപ്പെടും. ഞാനും അതു തന്നെയായിരുന്നു തീരുമാനിച്ചത്. അബുദാബി കേരള സമാജത്തിന്‍റെ മുൻ സെക്രട്ടറി കൂടിയായ നാട്ടുകാരൻ ടി.വി.കൃഷ്ണൻ, യുഎഇയിൽ തന്നെ പ്രവാസികളായിരുന്ന വയലിൽ തമ്പാൻ, ബാലകൃഷ്ണൻ, സുകുമാരൻ എന്നിവരും സുകു, രാജു, രാജൻ, തമ്പാൻ, പത്മനാഭൻ എന്നിവരും ചേർന്ന് കൂടിയാലോചിച്ചു. ഹൗസ് ബോട്ട് സർവീസ് അടക്കമുള്ള സാധ്യതകൾ കണ്‍മുന്നിലുള്ളപ്പോൾ മറ്റൊന്നുമാലോചിച്ചില്ല.
തീരുമാനം ഐകകണ്ഠ്യേനയായിരുന്നു. ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് വലിയ ബോട്ട് സ്വന്തമാക്കി. പടന്ന ഓരിയിലായിരുന്നു ഇരുനിലകളുള്ള ബോട്ട് നിർമിച്ചത്. മികച്ച ജീവിതം സമ്മാനിച്ച അറബ് നാടിനോടുള്ള ആദരവായി ഈ വിനോദ നൗകയ്ക്ക് അറേബ്യൻ പാലസ് എന്ന പേരിടുന്നതിനോട് ആർക്കും വിയോജിപ്പുണ്ടായിരുന്നില്ല. 12 വര്‍ഷം മുൻപാണ് കാസര്‍കോട് നീലേശ്വരം കോട്ടപ്പുറത്ത് ബിആർഡിസി ഹൗസ് ബോട്ട് സർവീസിന് തുടക്കം കുറിച്ചത്. 12 സെന്‍റ് സ്ഥലത്താണ് ബോട്ട് ടെർമിനൽ.
അറേബ്യന്‍ പാലസ് അടക്കം ആകെ 30 ഹൗസ് ബോട്ടുകൾ നിലവിൽ സർവീസ് നടത്തുന്നു. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് അറേബ്യന്‍ പാലസ് തേജസ്വിനി, നീലേശ്വരം പുഴകളിലെ ഓളങ്ങളെ മുറിച്ച് വിനോദസഞ്ചാരികളെയും കൊണ്ട് പ്രയാണം നടത്തുക. കോട്ടപ്പുറം ടെർമിനലിൽ നിന്ന് ആരംഭിക്കുന്ന യാത്രയില്‍ നൈറ്റ് സർവീസും ലഭ്യമാണ്. മിനിമം 12,000 രൂപയാണ് വാടക.
ഡ്രൈവറടക്കം 4 ജീവനക്കാരുടെ സേവനം എപ്പോഴും ലഭ്യമാണ്. രാവിലെ പഴംപൊരിയോ മറ്റു സ്നാക്കുകളുമടക്കം ചായ. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഊണ്. വൈകിട്ട് ചായയും പലഹാരവും. എല്ലാത്തിനും മേൽനോട്ടം വഹിച്ച് നാരായണനോ മറ്റു പാർട്ണർമാരോ ഉണ്ടായിരിക്കും. ഫോൺ: +91 75609 95106.