53 മിനിറ്റ് വെടിക്കെട്ട്, വലിയ വാക്കും ഭൂപടവും, 20 മിനിറ്റ് ഡ്രോൺ ഷോ ;പുതുവർഷം പൊടിപൂരമാക്കി അബുദാബി നേടിയത് 6 ലോക റെക്കോർഡുകൾ
ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ പുതുവർഷാഘോഷത്തിലൂടെ അബുദാബി സ്വന്തമാക്കിയത് 6 ലോക റെക്കോർഡുകൾ.
ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ പുതുവർഷാഘോഷത്തിലൂടെ അബുദാബി സ്വന്തമാക്കിയത് 6 ലോക റെക്കോർഡുകൾ.
ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ പുതുവർഷാഘോഷത്തിലൂടെ അബുദാബി സ്വന്തമാക്കിയത് 6 ലോക റെക്കോർഡുകൾ.
അബുദാബി ∙ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ പുതുവർഷാഘോഷത്തിലൂടെ അബുദാബി സ്വന്തമാക്കിയത് 6 ലോക റെക്കോർഡുകൾ. 53 മിനിറ്റ് വെടിക്കെട്ടിനും 20 മിനിറ്റ് ഡ്രോൺ ഷോയ്ക്കും ഒരു ലക്ഷത്തിലേറെ പേർ നേരിട്ടും ലക്ഷക്കണക്കിന് ആളുകൾ ലൈവായും സാക്ഷ്യം വഹിച്ചു. 2025ലെ ആദ്യ നിമിഷങ്ങളിൽ തന്നെ അബുദാബി റെക്കോഡുകൾ സ്വന്തമാക്കിയാണ് പുതുവർഷം ഗംഭീരമാക്കിയത്.
6000 ഡ്രോണുകൾ അൽവത്ബയുടെ ആകാശത്ത് ഫ്രം അബുദാബി ടു ദി വേൾഡ് എന്നെഴുതിയപ്പോൾ ഏറ്റവും വലിയ വാക്കിന്റെ റെക്കോർഡ് പിറന്നു. പിന്നീട് ഏറ്റവും വലിയ ഭൂപടം, ആകാശം, ഫാൻ എന്നിവയുടെ റെക്കോർഡും സ്വന്തമാക്കി. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വെടിക്കെട്ട് ഷോ, ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ കരിമരുന്ന് പൊട്ടിക്കുക എന്നീ ഇനങ്ങളിലും റെക്കോർഡിട്ടു. ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലാണ് അബുദാബി റെക്കോർഡിലേക്കു വെടിയുതിർത്തത്.
രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്റെ ചിത്രം, യുഎഇയുടെ വികസനം, വിദേശ ബന്ധങ്ങൾ, സുസ്ഥിരത, ഭാവി ദീർഘവീക്ഷണം, സ്ത്രീ ശാക്തീകരണം, ബഹിരാകാശ പര്യവേക്ഷണം, ആഗോള നേതൃത്വം തുടങ്ങി രാജ്യത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതായിരുന്നു ഡ്രോൺ ഷോ. സമയം പന്ത്രണ്ടിനോട് അടുത്തതോടെ ആകാശത്ത് തെളിഞ്ഞ ക്ലോക്കിലായിരുന്നു കൗണ്ട്ഡൗൺ. കൃത്യം 12 ആയതോടെഹാപ്പി ന്യൂ ഇയർ 2025 എന്ന് അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ തെളിഞ്ഞതും വെടിക്കെട്ട് ആരംഭിച്ചതും ഒരുമിച്ച്. അമ്പരപ്പിക്കുന്ന വെടിക്കെട്ടും ഡ്രോൺഷോയും മാസ്മരിക സംഗീതവിരുന്നും അവിസ്മരണീയമായിരുന്നുവെന്ന് കാണികളും സാക്ഷ്യപ്പെടുത്തി. നാലായിരത്തിലേറെ ജലസ്ക്രീനുകളിലായി എമിറേറ്റ്സ് ഫൗണ്ടനിൽ നടന്ന 80 ലേസർഷോയും സന്ദർശകരെ ആകർഷിച്ചു. ഒരു കോടി വിത്തുകൾ വഹിച്ചുള്ള ഒരു ലക്ഷം ബലൂണുകൾ ആകാശത്തേക്ക് പുറത്തിവിട്ട് ഹരിതവൽക്കരണത്തിനും ആക്കംകൂട്ടി. 600ലേറെ കലാകാരന്മാരുടെ കലാവിരുന്നും ഉണ്ടായിരുന്നു.
ഫീസ് അഞ്ചിരട്ടിയാക്കിയിട്ടും രക്ഷയില്ല, തിരക്ക് നിയന്ത്രിച്ചത് കവാടം അടച്ച്
തിരക്കു നിയന്ത്രിക്കാൻ പ്രവേശന ഫീസ് അഞ്ചിരട്ടി വർധിപ്പിച്ച് 50 ദിർഹമാക്കിയിട്ടും ഒരു ലക്ഷത്തിലേറെ പേർ ടിക്കറ്റെടുത്തു അകത്തുകയറി. ഉത്സവ കേന്ദ്രത്തിന് ഉൾക്കൊള്ളാനാവാത്ത വിധം തിരക്ക് തുടർന്നപ്പോൾ രാത്രി പത്തോടെ എല്ലാ കവാടങ്ങളും അടയ്ക്കേണ്ടിവന്നു അധികൃതർക്ക്.
പുതുവർഷത്തെ സ്വാഗതം ചെയ്യാനായി ഡിസംബർ 31ന് നാലിന് ആരംഭിച്ച പ്രത്യേക പരിപാടി പുലർച്ചെ ഒരുമണി വരെ തുടർന്നു. 10 മണിക്കൂറിലേറെ ആഘോഷം നീണ്ടിട്ടും മുഴുവൻ പേരും ആഘോഷം കഴിഞ്ഞ ശേഷമാണ് മടങ്ങിയത്.