ട്രൂഷ്യൽ സ്റ്റേറ്റ്സിലെ ഗുരുവായൂർ സ്വദേശിയായ സൈനികൻ; യുഎഇയുടെ വികസന കുതിപ്പിന് കയ്യടിച്ച് മലയാളി നടൻ
Mail This Article
ദുബായ് / ഗുരുവായൂർ∙ പ്രവാസ ലോകത്ത് ഒരേയൊരു വേഷത്തിൽ മാത്രമേ റസാഖ് ഗുരുവായൂരിനെ ആളുകൾ കണ്ടിട്ടുള്ളൂ. എന്നാൽ ഇന്ന് നാട്ടിൽ ഈ മുൻ പ്രവാസി കെട്ടിയാടാത്ത വേഷങ്ങളില്ല. യുഎഇ യാഥാർഥ്യമാകുന്നതിന് മുൻപ് 1968ൽ തന്‍റെ 18–ാം വയസ്സിൽ അവിടെയെത്തി കാൽനൂറ്റാണ്ടോളം സൈന്യത്തിൽ ജോലി ചെയ്ത ഇദ്ദേഹം പിന്നീട് തിരികെ നാട്ടിലെത്തി സിനിമ–സീരിയൽ രംഗത്ത് തിരക്കുള്ള നടനായി മാറുകയും ചെയ്തു.
ഇന്ന് വിവിധ ടെലിവിഷൻ ചാനലുകളിൽ വൈകിട്ട് നിറഞ്ഞാടുന്ന സീരിയലുകളിൽ വക്കീലായും ഡോക്ടറായും പൊലീസായും കള്ളുകുടിയനുമായൊക്കെ ഇദ്ദേഹത്തെ കാണാം. ഇരുളും വെളിച്ചവും കലര്‍ന്ന തന്‍റെ ജീവിത വഴികളെക്കുറിച്ച് മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ഈ 74കാരൻ:
∙ഗുരുവായൂരിലെ 'സ്വർഗ'ത്തിൽ പാരഡൈസ് റസാഖ്
1950കളിൽ എണ്ണനിക്ഷേപം കണ്ടെത്തുന്നതിന് മുൻപ് യുഎഇ ബ്രിട്ടിഷുകാരാൽ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു (ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്ന് അവ അറിയപ്പെട്ടിരുന്നു). അന്ന് ഇന്ത്യക്കാരടക്കം വിദേശികൾക്ക് സൈന്യത്തിൽ വിവിധ വിഭാഗങ്ങളിൽ സേവനം ചെയ്യാൻ അവസരം ലഭിച്ചു. അങ്ങനെയാണ് കൗമാരകാരനായ റസാഖിനും ആ ഭാഗ്യം ലഭിക്കുന്നത്. അന്ന് രാജ്യം അവികിസിതമായിരുന്നു.
സൈന്യത്തിൽ സീ–സിഗ്നൽ വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് സൗകര്യപ്രദമായ താമസ സ്ഥലവും ഭക്ഷണവുമൊക്കെ ലഭിക്കുമായിരുന്നുവെങ്കിലും മറ്റുള്ളവരുടെ ജീവിതം ദുരിതമയമായിരുന്നു. ഈന്തപ്പനയോല കൊണ്ട് മേഞ്ഞ കുടിലുകളിൽ വെള്ളവും വെളിച്ചവുമില്ലാതെ വളരെ പ്രയാസപ്പെട്ടാണ് എല്ലാവരും ജീവിച്ചുപോന്നത്. പിന്നീട്, എണ്ണനിക്ഷേപത്തിന്‍റെ കണ്ടെത്തൽ രാജ്യത്തിന്‍റെ ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചു. 1972 ഡിസംബർ 2ന് യുഎഇ രൂപീകൃതമായി.
1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്‍റെ നേതൃത്വത്തിൽ 6 എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രൂപം കൊണ്ടു. മരുഭൂമിയിൽ അധ്വാനിക്കുമ്പോഴും മറ്റുള്ളവർക്ക് അന്ന് സ്വപ്നം പോലും കാണാനാകാത്ത മികച്ച വേതനം ലഭിക്കുമ്പോഴും റസാഖ് തന്‍റെ ഉള്ളിന്‍റെയുള്ളിലെ കലാകാരന്‍റെ തീ കെടാതെ സൂക്ഷിച്ചു. യുഎഇയിലെ കലാ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന, യുഎഇയുടെ ചരിത്ര വിജയകഥയ്ക്ക് സാക്ഷിയായ റസാഖ് ഗുരുവായൂർ സീ–സിഗ്നൽ വിഭാഗത്തിലെ 25 വർഷത്തെ സേവനത്തിന് ശേഷം 1984ൽ നാട്ടിലേക്ക് മടങ്ങി.
തൃശൂർ ഗുരുവായൂർ പാലത്തിനരികിലെ പാരഡൈസ് സ്റ്റുഡിയോ ഉടമയായിത്തീർന്ന ഇദ്ദേഹം നിലവിൽ അഭിനയത്തോടൊപ്പം സിനിമാ സീരിയൽ ചിത്രീകരണങ്ങൾക്ക് ക്യാമറയും മറ്റും വാടകയ്ക്ക് കൊടുക്കുന്ന ബിസിനസും ചെയ്തുവരുന്നു. ഇരുമേഖലകളിലെയും ഒട്ടേറെ പേരുമായി അടുത്ത ബന്ധമാണ് പുലർത്തിപ്പോന്നത്. ഗുരുവായൂർ എന്തെങ്കിലും സിനിമാ സംബന്ധമായ ആവശ്യമുണ്ടെങ്കിൽ ആദ്യം ഉയർന്നുവരുന്ന പേരാണ് ഇദ്ദേഹത്തിന്‍റേത്.
അച്ഛനുറങ്ങാത്ത വീട്, ശിവം തുടങ്ങിയ ചിത്രങ്ങളിലൊക്കെ റസാഖ് ചെറുതും വലുതുമായ വേഷമിട്ടു. ഗുരുവായൂർ പ്രദേശങ്ങളിൽ ചിത്രീകരിക്കുന്ന സിനിമകൾക്ക് വേണ്ട പിന്തുണ നൽകുന്നതോടൊപ്പം അപ്രധാനമല്ലാത്ത വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. മഴവിൽ മനോരമയിൽ അടുത്തിടെ സംപ്രേഷണം ആരംഭിച്ച മീനൂസ് കിച്ചൺ എന്ന സീരിയലിലും ചന്ദനമഴയിലുമെല്ലാം മികച്ച കഥാപാത്രങ്ങൾ ലഭിച്ചു. മറ്റു പല സീരിയലുകളിലും അഭിനയിച്ചുവരുന്നു. എറണാകുളത്താണ് മിക്കവാറും ചിത്രീകരണങ്ങൾ.
താൻ തിരിച്ചുവന്ന ശേഷമുള്ള യുഎഇയുടെ മാറ്റങ്ങളെല്ലാം അദ്ദേഹം കൗതുകത്തോടെ നോക്കിക്കാണുന്നു. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായ യുഎഇയുടെ വിജയക്കുതിപ്പ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നാണ് ഇദ്ദേഹത്തിന്‍റെ വാക്കുകൾ. സിനിമയും സീരിയലും ജീവിതവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുമ്പോൾ ഇതുവരെയുള്ള ജീവിതത്തിൽ ഇദ്ദേഹം സംതൃപ്തനാണ്.
റസാഖിന്‍റെ ഭാര്യ ലൈല റസാഖ് പ്രവാസ ലോകത്തും നാട്ടിലും അറിയപ്പെടുന്ന ഗായികയാണ്. മലയാള ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഒപ്പം തമിഴ് ഗാനങ്ങളും ആലപിപ്പിക്കുന്നു. ഇതുവരെ പാടിയ പാട്ടുകളെല്ലാം ഹിറ്റാണ്. ദമ്പതികൾക്ക് 4 പെൺമക്കളാണുള്ളത്. ഫോൺ: +91 98460 05883