കുവൈത്തിലേക്ക് മനുഷ്യക്കടത്ത്?; നാട്ടിലെത്താനാകാതെ മലയാളി വനിതകൾ, ഭക്ഷണവും വിശ്രമവും നൽകാതെ പീഡനം
Mail This Article
കുവൈത്ത് സിറ്റി ∙ വ്യാജ വാഗ്ദാനങ്ങൾ നൽകി കുവൈത്തിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്ത് മനുഷ്യക്കടത്ത് നടത്തുന്നതായി പരാതികൾ ഉയരുന്നു. കൊട്ടാരക്കര, പെരുമ്പാവൂർ സ്വദേശിനികൾ ഉൾപ്പെടെ ഒട്ടേറെ മലയാളികൾ ഇത്തരത്തിൽ കുവൈത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ശമ്പളമില്ലാത്ത അവസ്ഥയും പട്ടിണിയും പീഡനവും കാരണം ചിലർ അങ്ങോട്ട് പണമടച്ചും മറ്റും നാട്ടിലേക്കു മടങ്ങി. എന്നാൽ, തിരികെ വിടാൻ ഏജന്‍റുമാർ ആവശ്യപ്പെടുന്ന 2 ലക്ഷം രൂപ നൽകാൻ ഇല്ലാത്തവർ ദുരിതജീവിതം സഹിക്കുകയാണ്. പട്ടിണി മൂലം രോഗിയായ കൊല്ലം സ്വദേശിനി അടുത്തിടെ നാട്ടിൽ തിരിച്ചെത്തിയിരുന്നു.
ശുചീകരണ ജോലിക്കെന്ന പേരിൽ നാട്ടിലെ ഏജന്‍റുമാർ മുഖേന എത്തിക്കുന്ന വനിതകളെ രണ്ടേമുക്കാൽ ലക്ഷം രൂപ (1000 ദിനാർ) ഈടാക്കി വിൽക്കുകയാണെന്ന് ഇന്നലെ നാട്ടിൽ തിരിച്ചെത്തിയ പെരുമ്പിലാവ് സ്വദേശിനി മനോരമയോടു പറഞ്ഞു.
കൂടാതെ, ഓരോരുത്തർക്കുമുള്ള ശമ്പളമായി ഏജന്‍റുമാർ വൻ തുക കൈപ്പറ്റുന്നുണ്ടെങ്കിലും തങ്ങൾക്കു നൽകുന്നത് 32,000 രൂപ മാത്രമാണെന്നും അവർ പറഞ്ഞു.പല വീടുകളിലും പാചകവും ശുചീകരണവും ഉൾപ്പെടെയുള്ള ജോലി ചെയ്യിച്ച ശേഷം, ഭക്ഷണമോ വിശ്രമമോ നൽകാതിരിക്കുകയും മർദിക്കുകയും ചെയ്യുന്നെന്ന് യുവതികൾ അറിയിച്ചു.
പട്ടിണി മൂലം അവശയായ കൊല്ലം സ്വദേശിനിയെ ഒരു മാസത്തോളമാണ് ഏജന്‍റുമാർ മുറിയിൽ പൂട്ടിയിട്ടത്. അവശയായ തനിക്കു വെള്ളം തന്നതിന് മറ്റു യുവതികളെ ഏജന്‍റുമാർ ശകാരിച്ചെന്നും ഒടുവിൽ 2.06 ലക്ഷം രൂപ ഈടാക്കിയാണ് തന്നെ വിട്ടയച്ചതെന്നും അവർ പറഞ്ഞു.
‘പ്രശ്നങ്ങൾ പുറംലോകം അറിയാതിരിക്കാൻ ഫോൺ ഏജന്‍റുമാർ പിടിച്ചുവച്ചിരിക്കുകയാണ്. പലരുടെയും കുവൈത്തിലെയും നാട്ടിലെയും സിം കാർഡുകളും ഫോണും നശിപ്പിച്ചു. മലയാളികളുടെയും മറുനാട്ടുകാരുടെയും സംയുക്ത ഉടമസ്ഥതയിലുള്ള റിക്രൂട്ടിങ് സ്ഥാപനമാണ് ചതി നടത്തുന്നത്. തിരിച്ചയച്ചപ്പോൾ സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്നും കുടിശികയോ പരാതിയോ ഇല്ലെന്നും എഴുതി ഒപ്പിട്ടു വാങ്ങിയെന്നും അവർ പറഞ്ഞു.
കുവൈത്തിലെ പാചകരീതി വശമില്ലെന്നും ശുചീകരണത്തിനു മാത്രമേ അയയ്ക്കാവൂ എന്നും ആദ്യമേ അറിയിച്ചിരുന്ന യുവതികളെ പോലും പലപ്പോഴും പാചകത്തിനു കൂടി ചുമതലപ്പെടുത്തി. പല വീടുകളിൽനിന്നും ഏതാനും ദിവസങ്ങൾക്കകം മടങ്ങിപോകേണ്ടിവരും. കൂടാതെ, അത്രയും ദിവസം ജോലി ചെയ്തതിനുള്ള പണം ഏജന്‍റുമാർ നൽകാറില്ലെന്നും പരാതിക്കാർ സൂചിപ്പിച്ചു.
സാമൂഹിക പ്രവർത്തകർ മുഖേന പ്രശ്നം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പറഞ്ഞപ്പോഴാണ് പെരുമ്പിലാവ് സ്വദേശിനിയെ തിരിച്ചയയ്ക്കാൻ ഏജന്‍റുമാർ തയാറായത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെട്ട് കുടുങ്ങിക്കിടക്കുന്ന യുവതികളെ രക്ഷിക്കണമെന്നാണ് നാട്ടിലെത്തിയവരുടെ അഭ്യർഥന.