വൺ ബില്യൻ റെഡിനസ് പദ്ധതിയുമായി ദുബായ്; 100 കോടി ആളുകൾക്ക് അഗ്നിരക്ഷാ പരിശീലനം

Mail This Article
ദുബായ് ∙ ആഗോള തലത്തിൽ 100 കോടി ആളുകൾക്ക് അഗ്നിരക്ഷാ പരിശീലനം നൽകുന്ന വൺ ബില്യൻ റെഡിനസ് പദ്ധതിക്ക് ദുബായ് തുടക്കമായി. 34 രാജ്യങ്ങളിലെ 18 അഗ്നിരക്ഷാ സംഘടനകളുമായി സഹകരിച്ച് 2 വർഷംകൊണ്ട് പരിശീലനം പൂർത്തിയാക്കും. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഇതിന്റെ ഭാഗമായി 'ഹോപ് കോൺവോയ്സ്' പദ്ധതിയിലൂടെ നിർധന രാജ്യങ്ങളിൽ അഗ്നിശമന സ്റ്റേഷനുകൾ സ്ഥാപിക്കും. അത്യാവശ്യ അഗ്നിശമന ഉപകരണങ്ങളും വിതരണം ചെയ്യും.
ബോധവൽക്കരണം ഊർജിതമാക്കും
ആഗോള രാജ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ വിവിധ ഭാഷകളിൽ സജ്ജമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെണ് പരിശീലനമെന്ന് ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ റാഷിദ് താനി അൽ മത്റൂഷി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഉപയോഗപ്പെടുത്തി ബോധവൽക്കരണ പദ്ധതികൾ ഊർജിതമാക്കും.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, സ്കൂളുകൾ, സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാകും ക്യാംപെയ്നുകൾ നടത്തുക. ലൊസാഞ്ചലസിലെ കാട്ടുതീ വ്യാപനമാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കുന്നതിനു പ്രേരണയായത്. അഗ്നിശമനത്തിൽ ലോക ജനതയ്ക്ക് പ്രാഥമിക വിജ്ഞാനം പകരുകയാണ് ലക്ഷ്യം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഗ്ലോബൽ വൈൽഡ്ഫയർ മോണിറ്ററിങ് സെന്ററും ദുബായ് സിവിൽ ഡിഫൻസ് റെഡിനസ് പ്രോഗ്രാമും നൽകുന്ന സർട്ടിഫിക്കറ്റും നൽകും.