'സാധ്യതകളുടെ പറുദീസയ്ക്ക് ' ഗുഡ്ബൈ; യുഎഇ മുഴുവൻ സഞ്ചരിക്കണമെന്ന മോഹം ബാക്കിയാക്കി മലയാളി നാട്ടിലേക്ക്

അബുദാബി ∙ യുഎഇയിലെത്തി 35 വർഷം ഒരേ കമ്പനിയിൽ ജോലി ചെയ്ത് നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്കു മടങ്ങുകയാണ് കൊല്ലം ശൂരനാട് സ്വദേശി ജോർജ് തോമസ്. ഇനി കൂട്ട് ഈ രാജ്യം നൽകിയ നല്ല ഓർമകൾ.
അബുദാബി ∙ യുഎഇയിലെത്തി 35 വർഷം ഒരേ കമ്പനിയിൽ ജോലി ചെയ്ത് നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്കു മടങ്ങുകയാണ് കൊല്ലം ശൂരനാട് സ്വദേശി ജോർജ് തോമസ്. ഇനി കൂട്ട് ഈ രാജ്യം നൽകിയ നല്ല ഓർമകൾ.
അബുദാബി ∙ യുഎഇയിലെത്തി 35 വർഷം ഒരേ കമ്പനിയിൽ ജോലി ചെയ്ത് നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്കു മടങ്ങുകയാണ് കൊല്ലം ശൂരനാട് സ്വദേശി ജോർജ് തോമസ്. ഇനി കൂട്ട് ഈ രാജ്യം നൽകിയ നല്ല ഓർമകൾ.
അബുദാബി ∙ യുഎഇയിലെത്തി 35 വർഷവും ഒരേ കമ്പനിയിൽ ജോലി ചെയ്ത് നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്കു മടങ്ങുകയാണ് കൊല്ലം ശൂരനാട് സ്വദേശി ജോർജ് തോമസ്. ശിഷ്ടകാലത്തിന് കൂട്ട് ഈ രാജ്യം നൽകിയ നല്ല ഓർമകൾ. അബുദാബി മഫ്റഖിലെ ദാഫിർ കോൺട്രാക്ടിങ് കമ്പനിയിൽ സ്റ്റോർ കീപ്പറായ ജോർജ് തോമസിന് ഈ രാജ്യത്തോട് യാത്ര പറയാൻ ഇഷ്ടമുണ്ടായിട്ടല്ല, വീട്ടിലെ സാഹചര്യങ്ങൾ കാരണമാണ് മടക്കം അനിവാര്യമായത്. മൂന്നര പതിറ്റാണ്ടിനിടെ അല്ലലില്ലാതെ സന്തോഷകരമായ ജീവിതം നയിക്കാനായതാണ് വലിയ സമ്പാദ്യമെന്ന് തോമസ് സാക്ഷ്യപ്പെടുത്തുന്നു. മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനായതും മകളുടെ വിവാഹം നല്ല രീതിയിൽ നടത്താനായതും ഈ നാട്ടിൽനിന്നുള്ള അധ്വാനം കൊണ്ടാണെന്ന് പറഞ്ഞു. പ്രായം 62 കടന്നതും തിരിച്ചുപോക്കിന് പ്രേരിപ്പിച്ചു. നാട്ടിൽ പോയിട്ട് ഇനി എന്ത് എന്നൊന്നും തീരുമാനിച്ചിട്ടില്ല. അവിടെ സാഹചര്യമനുസരിച്ച് നീങ്ങും.
യുഎഇ വികസനത്തിലേക്കു കുതിച്ചുവരുന്ന ഘട്ടത്തിൽ 1988ലാണ് തോമസ് അബുദാബിയിൽ എത്തിയത്. 20 വർഷത്തോളം നഗരത്തിലും പിന്നീടുള്ള 15 വർഷം മഫ്റഖിലെ വ്യവസായ മേഖലയിലും. മഫ്റഖിലെത്തുമ്പോൾ മൺപാതകളായിരുന്നു. കമ്പനി വണ്ടിയിൽ ആഴ്ചകൾ ഇടവേളയിൽ മുസഫയിലെത്തിയാണ് നിത്യോപയോഗ സാധനം വാങ്ങിയിരുന്നതെന്നും ഓർക്കുന്നു. ഇന്ന് തൊട്ടടുത്തുതന്നെ ഒട്ടേറെ ഹൈപ്പർമാർക്കറ്റുകളായി. നിരവധി കമ്പനികളും ലേബർ ക്യാംപുകളും നിറഞ്ഞു. അക്കാലത്ത് വികസനം നഗരത്തിലായിരുന്നെങ്കിൽ ഇന്ന് ഉൾപ്രദേശങ്ങളിലേക്കും വ്യാപിച്ചു.
35 വർഷത്തിനിടെ പല ജോലി വാഗ്ദാനങ്ങൾ ലഭിച്ചെങ്കിലും യുഎഇയിൽ ആദ്യമായി എത്തിയ തന്നെ ഇരുകൈയും നീട്ടി സ്വീകരിച്ച കമ്പനി വിട്ടുപോകാൻ മനസ്സുവന്നില്ല. നല്ല സഹകരണമുള്ള കമ്പനിയിൽനിന്ന് മാറാൻ ശ്രമിച്ചില്ല എന്നതാണ് വാസ്തവം. കമ്പനിയോടും ഈ നാടിനോടും ഭരണാധികാരികളോടും കടപ്പെട്ടിരിക്കുന്നു. വിദേശത്തേക്കു പോകാൻ ആഗ്രഹിക്കുന്നവരോട് യുഎഇ തിരഞ്ഞെടുക്കാനാണ് തോമസിന്റെ ഉപദേശം. ഏതെങ്കിലുമൊരു തൊഴിലിൽ പ്രാവീണ്യമുള്ള വിദഗ്ധനായി വേണം വരാൻ. വിദഗ്ധ ജോലിക്കാർക്ക് സാധ്യതകളുടെ പറുദീസയാണ് ഈ രാജ്യം. ജാതിമത, വർണവർഗ വ്യത്യാസമില്ലാതെ ലോക രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകളെ ചേർത്തുപിടിക്കുന്ന മറ്റൊരു രാജ്യമില്ല. ഈ കാലത്തിനിടയ്ക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്നും തോമസ് പറയുന്നു.
പതിറ്റാണ്ടുകൾക്ക് മുൻപ് പുറംപോലകവുമായി കാര്യമായ ബന്ധമൊന്നും ജീവനക്കാർക്കുണ്ടാകുമായിരുന്നില്ല. ജോലി കഴിഞ്ഞാൽ താമസ സ്ഥലത്ത്. വാരാന്ത്യ അവധിയിലാണ് ഒരാഴ്ചത്തെ അലക്കലും ശുചീകരണവുമെല്ലാം. പിന്നീട് വാഹന സൗകര്യങ്ങൾ ആയപ്പോൾ വാരാന്ത്യത്തിൽ ഇടയ്ക്ക് കൂട്ടുകാരുമൊത്ത് പുറത്തു പോയി വരും. എന്നാൽ തോമസും സഹോദരൻ സക്കറിയയും ചേർന്ന് ഒഴിവുസമയം വിനിയോഗിച്ചത് കൃഷിയിലാണ്. താമസ സ്ഥലത്തെ വീട്ടുമുറ്റം കൃഷിയോഗ്യമാക്കി വിത്തിട്ടു നൂറുമേനി വിളയിച്ചു. വീട്ടാവശ്യത്തിന് 8 മാസത്തേക്കുള്ള ആവശ്യമായ പച്ചക്കറികളെല്ലാം ഇവിടെ കൃഷി ചെയ്തുവെന്നു മാത്രമല്ല ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമീപ വാസികൾക്കുമെല്ലാം ഉദാരമായി നൽകുകയായിരുന്നു.
ലൈസൻസ് കിട്ടിയ ശേഷം പൊതു അവധി ദിവസങ്ങളിൽ വാഹനത്തിൽ വിവിധ എമിറേറ്റുകൾ പോയി കണ്ടിട്ടുണ്ടെങ്കിലും യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ട്രെയിനിൽ കയറി യുഎഇ മുഴുവൻ സഞ്ചരിക്കണമെന്ന മോഹം ബാക്കിയാക്കിയാണ് പ്രവാസ ജീവിതത്തോട് ഗുഡ്ബൈ പറയുന്നത്. പ്രവാസ ലോകത്തോട് വിടപറയുമ്പോൾ ഈ നാടു സമ്മാനിച്ച "ഇൻശാ അല്ലാഹ്..." വാക്ക് കൂടെയുണ്ടെന്നും ദൈവം അനുഗ്രഹിച്ചാൽ ഭാര്യയുംകൂട്ടി വീണ്ടും വരുമ്പോൾ ഇത്തിഹാദ് റെയിലിലും ഹൈസ്പീഡ് റെയിലിലും കയറാനാകുമെന്ന പ്രതീക്ഷിക്കുന്നതായും തോമസ് പറഞ്ഞു.
ഭാര്യ ഷീജ തോമസ്. മകൾ റോഷ്നി തോമസ് അബുദാബിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. മകൻ റോഷൻ തോമസ് കോഴിക്കോട് എൻഐടിയിൽ എംടെകിന് പഠിക്കുന്നു.