14 വർഷത്തെ യാത്രാ വിലക്ക് മാറി; പിന്നാലെ സഹായങ്ങൾക്ക് കാത്തുനിൽക്കാതെ ജെർമിയാസ് വിടവാങ്ങി

Mail This Article
ഷാർജ ∙ ഉദാരമതികളുടെ സഹായത്തിനു കാത്തുനിൽക്കാതെ കൊല്ലം ശാസ്താംകോട്ട സ്വദേശി ജെർമിയാസ് ജോസഫ് (69) ജീവിതത്തോടു വിടപറഞ്ഞു. 5 പതിറ്റാണ്ടോളം യുഎഇയിൽ ജീവിച്ച് ബിസിനസ് ചെയ്തുവന്ന ജെർമിയാസിനെ സാമ്പത്തിക പ്രതിസന്ധിയും അർബുദം രോഗവും തളർത്തി. ഏതാനും ദിവസമായി ഷാർജ അൽഖാസിമി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രിയാണ് മരണം. ജന്മനാട്ടിലേക്കു തിരിച്ചെത്തി തുടർ ചികിത്സ ലഭ്യമാക്കണമെന്ന മോഹം സഫലമാക്കാനായി സാമൂഹിക പ്രവർത്തകർ ഇടപെട്ട് രേഖകൾ ശരിയാക്കിവരികയായിരുന്നു. അർബുദ രോഗബാധിതനായ ജെർമിയാസ് ദ്രവരൂപത്തിലുള്ള ആഹാരമാണ് കഴിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളാവുകയും മരിക്കുകയുമായിരുന്നു.
1977ൽ ദുബായിലെത്തി കരാമയിൽ മെയ്ന്റനൻസ് കമ്പനി നടത്തിവരികയായിരുന്നു. 2017ൽ ബിസിനസ് തകർന്ന് ചെക്ക് കേസിലകപ്പെട്ടതോടെ നിയമക്കുരുക്കിലായി. യാത്രാ വിലക്കുള്ളതിനാൽ 14 വർഷമായി നാട്ടിലേക്കു പോകാനോ വീസ പുതുക്കാനോ സാധിച്ചിരുന്നില്ല. കെട്ടിട വാടകയിനത്തിൽ 70,000 ദിഹത്തിന്റെ ചെക്ക് കേസിൽപെട്ടതോടെയാണ് യാത്രാവിലക്ക് നേരിടേണ്ടിവന്നത്.
ജെർമിയാസിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിന്റെ ജീവകാരുണ്യവിഭാഗം 50,000 ദിർഹം ദിർഹം നൽകി. ശേഷിച്ച തുക റിയൽ എസ്റ്റേറ്റ് കമ്പനി വിട്ടുനൽകിയതോടെ കഴിഞ്ഞ ദിവസം കേസ് പിൻവലിച്ചിരുന്നു. ഇതോടെ യാത്രാ വിലക്ക് മാറിയ സന്തോഷത്തിലായിരുന്നു ജെർമിയാസ്.
ജെർമിയാസിന്റെ ദുരവസ്ഥ മനോരമയിലൂടെ അറിഞ്ഞ യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജി എമിറേറ്റ്സ് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. ജെർമിയാസ് നേരത്തെ സബ് കോൺട്രാക്ട് എടുത്തിരുന്ന കമ്പനിയും ടിക്കറ്റ് വാഗ്ദാനം ചെയ്തു. നാട്ടിൽ തുടർചികിത്സയ്ക്കുള്ള സഹായം കൂടി ലഭ്യമാകുകയാണെങ്കിൽ ആശ്വാസമായിരുന്നുവെന്ന് ജെർമിയാസ് പറഞ്ഞിരുന്നതായി ഗ്ലോബൽ പ്രവാസി യൂണിയൻ ചെയർമാൻ അഡ്വ. ഫരീദും മെർവിൻ കരുനാഗപ്പള്ളിയും പറഞ്ഞു. പക്ഷാഘാതം ബാധിച്ച ഭാര്യയും 3 മക്കളും ഫിലിപ്പീൻസിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സന്നദ്ധപ്രവർത്തകർ.