അൽ ഐൻ മൃഗശാലയിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ പ്രവേശനം

Mail This Article
അൽ ഐൻ∙ അൽ ഐൻ മൃഗശാലയിൽ പ്രവാസികൾ ഉൾപ്പെടെയുള്ള മുതിർന്ന പൗരന്മാർക്ക് ഇനി മുതൽ സൗജന്യമായി പ്രവേശിക്കാം. കഴിഞ്ഞയാഴ്ച പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച "ഇയർ ഓഫ് കമ്മ്യൂണിറ്റി" തീരുമാനപ്രകാരമാണിത്.
60 വയസ്സും അതിന് മുകളിൽ പ്രായമുള്ള ആർക്കും അൽ ഐൻ മൃഗശാലയിലേക്കുള്ള സൗജന്യ പ്രവേശനത്തിന് അവസരമുണ്ട്. മുൻപ് 70 വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്കാണ് ഈ ഇളവ് അനുവദിച്ചിരുന്നത്. പ്രായപരിധി കുറയ്ക്കുന്നതിലൂടെ മൃഗശാല അതിന്‍റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും അവസരം ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, പാതകൾ, തുറസ്സായ സ്ഥലങ്ങൾ, സഞ്ചരിക്കാൻ വാഹനങ്ങൾ എന്നിവ മൃഗശാലയിൽ ലഭ്യമാണ്. കൂടാതെ, വിസിറ്റർ ഹാപ്പിനസ് ഓഫിസിൽ ആവശ്യപ്പെട്ടാൽ വീൽചെയറുകളും ലഭ്യമാകും. സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കൂട്ടായ ഉത്തരവാദിത്തം വളർത്തുന്നതിനും സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്കുള്ള സാധ്യതകൾ തുറക്കുന്നതിനും തങ്ങൾ കൈകോർത്ത് പ്രവർത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.