സൗദിയിലെത്തിയത് 2 മാസം മുൻപ്, ആത്മഹത്യയെക്കുറിച്ച് ഇന്‍റർനെറ്റിൽ തിരഞ്ഞു; നോവോർമ്മയായി വെങ്കിടാജലം

തമിഴ്‌നാട് സ്വദേശിയായ വെങ്കിടാജലം ചിന്ന ദുരൈയെയുടെ (32) മൃതദേഹം സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിച്ചു.
തമിഴ്‌നാട് സ്വദേശിയായ വെങ്കിടാജലം ചിന്ന ദുരൈയെയുടെ (32) മൃതദേഹം സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിച്ചു.
തമിഴ്‌നാട് സ്വദേശിയായ വെങ്കിടാജലം ചിന്ന ദുരൈയെയുടെ (32) മൃതദേഹം സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിച്ചു.
റിയാദ്∙ തമിഴ്‌നാട് സ്വദേശിയായ വെങ്കിടാജലം ചിന്ന ദുരൈയെയുടെ (32) മൃതദേഹം സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിച്ചു. അറിയലൂർ ജില്ലയിലെ വെള്ളിപിരങ്കിയം സ്വദേശിയായ വെങ്കിടാജലം, റിയാദിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള താദിക്കിൽ കാർഷിക ജോലിക്കായി എത്തിയതായിരുന്നു.
രണ്ടു ദിവസമായി വെങ്കിടാജലത്തെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ സുഹൃത്തുക്കൾ വഴി കേളിയെ സമീപിച്ചു. കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയിൽ പരാതി നൽകി. തുടർന്ന് മുസമിയ ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോളിന്‍റെയും ജീവകാരുണ്യ കൺവീനർ നസീർ മുള്ളൂർക്കരയുടെയും നേതൃത്വത്തിൽ താദിക്കിലെ പ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. റൂമിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് കരുതപ്പെടുന്നു. സംഭവം നടന്ന് 18 ദിവസത്തിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.
തുടർന്ന് സ്പോൺസറുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ച് ഇന്ത്യൻ എംബസിയെയും നാട്ടിലെയും വിവരമറിയിച്ചു. ജോലിക്കെത്തി രണ്ടുമാസമായതിനാലും ആത്മഹത്യ ചെയ്തതിനാലും മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സ്പോൺസർ തയ്യാറായില്ല. വിഷയം എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും എംബാം ചെയ്യുന്നതിനുമുള്ള ചെലവുകൾ എംബസി വഹിച്ചു.
മരണത്തിന് മുൻപ് ആത്മഹത്യയെക്കുറിച്ച് ഇന്‍റർനെറ്റിൽ തിരഞ്ഞതായി പൊലീസ് പറയുന്നു. കേളി ജീവകാരുണ്യ വിഭാഗം തുടർ നടപടികൾ സ്വീകരിച്ച് മൃതശരീരം നാട്ടിലെത്തിച്ചു.
വെങ്കിടാജലത്തിന്‍റെ കുടുംബം അവരുടെ ദയനീയ അവസ്ഥ വിവരിച്ച് ജില്ലാ അധികാരികൾക്ക് പരാതി നൽകി. രണ്ട് കുഞ്ഞുങ്ങളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു വെങ്കിടാജലം. ജില്ലാ അധികാരികൾ വിഷയത്തിൽ ഇടപെട്ട് വെങ്കിടാജലത്തിന്‍റെ ഭാര്യക്ക് തയ്യൽ മെഷീനും മറ്റ് ലോൺ സൗകര്യങ്ങളും ചെയ്തതായി അമ്മ അറിയിച്ചു.