റമസാൻ: അയ്യായിരത്തിലധികം ഉത്പന്നങ്ങൾ, വമ്പിച്ച വിലക്കുറവ്; യൂണിയൻ കോപ്പിൽ ക്യാംപെയ്ൻ തുടങ്ങി

Mail This Article
ദുബായ് ∙ റമസാൻ പ്രമാണിച്ച് റീട്ടെയിലർ സ്ഥാപനമായ യൂണിയൻ കോപ് വിലക്കുറവ് ക്യാംപെയിൻ ആരംഭിച്ചു. ഉത്പന്നങ്ങൾക്ക് 60% വിലക്കുറവാണ് റമസാനിൽ നൽകുക.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച 'ഹാൻഡ് ഇൻ ഹാൻഡ്' എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള യുഎഇയുടെ 'ഇയർ ഓഫ് ദ് കമ്യൂണിറ്റി' സംരംഭത്തിന് അനുസൃതമായാണ് ക്യാംപെയിനെന്ന് സിഇഒ മുഹമ്മദ് അൽ ഹാഷിമി പറഞ്ഞു. 5,000-ത്തിലേറെ ഭക്ഷ്യ-ഭക്ഷണേതര ഉൽപന്നങ്ങൾക്ക് 60% വരെ കിഴിവുകളാണ് ലഭിക്കുക. കൂടാതെ വിശുദ്ധ മാസത്തിൽ താങ്ങാനാവുന്ന വിലയിൽ സാധനങ്ങൾ നൽകാനും ഉപഭോക്താക്കളെ പിന്തുണയ്ക്കാനും കഴിയുമെന്നും അൽ വർഖ സിറ്റി മാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വ്യക്തികൾക്കും കുടുംബങ്ങൾക്കും അവശ്യ ഭക്ഷ്യ വസ്തുക്കളും ഭക്ഷ്യേതര ഉൽപന്നങ്ങളും ഉൾപ്പെടുത്തി ശ്രദ്ധാപൂർവം തിരഞ്ഞെടുത്തതാണ് 5,000 ഇനം ഉത്പന്നങ്ങൾ. റമസാനിൽ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനായി മത്സര വിലയുള്ള ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന 12 പ്രമോഷനുകൾ ക്യാംപെയിനിൽ അവതരിപ്പിക്കും. അരി, മാംസം, കോഴി, ടിന്നിലടച്ച ഭക്ഷണങ്ങൾ, ഉയർന്ന ഡിമാൻഡുള്ള മറ്റ് റമസാൻ ഇനങ്ങൾ എന്നിവയുൾപ്പെടെ 200-ലേറെ അവശ്യ വസ്തുക്കളുടെ വില 'ലോക്ക്' ചെയ്തുകൊണ്ട് വിലസ്ഥിരതാ സംരംഭം തുടരും.
42-ലേറെ യുഎഇ ഫാമുകളുമായി സഹകരിച്ച് ജൈവ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിലൂടെ പ്രാദേശിക കൃഷിയെ യൂണിയൻ കോപ് പിന്തുണയ്ക്കുന്നു. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ളതും ഫ്രഷുമായ ഉൽപന്നങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ, യുഎഇ പൗരന്മാർക്ക് തൊഴിലവസരങ്ങളും പരിശീലന പരിപാടികളും നൽകി യൂണിയൻ കോപ് സ്വദേശിവത്കരണത്തോട് പ്രതിബദ്ധത ഉറപ്പാക്കുന്നതായും അൽ ഹാഷിമി പറഞ്ഞു. റമസാനിലെ വർധിച്ച ആവശ്യം നിറവേറ്റുന്നതിനായി വേഗത്തിലും കാര്യക്ഷമമായും ഹോം ഡെലിവറി വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ സ്റ്റോർ, സ്മാർട്ട് ആപ് എന്നിവ വഴിയുള്ള സേവനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പുണ്യമാസത്തിൽ ഇപ്രാവശ്യവും യണിയൻ കോപ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും. സാമ്പത്തിക മന്ത്രാലയം കൊമേഴ്സ്യൽ കൺട്രോൾ ആൻഡ് ഗവർണൻസ് അസി. അണ്ടർസെക്രട്ടറി സഫിയ ഹാഷിം അൽ സാഫിയും സംബന്ധിച്ചു.