ഓർമകൾക്ക് എന്നും സുഗന്ധമാണ്. നല്ല ഓർമകൾ അടയാളപ്പെടുത്തുന്ന സുഗന്ധദ്രവ്യങ്ങൾ എന്നും നമുക്ക് പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടാണ്.

ഓർമകൾക്ക് എന്നും സുഗന്ധമാണ്. നല്ല ഓർമകൾ അടയാളപ്പെടുത്തുന്ന സുഗന്ധദ്രവ്യങ്ങൾ എന്നും നമുക്ക് പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർമകൾക്ക് എന്നും സുഗന്ധമാണ്. നല്ല ഓർമകൾ അടയാളപ്പെടുത്തുന്ന സുഗന്ധദ്രവ്യങ്ങൾ എന്നും നമുക്ക് പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഓർമകൾക്ക് എന്നും സുഗന്ധമാണ്. നല്ല ഓർമകൾ അടയാളപ്പെടുത്തുന്ന സുഗന്ധദ്രവ്യങ്ങൾ എന്നും നമുക്ക് പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടാണ്. മലപ്പുറത്തെ പാരമ്പര്യ വൈദ്യകുടുംബത്തിൽ നിന്ന് ജീവിതോപാധി തേടി യുഎഇയിലെത്തിയ സി.പി. ഫൈസൽ. ഇന്ന് ഫൈസലിന്റെ പേര് ചേർത്ത് വായിക്കപ്പെടുന്ന ഏവർക്കും പരിചിതമായ ഒരു സുഗന്ധദ്രവ്യശ്രേണിയുണ്ട്, വീ പെർഫ്യൂം.

തിരുന്നാവായ മണൽപുറത്ത് നടന്ന് വന്നിരുന്ന മാമാങ്കത്തിൽ പടയാളികളുടെ ആരോഗ്യസംരക്ഷണത്തിനും പരുക്കേൽക്കുന്നവരെ ചികിത്സിക്കാനും സാമൂതിരി രാജാവ് തുളുനാട്ടിലെ ചങ്ങമ്പള്ളി ഗ്രാമത്തിൽ നിന്ന് കൊണ്ടു വന്ന ഗുരുക്കന്മാരുടെ പുതിയ തലമുറയാണ് തിരുനാവായ എടക്കുളത്തെ ഇന്നത്തെ ചങ്ങമ്പള്ളി കുടുംബം. ആ ചങ്ങമ്പള്ളി കുടുംബത്തിലെ കണ്ണിയാണ് സി.പി. ഫൈസലെന്ന ഫൈസൽ ചങ്ങമ്പള്ളി. 600 ദിർഹം ആദ്യ ശമ്പളത്തിൽ നിന്നാരംഭിച്ച് 750 മില്യൻ ദിർഹം വാർഷിക വരുമാനത്തിലെത്തി നിൽക്കുന്നൊരു സ്ഥാപനത്തിന്റെ അമരക്കാരിൽ ഒരാൾ. യുഎഇയിലും ജിസിസിയിലും വിജയസുഗന്ധമായി വീ പെർഫ്യൂം മാറിയെങ്കിൽ അതിന് പിന്നിൽ കഠിനാധ്വാനത്തിന്റെ കഥയുണ്ട്, മൂന്ന് സൗഹൃദങ്ങളുടെ ഇഴയടുപ്പത്തിന്റെ ആഴവും പരപ്പുമുണ്ട്

ADVERTISEMENT

∙ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടുവിട്ട കുട്ടി
ഫൈസലിന്റെ പിതാവ് കുഞ്ഞാലൻകുട്ടി ഗുരുക്കൾ എഴുപതുകളിൽ, പത്തേമാരിയിൽ മണലാരണ്യത്തിലേക്ക് അന്നം തേടിപ്പോയവരിലൊരാളായിരുന്നു. യുഎഇയിൽ റിഗ്ഗിലായിരുന്നു അദ്ദേഹത്തിന് ജോലി. പിതാവിനെക്കുറിച്ചു പറയുമ്പോൾ ആദ്യം മകന്റെ ഓർമയിലെത്തുക ഗൾഫിലെ അത്തറിന്റെ മണമാണ്. അന്ന് ചെറിയ ഇടവേളകളിൽ നാട്ടിലെത്തിയിരുന്ന പിതാവിന്റെ ഗന്ധം ഏത് ഉറക്കത്തിലും താൻ തിരിച്ചറിയുമായിരുന്നെന്ന് ഫൈസൽ ഓർമിച്ചെടുക്കുന്നു. ഒരുപക്ഷേ ഫൈസൽ ആദ്യം തിരിച്ചറിഞ്ഞ സുഗന്ധവും അതായിരുന്നിരിക്കണം, ഉപ്പയുടെ മണം. വളരെ കണിശക്കാരനായ പിതാവായിരുന്നു ഗുരുക്കൾ. മകനെ ഡോക്ടറായിക്കാണുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

സിപി ഫൈസല്‍. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പക്ഷേ കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു. പത്താം തരത്തിൽ പഠിക്കുമ്പോൾ നാടുവിട്ട ഫൈസലിനെ പിന്നീട് കോയമ്പത്തൂരിലെ തെരുവുകച്ചവടക്കാരുടെ സംഘത്തിൽ നിന്ന് വീട്ടുകാർ കണ്ടെത്തി തിരികെയെത്തിക്കുമ്പോഴേയ്ക്കും ഫൈസലിലെ വിദ്യാർഥി മറ്റൊരു മേഖലയിലേക്കുള്ള തന്റെ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. മലപ്പുറം തിരൂരിൽ ഡ്യൂട്ടി പെയ്ഡ് ഷോപ്പുകൾ തുടങ്ങുന്ന കാലമായിരുന്നു അത്. അവിടെ കൗമാരക്കാരനായിരുന്ന ഫൈസൽ ജോലിക്ക് നിന്നു. എന്നാൽ മകന്റെ ജീവിതവഴി അതല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാകണം പിതാവ് യുഎഇയെന്ന സ്വപ്നം മകന് മുന്നിൽ തുറന്നുവെച്ചത്.

സിപി ഫൈസല്‍. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ആദ്യ ശമ്പളം 600 ദിർഹം
1996ലാണ് ഫൈസൽ ഒരു ഫ്രീ വീസയിൽ ദുബായിലെത്തുന്നത്. ഭാഷ പഠിക്കുകയെന്നുള്ള ആദ്യ കടമ്പ മുതൽ ഒന്നൊന്നായി പലതും കടക്കാനുണ്ടായിരുന്നതുകൊണ്ടുതന്നെ തുടക്കത്തിൽ കിട്ടിയ എല്ലാ ജോലികളും ഫൈസൽ ചെയ്തു. പലയിടത്തും ശമ്പളം പോലുമുണ്ടായിരുന്നില്ല. മാളുകളിലെ ഷോപ്പുകളിൽ കണ്ണാടി ജനലുകളും ചുമരുകളും ക്ലീൻ ചെയ്യുന്നതുൾപ്പെടെയുള്ള പല പാർട്ട് ടൈം ജോലികളും ചെയ്തു. ആദ്യ ശമ്പളം 600 ദിർഹമായിരുന്നു. പിന്നീട് പെർഫ്യൂം ഷോപ്പിലെ സെയിൽസ്മാനായി. നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ട് പടിപടിയായി മാനേജരും ഏരിയാ മാനേജരുമെല്ലാമായി ജോലിക്കയറ്റം ലഭിച്ചു. പ്രായം നൽകിയ പക്വതയിൽ നിന്നും പഠനത്തിന്റെ മഹത്വവും പ്രാധാന്യവും ഉൾക്കൊണ്ട് ഫൈസൽ മുടങ്ങിപ്പോയ ഔപചാരിക വിദ്യാഭ്യാസവും ഭാഷാ പഠനവും ഇതിനിടയിൽ തുടർന്നു.

ഉമ്മയോട് വല്ലാത്ത അടുപ്പമുണ്ട് ഒരേയൊരു മകനായ ഫൈസലിന്. അഞ്ച് സഹോദരിമാരുടെ ഒറ്റ സഹോദരനാണ് ഫൈസൽ. ആ വാത്സല്യം ഉമ്മയ്ക്ക് എപ്പോഴുമുണ്ടായിരുന്നു, ഉമ്മയുടെ നിസ്കാരപ്പായയിൽ നിന്നാണ് ആദ്യമായി പെർഫ്യൂം കാണുന്നത്, ഫൈസലിന്റെ വാക്കുകളിൽ ഉമ്മയോടുള്ള സ്നേഹത്തിളക്കം. 18-ാം വയസ്സിൽ അധ്വാനം തുടങ്ങിയ കാലത്ത് കുടുംബത്തിന്റെ ഉത്തരവാദിത്തവും കടമകളും ഫൈസലിന് മുന്നിലുണ്ടായിരുന്നു. അന്ന് യുഎഇയിൽ നിന്ന് നാട്ടിലേക്ക് ഫോൺ ചെയ്യാൻ ഒരു മിനിറ്റിന് 14 ദിർഹം നൽകണം. ഓരോ തവണയും ഫോൺ ചെയ്ത് കഴിയുമ്പോൾ വീട്ടിലെ ഓർമ്മകൾ കണ്ണുനനയിക്കും. 21-ാം വയസ്സിൽ വിവാഹം കഴിച്ചു. ഭാര്യയും നാല് മക്കളും ജീവിതത്തിന് കൂടുതൽ സുഗന്ധം നൽകുന്നു.

ADVERTISEMENT

∙ 150 ചതുരശ്രമീറ്ററിൽ ആദ്യ ഷോറൂം
ജോലി ചെയ്യുന്നതിനിടയിൽത്തന്നെ ചെറിയ ബിസിനസുകളും ഫൈസൽ ആരംഭിച്ചു. ഒന്നും ശരിയായില്ലെങ്കിലും ആ ശ്രമം തുടർന്നുകൊണ്ടേയിരുന്നു. 2008ൽ ലോകം സാമ്പത്തിക മാന്ദ്യത്തിലായ സമയത്താണ് ദുബായ് ഔട്ട്‌ലെറ്റ് മാളിൽ കുവൈത്ത് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതും അവരുടെ കട ഫൈസലും സുഹൃത്തുക്കളും ഏറ്റെടുത്ത് നടത്തുവാൻ തീരുമാനിക്കുന്നതും. 

സാമ്പത്തികമായി സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് അത്തരമൊരു തീരുമാനം വലിയ റിസ്‌ക്കായിരുന്നുവെങ്കിലും സുഹൃത്തുക്കളോടൊപ്പം ആ റിസ്‌ക് ഏറ്റെടുക്കുവാൻ തന്നെ ഫൈസൽ തീരുമാനിച്ചു, ബഷീർ ഗുരുക്കൾ ചങ്ങമ്പള്ളി, ഫൈസൽ അബു യൂസഫ് അബ്ദുള്ള എന്നീ രണ്ട് സുഹൃത്തുക്കളും, ഒപ്പം പഴയ സ്ഥാപനത്തിലുണ്ടായിരുന്ന ബ്രിട്ടിഷ് പൗരനായിരുന്ന പീറ്റർ സ്റ്റാഫായും ചേർന്നപ്പോൾ, ദുബായ് ഔട്ട്‌ലെറ്റ് മാളിൽ 150 ചതുരശ്രമീറ്ററിൽ വി ബ്രാൻഡ് ഗാലറി തുറന്നു.  ചെറിയ പേര്, റജിസ്റ്റർ ചെയ്യുമ്പോൾ അക്ഷരക്കുറവ് വഴിയുള്ള പണ ലാഭം. ഈ രണ്ട് കാര്യങ്ങൾ മാത്രമാണ് പ്രധാനമായും വി. എന്ന ചെറിയ പേര് തിരഞ്ഞെടുക്കുമ്പോൾ അന്ന് ഓർത്തതെന്ന് ചിരിയോടെ ഫൈസൽ പറഞ്ഞു. ഇതിനിടെ ഫ്രാൻസിൽ പോയി പെർഫ്യൂമറി പഠിച്ചു. ഈ രംഗത്തെ അനുഭവസമ്പത്തും ഗുണമായി.

∙കോവിഡ് നല്‍കിയ ബ്രേക്ക്
ഒരാൾ പരമ്പരാഗത രീതിയിൽ നിന്ന് മാറി സ്ഥാപനത്തിന് കോർപ്പറേറ്റ് കൾച്ചർ നൽകിയതും മറ്റൊരാൾ പെർഫ്യൂം മേഖലയിലെ തന്റെ അനുഭവസമ്പത്ത് പകർന്നതും മറ്റൊരാൾ തന്റെ ഫിനാൻഷ്യൽ മാനേജ്മെന്റ് സ്കിൽ വിദഗ്ധമായി വിളക്കിച്ചേർത്തതുമാണ് ഒരു കമ്പനി എന്ന നിലയിലും ബ്രാൻഡ് എന്ന നിലയിലും വീ പെർഫ്യൂമിന്റെ ഏറ്റവും ശക്തമായ അടിത്തറ. രണ്ടാമത്തെ ഷോറൂം ദുബായിലെ ഇത്തിഹാദ് മാളിൽ തുടങ്ങുമ്പോഴേക്കും സാമ്പത്തികമായി കൂട്ടായ്മ സുരക്ഷിതമായിക്കഴിഞ്ഞിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ നേട്ടം. 

സമൂഹമാധ്യമങ്ങളുടെ അതിപ്രസരമുണ്ടാകാതിരുന്ന അന്നത്തെക്കാലത്ത്, ഇനി വരാനിരിക്കുന്നത് ഇ-കൊമേഴ്‌സും സമൂഹമാധ്യമക്കാലവുമാണെന്ന് മുന്നിൽ കണ്ടിരുന്നു. 2013ൽ തന്നെ സൂഖ് ഡോട്ട് കോമിൽ ഉൾപ്പെടെ വിൽപന നടത്തി കമ്പനി പതിയെ ഇ-കൊമേഴ്‌സിന്റെയും സമൂഹമാധ്യമങ്ങളുടെയും സാധ്യതകൾ മനസ്സിലാക്കി. 2019ൽ ഫെക്സ് എന്ന യുഎഇയിലെ സമൂഹമാധ്യമ താരമായ അബ്ദുൾ അസീസ് അൽമർസൂഖിയുമായി വീ പെർഫ്യൂം കരാറിൽ ഒപ്പുവച്ചു. എന്നാൽ മാസങ്ങൾക്കപ്പുറം ലോകം മുഴുവൻ കോവിഡിലേക്കും ലോക്ഡൗണിലേക്കും മാറി. അവിടെയാണ് ഇ-കൊമേഴ്‌സിലെ പരിചയം ഇവർക്ക് ഉപകാരപ്പെടുന്നത്. വെബ്സൈറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വലിയ തോതിലുള്ള വിൽപന നടന്നു. അതേസമയം ഹാൻഡ് സാനിറ്റൈസറിന്റെ ഫോർമുല മനസ്സിലാക്കി, അത് നിർമിച്ചതും അക്കാലത്ത് ഗുണമായി. ഇ-കൊമേഴ്‌സിൽ 500 ശതമാനം വളർച്ചയാണ് അക്കാലത്തുണ്ടായത്. നാല് മാസത്തോളം പൂട്ടിക്കിടന്നിട്ടും റീടെയിൽ മേഖലയിൽ വലിയ വളർച്ചയുണ്ടാക്കാൻ കഴിഞ്ഞതും നേട്ടമായി.

ADVERTISEMENT

∙പെർഫ്യൂം സംസ്കാരത്തിന്‍റെ ഭാഗം
പെർഫ്യൂമിന്‍റെ ഉപയോഗമെന്നത് അറബ് സംസ്കാരം കൂടിയാണ്. അതുകൊണ്ടുതന്നെ അവർ തന്നെയാണ് ഇവിടത്തെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. എന്നാല്‍ ഗൾഫിലെ ജനസംഖ്യയിൽ വളരെക്കൂടുതലുള്ള ഇന്ത്യക്കാരും പെർഫ്യൂം ഉപയോഗത്തില്‍ പുറകില്ലെന്നാണ് സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോരുത്തർക്കും അവരുടേതായ ഐഡന്‍റിറ്റി രേഖപ്പെടുത്തുവാൻ ഉതകുന്ന സുഗന്ധം വേണമെന്ന് ആഗ്രഹിക്കുന്നവരും ഇന്ന് കുറവല്ല. 

ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കനുസരിച്ച് മാറ്റം വരുത്തുന്നതാണ് വിജയവഴിയിലെത്തിക്കുന്നതെന്ന് ഫൈസല്‍ പറയുന്നു. സ്ഥാപനത്തിന് ഇന്ന് യുഎഇയില്‍ 40 ഓളം ഔട്ട്ലെറ്റുകളുണ്ട്, ജിസിസിയില്‍ മൊത്തം 51 ഔട്ട് ലെറ്റുകളും. 700 ഓളം ജീവനക്കാരും ഇന്ന് സ്ഥാപനത്തിന്‍റെ  ഭാഗമാണ്. സാധാരണക്കാരന്‍റെ പോക്കറ്റിലൊതുങ്ങുന്ന  പത്ത് ദിർഹം മുതല്‍ 2500 ദിർഹം വരെയുളള പെർഫ്യൂമുകള്‍ ലഭ്യം. 750 മില്ല്യൻ ദിർഹം വാർഷിക വരുമാനമുളള സ്ഥാപനം ഇന്ന് ഇലക്ട്രോണിക്സ്, ഒപ്റ്റിക്കല്‍സ് മേഖലകളിലേക്കുകൂടി  കടന്നു കഴിഞ്ഞു.

∙ സിനിമാ താരങ്ങൾ മുതല്‍ ഫുട്ബോൾ ഇതിഹാസം വരെ
സിനിമാ മേഖലയിലെ നിരവധിപേർ സുഗന്ധം തേടിയെത്താറുണ്ടെന്ന് ഫൈസല്‍. ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലുളള  പെർഫ്യൂം  അതിന്‍റെ ജിസിസി  വിതരണക്കാരായി തിരഞ്ഞെടുത്തിരിക്കുന്നത് വീ പെർഫ്യൂംസിനെയാണ്. ഇക്കാലത്തിനിടെ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് അതെന്ന് ഫൈസല്‍ പറയുന്നു.

∙ രാജ്യം ചുറ്റും സുഗന്ധക്കാഴ്ചകൾ
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. പുതിയ സുഗന്ധവും കാഴ്ചകളും തേടി യാത്രകള്‍ ചെയ്യാറുണ്ട് യൂറോപ്പ്, അമേരിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെല്ലാം യാത്ര നടത്തിയിട്ടുണ്ട്. യാത്രകളിലൂടെ നേടിയെടുക്കുന്ന അനുഭവസമ്പത്തും അറിവുകളും മാറുന്ന അഭിരുചികളുമെല്ലാം മനസിലാക്കി പുതിയ പുതിയ സുഗന്ധവഴികളിലൂടെ മുന്നോട്ട് നടക്കുകയാണ് ഫൈസല്‍

∙ നീ തുടങ്ങടാ,അടിതെറ്റിയാല്‍ നാട്ടിലേക്ക് അയക്കുവാനുളള പണം ഞാന്‍ തരാം
ആദ്യ ഷോറൂം തുടങ്ങുന്ന സമയത്ത്, പ്രചോദനം നല്‍കിയ, തിരിച്ചടി വന്നാല്‍ നാട്ടിലേക്കയക്കുവാനുളള പണം പോലും തങ്ങൾ തരാമെന്ന് പറഞ്ഞ സൗഹൃദങ്ങളാണ് അന്നും ഇന്നും ഫൈസലിന്‍റെ വലിയ കരുത്ത്.അന്ന് കൂടെ നിന്ന ബന്ധങ്ങളും സൗഹൃദങ്ങളും, ഇന്ന് പെർഫ്യൂം മേഖലയിലെ പല പേരുകാരാണ്. എന്നാല്‍ ഇവരെല്ലാം സൗഹൃദമെന്ന ഒറ്റച്ചരടില്‍ ബന്ധിച്ചവരാണെന്നുളളതാണ്  കൗതുകം. 

യുഎഇയിലെ പെർഫ്യൂം മേഖലയിലെ മലയാളികളില്‍ കൂടുതലും തിരൂർ ഭാഗത്തുനിന്നുളളവരാണെന്നുളളതാണ് മറ്റൊരു കൗതുകം. ഒരു ദിവസം കൊണ്ടുണ്ടായ വിജയമല്ല ഇത്. വിജയത്തില്‍ നിന്നും പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ഓരോ ദിവസവും കടന്നുപോയിട്ടുളളത്. അതുകൊണ്ടുതന്നെ വിജയത്തില്‍ മതിമറക്കാറുമില്ല. മലയാളികളുടെ സ്വന്തം എം എ യൂസഫലി തന്നെയാണ് ഫൈസലിന്‍റെ റോള്‍ മോഡല്‍ ലിസ്റ്റില്‍ ആദ്യം വരുന്നയാള്‍. ഒന്നും നമുക്ക് ഇവിടെ നിന്നും കൊണ്ടുപോകാനില്ല, ചെറിയ ജീവിതത്തില്‍ ഉളളതും ഇല്ലാത്തതുമറിഞ്ഞ് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്താല്‍ മുന്നോട്ടുപോകുവാനുളള ഊർജ്ജം എന്നുമുണ്ടാകും, ഫൈസല്‍ പറഞ്ഞു നിർത്തുന്നു.

English Summary:

From Leaving School at 10 to Building a 750 Million Dirham Business: The Success Story of V.P. Faisal. He left his village in Kerala at the tender age of 10, while still in the fifth grade. At 18, he found himself in the UAE, starting with a meager salary of 600 dirhams. Today, V.P. Faisal is a driving force behind a company boasting an annual turnover of 750 million dirhams. This is the story of his remarkable journey and the success of his fragrance company, V.P. Perfumes.