നിർധന പ്രവാസി കുടുംബങ്ങൾക്ക് റമസാൻ സഹായം തേടാം; ക്യാംപെയ്ന് തുടക്കമിട്ട് ഖത്തർ ഔഖാഫ് മന്ത്രാലയം

Mail This Article
ദോഹ ∙ റമസാനിൽ ഖത്തറിലെ നിർധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ സക്കാത്ത് വകുപ്പിന്റെ ക്യാംപെയ്ന് തുടക്കമായി. പ്രവാസികൾ ഉൾപ്പെടെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് റമസാനിൽ സഹായം തേടാം. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് അർഹരായവർക്ക് സഹായം ലഭിക്കും.
'ദുല്ലുന അല അൽ മുതാഫി' (പാവപ്പെട്ടവനിലേക്ക് ഞങ്ങളെ നയിക്കണമേ) എന്ന പേരിലാണ് ക്യാംപെയ്ൻ. സക്കാത്ത് നൽകുന്നവരെയും ജീവകാരുണ്യ പ്രവർത്തകരേയും ഉൾപ്പെടുത്തി രാജ്യത്തിനകത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുകയാണ് ലക്ഷ്യമെന്ന് സക്കാത്ത് കാര്യ വകുപ്പ് ഡയറക്ടർ മലാല്ല അബ്ദുൽ റഹ്മാൻ അൽ ജാബർ വാർത്താസമ്മേളനത്തിൽ വിശദമാക്കി.
രാജ്യത്ത് സഹായത്തിന് അർഹരായവരുടെ ഡേറ്റാ ബേസ് സക്കാത്ത് വകുപ്പിന്റെ പക്കലുണ്ട്. 30,000 പേരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ വർഷം നിർധനർക്കായി 212 മില്യൻ ഖത്തർ റിയാൽ ആണ് നൽകിയത്.
∙ സഹായം തേടാൻ
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന നിർധനരായ പ്രവാസികൾക്ക് https://help.islam.gov.qa/mutafif/ എന്ന ലിങ്കിൽ കയറി അപേക്ഷ നൽകാം. അല്ലെങ്കിൽ 55188886 എന്ന നമ്പറിൽ അധികൃതരുമായി നേരിട്ട് ബന്ധപ്പെടാം. അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ കണ്ടെത്തിയാണ് സഹായം നൽകുക.