പ്രവാസമണ്ണിലേക്ക് 'ഒറ്റയ്ക്ക് വഴിതെളിച്ചെത്താൻ' കാരണം അറബ് വിവാഹങ്ങളിലെ ആ സാധ്യത, പിന്നാലെ സെലിബ്രിറ്റി 'കാൻഡിഡ് ക്ലിക് '; ഖത്തറിലെ താരം ഈ കൊച്ചിക്കാരി
നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രതിസന്ധികളെ അതിജീവിച്ച് ഒറ്റയ്ക്ക് വഴിതെളിച്ചെത്തിയ സന്ധ്യ കരിയറില്‍ 27 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് ദോഹയിലെ അറിയപ്പെടുന്ന വനിതാ ഫൊട്ടോഗ്രഫർ ആണ്. സന്ധു നിഴല്‍ എന്ന പേരിലാണ് സന്ധ്യ അറിയപ്പെടുന്നത്.
നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രതിസന്ധികളെ അതിജീവിച്ച് ഒറ്റയ്ക്ക് വഴിതെളിച്ചെത്തിയ സന്ധ്യ കരിയറില്‍ 27 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് ദോഹയിലെ അറിയപ്പെടുന്ന വനിതാ ഫൊട്ടോഗ്രഫർ ആണ്. സന്ധു നിഴല്‍ എന്ന പേരിലാണ് സന്ധ്യ അറിയപ്പെടുന്നത്.
നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രതിസന്ധികളെ അതിജീവിച്ച് ഒറ്റയ്ക്ക് വഴിതെളിച്ചെത്തിയ സന്ധ്യ കരിയറില്‍ 27 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് ദോഹയിലെ അറിയപ്പെടുന്ന വനിതാ ഫൊട്ടോഗ്രഫർ ആണ്. സന്ധു നിഴല്‍ എന്ന പേരിലാണ് സന്ധ്യ അറിയപ്പെടുന്നത്.
ദോഹ∙ ഫൊട്ടോഗ്രഫി രംഗത്തേക്ക് സ്ത്രീകള്‍ അപൂര്‍വമായി കടന്നു വന്നിരുന്ന കാലത്താണ് നോര്‍ത്ത് പറവൂര്‍കാരിയായ സന്ധ്യയെന്ന 20 കാരി ക്യാമറയും തൂക്കി കൊച്ചിയുടെ വേദികളിലെത്തിയിരുന്നത്. നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രതിസന്ധികളെ അതിജീവിച്ച് ഒറ്റയ്ക്ക് വഴിതെളിച്ചെത്തിയ സന്ധ്യ കരിയറില്‍ 27 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് ദോഹയിലെ അറിയപ്പെടുന്ന വനിതാ ഫൊട്ടോഗ്രഫറാണ്.
സന്ധു നിഴല്‍ എന്ന പേരിലാണ് സന്ധ്യ അറിയപ്പെടുന്നത്. നിഴലുകളെ, ചിത്രങ്ങളെ പ്രണയിക്കുന്ന ഈ വനിത ഇന്ന് ദോഹയിലെ ഫൊട്ടോഗ്രഫിയിൽ താല്‍പര്യമുള്ള പെണ്‍കുട്ടികളുടെ പ്രചോദനവും ആവേശവുമാണ്.
∙ പ്രചോദനമായത് മനോരമ
1997 ല്‍ നഴ്‌സിങ് പഠിക്കുന്ന സമയത്ത് മനോരമയില്‍ വന്നിരുന്ന വാര്‍ത്തകളേക്കാള്‍ കണ്ണിലുടക്കിയിരുന്നത് യാത്രാ വിവരണങ്ങളുടെയും പ്രഫഷനല്‍ ഫോട്ടഗ്രഫര്‍മാരുടെയും മനോഹരമായ ചിത്രങ്ങളിലായിരുന്നു. ഓരോ ചിത്രങ്ങളും വലിയ കൗതുകമായിരുന്നു. കൗമാരക്കാലത്ത് പ്രണയം തോന്നിയത് ക്യാമറ കണ്ണുകളില്‍ ഒപ്പിയെടുക്കുന്ന ഈ ചിത്രങ്ങളോട് മാത്രമായിരുന്നു. എങ്ങനെയാണ് ഇത്ര മനോഹരമായി ചിത്രങ്ങളെടുക്കുക എന്നത് അത്ഭുതമായിരുന്നുവെന്ന് സന്ധ്യ പറയുന്നു.
അന്ന് നഴ്‌സിങ്ങ് പഠിക്കാനാണ് വീട്ടുകാര്‍ അയച്ചത്. നഴ്‌സിങ് പഠനം രണ്ടാം വര്‍ഷമെത്തിയപ്പോഴാണ് കോഴ്‌സിന് അംഗീകാരമില്ലെന്ന് അറിയുന്നത്. അങ്ങനെ പഠനം നിര്‍ത്തി വീട്ടിലെത്തി. മനസ്സില്‍ നിറയെ മനോരമയിലെ മനോഹരമായ ചിത്രങ്ങളായിരുന്നു. ഫൊട്ടോഗ്രഫി പഠിക്കണമെന്ന് വീട്ടുകാരോട് ധൈര്യമായി പറയാന്‍ കഴിഞ്ഞു. അങ്ങനെയാണ് എറണാകുളത്തെ അരുണ്‍സ് കളര്‍ ലാബില്‍ ഫൊട്ടോഗ്രഫിയിൽ ഹ്രസ്വകാല കോഴ്‌സിന് ചേര്‍ന്നത്.
നഴ്‌സിങ് പഠിച്ച കോളജില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് തിരിച്ചു കിട്ടാനായി കേസ് നല്‍കിയിരുന്നു. അന്നത് വലിയ വാര്‍ത്തയായി. സ്വപ്നം കാണാൻ പഠിപ്പിച്ച പത്രത്തിൽ തന്നെ ആദ്യമായി സന്ധ്യയുടെ ചിത്രവും വാർത്തയും അടിച്ചു വന്നു. ഫൊട്ടോഗ്രഫി പഠനം കഴിഞ്ഞ് 20-ാം വയസ്സില്‍ ക്യാമറ കയ്യിലെടുത്തതും വാര്‍ത്തയായി. 1998 എറണാകുളത്ത് നടന്ന സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ കവര്‍ ചെയ്തായിരുന്നു കരിയറിന്റെ തുടക്കം. ഫൊട്ടോഗ്രഫർമാരിലെ വനിതാ സാന്നിധ്യമെന്ന തലക്കെട്ടില്‍ വാര്‍ത്തയും ചിത്രവും വീണ്ടും മനോരമയില്‍ സ്ഥാനം പിടിച്ചു. അങ്ങനെ മനോരമ വീണ്ടും ജീവിതത്തിന്റെ ഭാഗമായെന്ന് സന്ധ്യ.
∙ പ്രവാസത്തിലേക്ക്
കൊച്ചിയില്‍ ഫൊട്ടോഗ്രഫർ ആയി ജോലി ചെയ്യവേയാണ് അറബ് വിവാഹങ്ങളെക്കുറിച്ച് കേട്ടറിയുന്നത്. അറബ് വിവാഹങ്ങളില്‍ വധുവിന്റെ ചിത്രങ്ങളെടുക്കാന്‍ അന്നും ഇന്നും വനിതാ ഫൊട്ടോഗ്രഫർമാർക്ക് മാത്രമാണ് അനുമതി. അങ്ങനെയാണ് യുഎഇയിലെ പ്രശസ്ത കമ്പനിയുടെ ഫൊട്ടോഗ്രഫർ ആയി പ്രവാസത്തിന് തുടക്കമിടുന്നത്. യുഎഇയിലെ മുഴുവന്‍ എമിറേറ്റ്‌സുകളിലും ഒട്ടുമിക്ക അറബ് വിവാഹങ്ങളിലും സന്ധ്യ സജീവമായി.
ഓരോ വര്‍ക്കും നന്നായി ആസ്വദിച്ചു. ഗള്‍ഫിന്റെ മണ്ണില്‍ തികച്ചും സ്വകാര്യതയില്‍ നടക്കുന്ന വധുവിന്റെ വിവാഹം ക്യാമറയിലേക്ക് പകര്‍ത്തുന്നത് പുതിയ അനുഭവമായി. സ്വന്തം വിവാഹം ഫൊട്ടോഗ്രഫി കരിയറിന് വലിയൊരു ഇടവേളയിട്ടു. കരിയറിലേക്ക് വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയത് 2013ലാണ്- ദോഹയിലേക്ക്. ഫൊട്ടോഗ്രഫർ ആയി ദോഹയിലേക്കുള്ള വരവ് വലിയ അവസരങ്ങളാണ് നല്‍കിയത്.
∙ ക്ലിക്കുകളുടെ തിരക്കിൽ
യുഎഇയിൽ അറബ് വിവാഹങ്ങൾ മാത്രമായിരുന്ന എടുത്തിരുന്നതെങ്കിൽ ദോഹയിലേക്ക് എത്തിയപ്പോൾ അവസരങ്ങളേറെയായി. അറബ് വിവാഹങ്ങള്‍ക്കപ്പുറം കല, സാംസ്‌കാരികം, മതം, രാഷ്ട്രീയം കായികം, സാമൂഹികം എന്നു വേണ്ട എല്ലാ മേഖലകളിലെയും ഇവന്റുകളുടെ ഫൊട്ടോഗ്രഫർ ആയി. പിറന്നാൾ ആഘോഷങ്ങൾ, സ്റ്റേജ് ഷോകൾ, മോഡലിങ്, ഫാഷന്‍, സ്ട്രീറ്റ് ഫൊട്ടോഗ്രഫി, വൈൽഡ് ലൈഫ് എന്നു വേണ്ട ഏതു തരം ചിത്രങ്ങളും അതിമനോഹരമായി ഞൊടിയിടയില്‍ ക്യാമറയില്‍ പകര്‍ത്തി സന്ധ്യ ശ്രദ്ധ നേടാന്‍ തുടങ്ങി.
കേരളത്തില്‍ നിന്നെത്തുന്ന സിനിമാ താരങ്ങള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി ദോഹയിലെ ഒട്ടുമിക്ക വേദികളിലും ഓടിനടന്ന് ചിത്രങ്ങളെടുക്കുന്ന തിരക്കിലേക്ക് സന്ധു നിഴൽ മാറികഴിഞ്ഞു. പൃഥിരാജ്, മഞ്ജു വാര്യർ തുടങ്ങി ദോഹ സന്ദർശനത്തിനെത്തിയ ഒട്ടനവധി സെലിബ്രിറ്റികളുടെ കാൻഡിഡ് ക്ലിക്കുകൾ എടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും സന്ധ്യ പങ്കുവച്ചു.
∙ 'നിഴലി'ന് പിന്നില്‍
നിഴലുകളോടാണ് പണ്ടുമുതല്‍ക്കേ ഏറെ ഇഷ്ടം. നിഴല്‍ ചേര്‍ന്ന ചിത്രങ്ങളെടുക്കാനാണ് താല്‍പര്യവും. നിഴല്‍ ചിത്രങ്ങള്‍ക്ക് സവിശേഷമായൊരു ഭംഗിയുണ്ടെന്നാണ് സന്ധ്യ പറയുന്നത്. ഷാഡോ സീരീസ് എന്ന പേരില്‍ കുറേ ചിത്രങ്ങളെടുത്തിട്ടുണ്ട്. പേരിനൊപ്പം സന്ധു നിഴല്‍ എന്നു ചേർത്തതും നിഴലുകളോടുള്ള ഇഷ്ടം കൊണ്ടാണ്. അങ്ങനെ അറിയപ്പെടാനുമാണ് ആഗ്രഹിക്കുന്നതും.
∙ ഇഷ്ടങ്ങള്‍
പ്രകൃതിയേക്കാള്‍ ആളുകളുടെ പ്രത്യേകിച്ച് അപരിചിതരുടെ ഫൊട്ടോയെടുക്കാനാണ് ഇഷ്ടം. സ്ട്രീറ്റ് ഫൊട്ടോഗ്രഫിയിൽ പെട്ടെന്ന് അനുവാദം മേടിച്ച് ചിത്രങ്ങളെടുക്കുക എന്നത് പ്രത്യേക സന്തോഷവും അനുഭവവുമാണ്. തീം അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളും വന്യജീവി ചിത്രങ്ങളും തുടങ്ങി സന്ധ്യയുടെ ക്യാമറയില്‍ പതിയാത്ത ചിത്രങ്ങള്‍ കുറവാണ്.
വന്യജീവി ഫൊട്ടോഗ്രഫിയിലുള്ള താല്‍പര്യമാണ് ഖത്തറിലെ ഉംസലാലിലെ മരുഭൂമിയിലെ പാമ്പിന്റെ ചിത്രമെടുത്തതിന് പിന്നില്‍. ഒരുപാട് തവണ നടത്തിയ യാത്രയ്ക്ക് ഒടുവിലാണ് ഒറ്റ ക്ലിക്കില്‍ മനോഹരമായ ചിത്രം പിറന്നത്. സീ ഹൗക്ക് എന്നറിയപ്പെടുന്ന ഓസ്പ്രെ ഇരയുമായി പറക്കുന്ന ചിത്രം അത്തരമൊരു അപൂർവ ക്ലിക്കിൽ നിന്നുള്ളതാണ്.
ഓരോ പരിപാടികളിലും ചിത്രങ്ങളെടുക്കുന്ന രീതി വ്യത്യസ്തമാണ്. ഇവന്റുകള്‍ കവര്‍ ചെയ്യുന്നത് വലിയ ഉത്തരവാദിത്ത്വമാണ്. ഒരു പ്രോഗ്രാം പോലും നഷ്ടമാകാതെ ചിത്രങ്ങളെടുക്കണം. കൂടുതല്‍ ഉത്തരവാദിത്തത്തില്‍ ജോലി ചെയ്യാനും ഏറെ ഇഷ്ടമാണ്. വിവാഹ ചിത്രങ്ങള്‍ നമുക്ക് നമ്മുടെ ഇഷ്ടത്തിനെടുക്കാം. പറയുന്നത് ആളുകള്‍ അനുസരിക്കുകയും ചെയ്യും. യാത്രകള്‍ ചെയ്ത് പല സ്ഥലങ്ങളിലെ വ്യത്യസ്ത ചിത്രങ്ങള്‍ എടുക്കണമെന്നത് സ്വപ്നങ്ങളിലൊന്നാണ്. നിക്കണ്‍ ഡി 90 ക്യാമറയില്‍ ആണ് ആദ്യമായി ചിത്രങ്ങളെടുത്തു തുടങ്ങിയത്. നിക്കോണ്‍ ഇസഡ് 72 ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്
∙ വെല്ലുവിളികള്‍
വനിതാ ഫൊട്ടോഗ്രഫർ എന്ന നിലയില്‍ ഈ രംഗത്ത് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടില്ല. അധികം സ്ത്രീകളാരും ഇല്ലാത്ത മേഖല ആയതിനാല്‍ വിവാഹ ശേഷം വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ക്യാമറ കൈകൊണ്ട് തൊടാന്‍ പോലും കഴിയാതെ, ഫൊട്ടോഗ്രഫർ ആണെന്നു പറയാന്‍ പോലും പറ്റാതെ ചില വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നിട്ടുണ്ട്. പക്ഷേ സമൂഹത്തില്‍ നിന്ന്, പുരുഷ ഫൊട്ടോഗ്രഫർമാരില്‍ നിന്ന്, പ്രത്യേകിച്ച് സത്രീകളില്‍ നിന്ന് എല്ലാം വലിയ അഭിനന്ദനവും പിന്തുണയുമാണ് ലഭിച്ചത്.
ഫൊട്ടോഗ്രഫർ എന്ന നിലയില്‍ ഓരോ പ്രൊജക്ടുകള്‍ക്കായി ഒരുപാട് യാത്രകള്‍ ചെയ്യേണ്ടി വരാറുണ്ട്. പക്ഷേ വനിതയായതിനാല്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക വലിയ കടമ്പയായി മാറി. ചോദ്യങ്ങള്‍ മൂലം പലപ്പോഴും പ്രൊജക്ടുകള്‍ പലതും വേണ്ടെന്ന് വച്ചിട്ടുണ്ട്. പുരുഷന്മാരെ സംബന്ധിച്ച് അവര്‍ മൂന്നാലു പേര്‍ ഒരുമിച്ചാണ് പോകുന്നത്. പക്ഷേ വനിതയായതു കൊണ്ട് അത്തരം യാത്രകള്‍ കുറവായിരുന്നു.
∙ സന്തോഷങ്ങള്‍
'ഓരോ വേദികളിലും പരിചയപ്പെടാനെത്തുന്നത് കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയാണ്. ചിത്രങ്ങൾ കണ്ട് അഭിനന്ദനം അറിയിക്കുക മാത്രമല്ല ഒപ്പം ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങളുമെടുത്തിട്ടാണ് അവരുടെ മടക്കം. ഫൊട്ടോഗ്രഫിയിൽ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ ഒരുപാട് പേര്‍ വന്ന് പരിചയപ്പെടാറുണ്ട്. ഈ രംഗത്തേക്ക് ധൈര്യമായി കടന്നുവരാന്‍ പ്രചോദനമാണെന്ന് പറയാറുണ്ട്. അതെല്ലാം കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ് തോന്നുന്നത്.
അടുത്തിടെ ദോഹയിലെ ബീച്ചില്‍ നടന്ന പരിപാടിയ്ക്ക് ശേഷം ചിത്രങ്ങൾ കണ്ടിഷ്ടപ്പെട്ട് ചെറിയ ഒരു കുട്ടി വന്ന് കടല്‍തീരത്ത് നിന്ന് പെറുക്കിയെടുത്ത ഒരുപിടി ഷെല്ലുകള്‍ സമ്മാനമായി നല്‍കി മടങ്ങിയത് മനസിലെ നല്ലോര്‍മകളിലൊന്നാണ്'-സന്ധ്യ പറഞ്ഞു. യുഎഇയില്‍ വെച്ച് സ്വദേശിയുടെ വീട്ടില്‍ വധുവിന്റെ വിവാഹ ചിത്രങ്ങളെടുക്കാൻ ചെന്നപ്പോള്‍ ഫിലിപ്പീന്‍സ് വനിത മതിയെന്ന് പറഞ്ഞ് തിരിച്ചു വിട്ടു. പക്ഷേ പിന്നീട് ഞാനെടുത്ത ചിത്രങ്ങള്‍ കണ്ടിഷ്ടപ്പെട്ട് അവര്‍ തിരിച്ചു വീട്ടിലേക്ക് വിളിച്ചത് വലിയ സന്തോഷവും അഭിമാനവുമായിരുന്നെന്ന് സന്ധ്യ പറയുന്നു.
∙ അംഗീകാരങ്ങള്‍
മിക്ക ഫൊട്ടോഗ്രഫർമാരും തങ്ങളുടെ ചിത്രങ്ങള്‍ മത്സരത്തിലേക്ക് അയയ്ക്കുക പതിവാണ്. സന്ധ്യ എന്തുകൊണ്ട് ഇതുവരെ അയച്ചിട്ടില്ലെന്ന് ചോദിച്ചാല്‍ ഓരോ ചിത്രങ്ങളെടുക്കുമ്പോഴും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തണമെന്നുളള ചിന്തയാണ് അതിന് കാരണമെന്നാണ് ഉത്തരം. ഒറ്റയ്ക്ക് കടന്നു വന്ന വ്യക്തിയായതു കൊണ്ട് ഇനിയും ഫൊട്ടോഗ്രഫിയിൽ മെച്ചപ്പെടുത്താന്‍ ഏറെയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് സന്ധ്യ. ദോഹയിലെ വിവിധ പ്രവാസി സംഘടനകളുടെ ആദരവും അംഗീകാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട് സന്ധ്യ.
∙ സ്വപ്‌നങ്ങളേറെ
ഫൊട്ടോഗ്രഫി രംഗത്ത് ഇനിയും നല്ലകാലം വരാനിരിക്കുന്നുവെന്ന പ്രതീക്ഷയിലാണ് സന്ധ്യ. ഫൊട്ടോഗ്രഫിയിലേക്കുള്ള രണ്ടാം വരവില്‍ നഷ്ടങ്ങളില്ല. ഒരുപാട് ആഗ്രഹങ്ങളുണ്ട്. ഫൊട്ടോഗ്രഫിയിൽ ഇനിയും പഠിക്കാനേറെയുണ്ട്- സന്ധ്യ പറയുന്നു. ഫൊട്ടോഗ്രഫിയെക്കുറിച്ച് സംസാരിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ഒരുമിച്ചിരുന്ന് ചിത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ടെക്‌നിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അറിവ് നല്‍കും. വനിതയായതിനാൽ അത്തരം അവസരങ്ങളൊന്നും ലഭിക്കാത്തതിന്റെ സങ്കടം സന്ധ്യയുടെ വാക്കുകളിലുണ്ട്.
കൂട്ടം ചേര്‍ന്ന് യാത്ര ചെയ്യുന്നതും ഫൊട്ടോഗ്രഫിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതുമെല്ലാം പുതിയ അറിവുകൾ നേടാനും ടെക്നോളജിയിലെ പുതിയ അപ്ഡേറ്റുകൾ മനസ്സിലാക്കാനും സ്വന്തം കഴിവുകളെ സ്വയം മിനുക്കിയെടുക്കാനും സഹായിക്കും. നമ്മുടെ കഴിവുകള്‍ വളരുന്നത് കൂട്ടമായി ചെയ്യുമ്പോഴാണ് എന്ന അഭിപ്രായക്കാരിയാണ് സന്ധ്യ. ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാള്‍ ഒരേ ജോലി ചെയ്യുന്ന ഒരുപാട് പേര്‍ക്കൊപ്പം ഒരുമിച്ച് ജോലി ചെയ്യുമ്പോൾ, അനുഭവ പരിചയങ്ങൾ പങ്കുവയ്ക്കുമ്പോൾ കൂടുതൽ അറിവ് നേടാം. പക്ഷേ വനിതയായതിനാൽ അതിനുള്ള സാമൂഹിക സാഹചര്യമില്ല. ഒറ്റയടിപ്പാതയിലൂടെ ക്യാമറയും തൂക്കി സ്വപ്നങ്ങളിലേക്ക് നടന്നു കയറാനുള്ള ആത്മധൈര്യമാണ് 48 കാരിയായ സന്ധ്യയുടെ കൈമുതൽ.