ആശങ്ക വേണ്ട, സ്വസ്ഥമായി പ്രാർഥിക്കാം; ഹറം പള്ളികളിൽ 24 മണിക്കൂറും ശിശുപരിപാലന കേന്ദ്രം

Mail This Article
മക്ക ∙ മക്കയിലെയും മദീനയിലെയും ഹറം പള്ളികളിൽ എത്തുന്ന വിശ്വാസികളുടെ ചെറിയ കുട്ടികളെ താൽക്കാലികമായി സംരക്ഷിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ശിശുപരിപാലന കേന്ദ്രം തുറന്നു. മാതാപിതാക്കൾ പ്രാർഥനയിൽ പങ്കെടുക്കുമ്പോൾ കുട്ടികളുടെ സുരക്ഷിതത്വം ചൈൽഡ് കെയർ സെന്റർ ഏറ്റെടുക്കും. ഒന്നര മുതൽ 9 വയസ്സു വരെയുള്ള കുട്ടികളെ കേന്ദ്രത്തിൽ ഏൽപിച്ച് മാതാപിതാക്കൾക്ക് സമാധാനത്തോടെ നമസ്കാരത്തിലും അനുബന്ധ പ്രാർഥനയിലും മുഴുകാം.
ഗ്രാൻഡ് മോസ്ക് അതോറിറ്റിയാണ് ശിശുപരിപാലന കേന്ദ്രം തുറന്നത്. വിനോദത്തോടൊപ്പം വിജ്ഞാനവും നേടുംവിധത്തിലാണ് കേന്ദ്രത്തിന്റെ രൂപകൽപന. ഖുർആൻ പാഠങ്ങൾ, കഥപറച്ചിൽ, വിവിധ പ്രായക്കാർക്ക് അനുയോജ്യമായ ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി.

ശിശുക്ഷേമ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ വീഡിയോകൾ കാണുന്നതിനും വിശ്രമത്തിനും ഉറക്കത്തിനും ഭക്ഷണം കഴിക്കുന്നതിനും പ്രത്യേക ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടിയുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ ലഭ്യമാകുന്ന ക്യുആർ കോർഡ് സഹിതമുള്ള റിസ്റ്റ്ബാൻഡ് ധരിപ്പിച്ചാണ് പ്രവേശിപ്പിക്കുക.