കൈക്കുഞ്ഞിനെയുമേന്തി ഉപജീവനത്തിനായി നെട്ടോട്ടം: പ്രവാസി യുവതിയെ തേടിയെത്തിയ കാരുണ്യഹസ്തം

Mail This Article
അജ്‌മാൻ ∙ കൈക്കുഞ്ഞിനെയുമേന്തി ഉപജീവനത്തിനായി അജ്മാനിൽ അലഞ്ഞ ശ്രീലങ്കൻ യുവതിക്ക് മനോരമ ഓൺലൈൻ വാർത്തയെ തുടർന്ന് സുമനസ്സുകളുടെ സഹായഹസ്തം. അജ്മാനിൽ വീട്ടുജോലിചെയ്ത് ഉപജീവനത്തിനായി പൊരുതുന്ന ശ്രീലങ്കയിലെ രത്നപുര സ്വദേശിനി ഫസ്‌ലിയ(30)ക്കാണ് സാമ്പത്തിക സഹായം ലഭിച്ചത്. യുവതി അടുത്ത ബന്ധുവിന് ഫ്ലാറ്റ് വാടകയ്‌ക്കെടുക്കുന്നതിനായി തന്റെ ചെക്ക് നൽകുകയും അവർ വാടക അടയ്ക്കാത്തതിനാൽ കെട്ടിട ഉടമ ചെക്ക് കേസ് നൽകി.
ഇതുമൂലം യാത്രാ വിലക്കുള്ളതിനാൽ അവർക്ക് നാട്ടിലേയ്ക്ക് പോകാൻ സാധിച്ചിരുന്നില്ല. അടയ്ക്കാനുണ്ടായിരുന്ന കെട്ടിട വാടക കുടിശ്ശിക 17,000 ദിർഹം ഉടമകളായ ജീപാസ് 12,000 ദിർഹമാക്കി കുറച്ചു കൊടുത്തു. ജീപാസ് മാനേജർ സെയ്ദ് ബുഖാരിയാണ് ഇതിന് മുൻകൈയെടുത്തത്. കൂടാതെ, സാമൂഹിക പ്രവർത്തക സജ്‌ന, സിറാജുദ്ദീൻ കോളിയാട് എന്നിവർ 6,000 ദിർഹം വീതം നൽകിയതോടെ ഈ തുക അടച്ച് കേസിൽ നിന്ന് മോചനം നേടി.
റമസാനിലെ നൊമ്പരക്കാഴ്ചയായി, ആറ് മാസം മാത്രം പ്രായമായ ഇളയകുട്ടിയുമായി ഫസ്‌ലിയ വിവിധ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്ന വാർത്ത കഴിഞ്ഞ ദിവസം മനോരമ ഒാൺലൈൻ പ്രസിദ്ധീകരിച്ചിരുന്നു. ബന്ധുവിന് ചെക്ക് നൽകി കേസിൽ കുടുങ്ങി പ്ലസ് വൺ വിദ്യാഭ്യാസമുള്ള ഫസ്‌ലിയ കംപ്യൂട്ടർ കോഴ്‌സും ടൈലറിങ്ങും പഠിച്ചിട്ടുണ്ട്. ആറ് വർഷം മുൻപ് ഇവർ ജോലി തേടി യുഎഇയിലെത്തി. അജ്മാനിലെ ബ്രിട്ടിഷ് ഇന്റർനാഷനൽ സ്‌കൂളിൽ ബസ് അസിസ്റ്റന്റായി വർഷങ്ങളോളം ജോലി ചെയ്തു.

ജീവിതം സുഖകരമായി മുന്നോട്ടുപോകുമ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്. അടുത്ത ബന്ധുവിന് തന്റെ അഞ്ച് ചെക്കുകൾ ഒപ്പിട്ട് നൽകി സഹായിച്ചത് ഫസ്‌ലിയയുടെ ജീവിതം പ്രതിസന്ധിയിലാക്കി. ഫ്ലാറ്റ് വാടകയ്‌ക്കെടുക്കാനാണ് ബന്ധു ചെക്ക് ഉപയോഗിച്ചത്. ഒരു ചെക്ക് പാസായെങ്കിലും തുടർന്നുള്ളവ വാടകയടക്കാത്തതിനാൽ ബാങ്കിൽ നിന്ന് മടങ്ങി. 2023 ഒക്‌ടോബറിൽ നാട്ടിലേക്ക് പോകാൻ വേണ്ടി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോഴാണ് തന്റെ പേരിൽ ചെക്ക് കേസുള്ളതിനാൽ യാത്രാ വിലക്കുണ്ടെന്ന് ഇവർ തിരിച്ചറിഞ്ഞത്.
ഇതോടെ വിമാനത്താവളത്തിൽ നിന്ന് നിരാശയോടെ മടങ്ങേണ്ടി വന്നു. പിന്നീട് ഇവർ നാട്ടിലേയ്ക്ക് പോയിട്ടില്ല. നാട്ടിലെ സ്‌കൂളിൽ പഠിക്കുന്ന 7, 12 വയസ്സുള്ള മക്കളെ കണ്ടിട്ട് 2 വർഷത്തോളമായിരുന്നു. സന്ദർശക വീസയിലെത്തിയ ഫസ്‌ലിയയുടെ ഭർത്താവ് അജ്മാനിലെ ഒരു കമ്പനിയിൽ പായ്‌ക്കിങ് ജോലി ചെയ്യുകയായിരുന്നു. കമ്പനി വീസ നൽകാത്തതിനാൽ ഒരു വീസ സംഘടിപ്പിക്കാനായി പലർക്കും പണം നൽകി വഞ്ചിക്കപ്പെട്ടതായി ഫസ്‌ലിയ പറയുന്നു. ഇതോടെ ഇക്കഴിഞ്ഞ പൊതുമാപ്പിലൂടെ ഇയാൾ ശ്രീലങ്കയിലേക്ക് മടങ്ങി.
തുടർന്ന് ഭർത്താവിന് പിന്നാലെ നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു യാത്രാ വിലക്ക് കാരണം തിരിച്ചുപോരേണ്ടി വന്നത്. ഇതോടെ ഈ യുവതിയും രണ്ടു മക്കളും അജ്മാനിൽ ഒറ്റയ്ക്കായി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭർത്താവിന് തിരിച്ചു വരാൻ കഴിയുന്നുമില്ല.
∙ രണ്ട് മണിക്കൂർ വീതം ജോലി, തുച്ഛമായ വരുമാനം
രണ്ട് വീടുകളിലായി രണ്ട് മണിക്കൂർ വീതം ജോലി ചെയ്താണ് ഫസ്ലിയയും മക്കളും ജീവിച്ചുപോരുന്നത്. ആകെ വരുമാനം 700 ദിർഹത്തിലും താഴെ. താമസ സ്ഥലത്തിൻ്റെ വാടക, നിത്യച്ചെലവുകൾ കഴിഞ്ഞാൽ കയ്യിൽ ബാക്കിയൊന്നുമുണ്ടാകാറില്ല. പലപ്പോഴും ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു.
വാടക കേസുകൾ ഒഴിവായാൽ നാട്ടിലേക്ക് മടങ്ങാനാണ് തീരുമാനം. ഇനി കുട്ടിക്ക് പാസ്പോർട് എടുത്ത് രണ്ടുപേർക്കും ഔട്ട് പാസ് ലഭിക്കുകയും ചെയ്‌താൽ നാട്ടിലേയ്ക്ക് മടങ്ങാം. ഇതിനുള്ള ചെലവ് വഹിക്കാൻ മനസ്സിൽ നന്മ വറ്റിയിട്ടില്ലാത്ത ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണെന്ന് ഇവർക്ക് പിന്തുണ നൽകുന്ന സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രൻ പറഞ്ഞു.