വിമാനം രണ്ടു വട്ടം ആകാശത്ത് കറങ്ങി; എന്തും നേരിടാനുള്ള മനോധൈര്യം സംഭരിച്ചു കണ്ണുപൂട്ടി, ഒടുവിൽ..

മഴക്കാലത്തിനിടെ ദുബായിൽ നിന്ന് നാട്ടിലേക്ക് നടത്തിയ ഒരു സർപ്രൈസ് യാത്രയിൽ ലാൻഡിങ്ങിനിടെയുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് പാലാ ഭരണങ്ങാനം സ്വദേശിയായ ടോമിച്ചൻ.പി.
മഴക്കാലത്തിനിടെ ദുബായിൽ നിന്ന് നാട്ടിലേക്ക് നടത്തിയ ഒരു സർപ്രൈസ് യാത്രയിൽ ലാൻഡിങ്ങിനിടെയുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് പാലാ ഭരണങ്ങാനം സ്വദേശിയായ ടോമിച്ചൻ.പി.
മഴക്കാലത്തിനിടെ ദുബായിൽ നിന്ന് നാട്ടിലേക്ക് നടത്തിയ ഒരു സർപ്രൈസ് യാത്രയിൽ ലാൻഡിങ്ങിനിടെയുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് പാലാ ഭരണങ്ങാനം സ്വദേശിയായ ടോമിച്ചൻ.പി.
ആരോടും പറയാതെ ഗൾഫിൽ നിന്ന് വീട്ടിലെത്തി വീട്ടുകാർക്ക് സർപ്രൈസ് കൊടുക്കാൻ ഇഷ്ടപ്പെടുന്നവരാണ് പ്രവാസികളിൽ ഒട്ടുമിക്കവരും. അപ്രതീക്ഷിതമായി എത്തുമ്പോൾ വീട്ടുകാരുടെ മുഖത്തുണ്ടാകുന്ന സന്തോഷവും അത്ഭുതവും അമ്പരപ്പുമെല്ലാം കാണാനുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് മിക്കവരും ഈ 'സർപ്രൈസ്' വിമാന യാത്ര നടത്തുന്നത്. മഴക്കാലത്തിനിടെ ദുബായിൽ നിന്ന് നാട്ടിലേക്ക് നടത്തിയ ഒരു സർപ്രൈസ് യാത്രയിൽ ലാൻഡിങ്ങിനിടെയുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് പാലാ ഭരണങ്ങാനം സ്വദേശിയായ ടോമിച്ചൻ.പി.
ചേട്ടന്റെ മകളുടെ കല്യാണത്തിനായി നാട്ടിലേക്ക് സർപ്രൈസ് ആയി പോയതിന്റെ അനുഭവമാണ് പങ്കുവയ്ക്കുന്നത്. ചേട്ടന്റെ മോളുടെ കല്യാണത്തിന് പോകാൻ, കമ്പനി രണ്ടു ദിവസത്തെ അവധി തന്നു. ഞായറാഴ്ച രാവിലെ കല്യാണം. ശനിയാഴ്ച രാത്രി നാട്ടിൽ എത്തുന്ന തരത്തിൽ ദുബായിൽ നിന്ന് നാട്ടിൽ പോകാനായി ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തു. കൊച്ചി എയർ പോർട്ടിൽ നിന്ന് രണ്ടു മണിക്കൂർ യാത്രയാണ് വീട്ടിലേക്ക് എത്താൻ.
അടുത്ത തലമുറയിലെ, വീട്ടിൽ ആദ്യമായി നടക്കുന്ന കല്യാണം. തറവാട്ടിൽ വെച്ചാണ് കല്യാണം എന്നതിനാലും, തറവാടു വീട് എന്റെ സ്വന്തം എന്നതും കല്യാണം കൂടാനുള്ള എന്റെ ആവേശം ഇരട്ടിയാക്കി. ജൂലൈ മാസമാണ്. എപ്പോഴാണ് മഴ, എങ്ങനെയാണ് മഴ എന്നൊന്നും പറയാൻ പറ്റില്ല. കല്യാണത്തലേന്നു രാത്രി സർപ്രൈസ് ആയി വീട്ടിൽ കയറിച്ചെല്ലാനായി, വീട്ടിൽ ആരെയും അറിയിക്കാതെ രഹസ്യമായാണ് എന്റെ യാത്ര. എയർ പോർട്ടിൽ വരാൻ ടാക്സി നേരത്തെ തന്നെ വിളിച്ച് ഏർപ്പാട് ചെയ്തിരുന്നു
രാത്രി കൊച്ചിയിൽ എത്തിയ വിമാനം, നിലത്തിറങ്ങാതെ രണ്ടു വട്ടം ആകാശത്തുകൂടെ കറങ്ങി. ഒടുവിൽ വിമാനം ലാൻഡിങ്ങിനായി താഴേയ്ക്ക് കുതിച്ചു..! 'വിമാനം ഇപ്പോൾ നിലം തൊടും' എന്നുപ്രതീക്ഷിച്ച ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് വിമാനം ടേക്ക് ഓഫിൽ എന്നപോലെ പെട്ടെന്ന് മുകളിലേക്കു കുതിച്ചു. വിൻഡോ സീറ്റിൽ ഇരുന്ന എനിക്ക് പുറത്തുള്ളത് ഒന്നും കാണാൻ പറ്റാത്ത വിധം പെരുമഴ. വിൻഡോ ഗ്ലാസിലേക്ക് നോക്കുമ്പോൾ, വെള്ള പെയിന്റ് അടിച്ച പ്രതലത്തിൽ നോക്കുന്ന പ്രതീതി. പെട്ടെന്നുതന്നെ വിമാനം മുകളിൽ എത്തി. പിന്നാലെ പൈലറ്റിന്റെ അനൗൺസ്മെന്റ് എത്തി. " നല്ല മഴയാണ്. ലാൻഡിങ് എളുപ്പമല്ല, നമ്മൾ ഒരിക്കൽക്കൂടി ലാൻഡിങ്ങിന് ശ്രമിക്കുകയാണ്. വിജയിച്ചില്ലെങ്കിൽ നമ്മൾ കോയമ്പത്തൂരിൽ ലാൻഡ് ചെയ്യുന്നതാണ്''.
ആകെ ടെൻഷനായി. താഴെ കാത്തു നിൽക്കുന്ന ടാക്സിക്കാരനോട്, തിരിച്ചു പോകാനോ, കാത്തുനിൽക്കാനോ പറയാൻ നിർവഹമില്ല. എയർ ഹോസ്റ്റസിനോട് ചോദിച്ചപ്പോൾ, കോയമ്പത്തൂരിൽ നിന്ന്, റോഡ് മാർഗ്ഗമോ അടുത്ത വിമാനത്തിലോ കൊച്ചിയിൽ എത്തിയ്ക്കും എന്ന് പറഞ്ഞു. അതായത് കൊച്ചിയിൽ എത്തുമ്പോൾ രാവിലെ ഏഴു മണി എങ്കിലും ആകും. അവിടുന്ന് പുറത്തിറങ്ങി, ടാക്സി പിടിച്ചു വീട്ടിൽ എത്താൻ മൂന്ന് മണിക്കൂർ എങ്കിലും വേണം. കാത്തുനിന്ന ടാക്സിയുടെ പണം വെറുതെ കൊടുക്കണം. കല്യാണം കൂടാൻ, ഒന്നു കുളിയ്ക്കുകയോ ഡ്രസ്സ് മാറുകയോ ചെയ്യാതെ നേരെ പള്ളിയിലേക്ക് ഓടണം. എല്ലാത്തിനും പുറമെ രാത്രിയിലെ ഉറക്കവും ക്ഷീണവും എല്ലാത്തിനും.
ആകാശത്തിൽ ഒരു മൂന്നു റൗണ്ട് കൂടി കറങ്ങി എന്റെ വിമാനം.... ഓരോ കറക്കത്തിനും എട്ടു മിനിറ്റിൽ കൂടുതൽ എടുക്കുന്നുണ്ട്. ഒടുവിൽ എന്റെ എല്ലാ ടെൻഷനുകളുടെയും ഭാരവും വഹിച്ചുകൊണ്ടു വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ റൺ വേ ലക്ഷ്യമാക്കി താഴേയ്ക്ക് കുതിച്ചു. എന്തും നേരിടാനുള്ള മനോധൈര്യം സംഭരിച്ചുകൊണ്ട് കണ്ണും പൂട്ടി, ഒപ്പം ഞാനും..!
(നിങ്ങൾക്കും ഉണ്ടാകില്ലേ വിമാനയാത്രകളിലെ ഇത്തരം അനുഭവങ്ങൾ. യാത്രാനുഭവങ്ങൾ നിങ്ങൾക്കും ഗ്ലോബൽ മനോരമയിൽ പങ്കുവയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉൾപ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ-മെയിൽ വിലാസത്തിൽ ഇപ്പോൾ തന്നെ അയച്ചോളൂ. ഇ–മെയിൽ അയയ്ക്കുമ്പോൾ സബ്ജക്ടിൽ AIR TRAVEL EXPERIENCE എന്ന് വയ്ക്കാൻ മറക്കേണ്ട.