പ്രതീക്ഷാപൂര്‍വം പുണ്യരാവുകളെ വരവേറ്റ് വിശ്വാസികള്‍

Mail This Article
മസ്‌കത്ത് ∙ സ്രഷ്ടാവിന്റെ കാരുണ്യവര്‍ഷം കണക്കില്ലാതെ ചൊരിയുന്ന വിശുദ്ധ മാസത്തിന്റെ രാപ്പകലുകള്‍ കഴിയുന്നു. അവശേഷിക്കുന്ന മണിക്കൂറുകള്‍ പാഴാവാതെ പരമാവധി ഉപയോഗപ്പെടുത്താനുള്ള പരിശ്രമത്തിലാണ് വിശ്വാസികള്‍. വലിയ പ്രതീക്ഷയില്‍ കാത്തിരുന്ന പുണ്യ രാവുകളെ പ്രതീക്ഷാപൂര്‍വ്വം വരവേല്‍ക്കുകയാണ് വിശ്വാസികള്‍. ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടി ബുധനാഴ്ച രാത്രിയില്‍ പള്ളികളില്‍ വിശ്വാസികളാല്‍ നിറഞ്ഞു.
പള്ളികളിലും മറ്റും ഒറ്റയ്ക്കും കൂട്ടമായും വിശ്വാസികള്‍ ഈ രാവില്‍ സംഗമിച്ചുവരുന്നതും കൂടുതല്‍ സമയം പ്രാര്‍ഥനകളിലും മറ്റുമായി മുഴുകുന്നതും ആയിരം മാസത്തെ ആരാധനാ പുണ്യം ഒറ്റ രാത്രികൊണ്ട് കിട്ടാനാണ്.

പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക, ദാനധര്‍മങ്ങള്‍ ചെയ്യുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുക തുടങ്ങി മതം പഠിപ്പിച്ച പുണ്യകര്‍മങ്ങള്‍ക്കായി ഈ രാവ് വിശ്വാസികള്‍ ചെലവഴിക്കുന്നു.