ലാൻഡ് ചെയ്യാൻ തയാറായ വിമാനം പെട്ടെന്ന് ഉയർന്നു, ഇരു വശത്തേക്കും ആടി ഉലഞ്ഞു; അപകടം മുന്നിൽ കണ്ട ഭീതിയുടെ ആ നിമിഷങ്ങൾ

Mail This Article
അന്ന് മുംബൈ ഛത്രപതി ഇന്റർനാഷനൽ എയർപോർട്ടിൽ നിന്നും ചെന്നൈ വഴി കൊച്ചിയിലേക്കായിരുന്നു എന്റെ യാത്ര.. കുറച്ചു മണിക്കൂറുകൾ കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് എയർപോർട്ടുകളിലൂടെ സഞ്ചാരിക്കാം എന്നതായിരുന്നു പ്രത്യേകത. മുംബൈയിൽ നിന്നും 5:45 നുള്ള വിമാനത്തിൽ കയറിയാൽ ഏതാണ്ട് 7:45 നോട് കൂടി ചെന്നൈയിൽ ഇറങ്ങാം. അവിടുന്ന് 9:25 നുള്ള മറ്റൊരു ഫ്ലൈറ്റിൽ കയറി 10:35 നോട് കൂടി കൊച്ചിയിൽ ഇറങ്ങി യാത്രയവസാനിപ്പിക്കാം എന്നതായിരുന്നു മനസ്സിൽ ഞാൻ കെട്ടിപ്പൊക്കിയ കോട്ടകൾ. ഇങ്ങനെ സാഹസപ്പെട്ടു ഒരു യാത്ര നടത്താൻ കാര്യം ടിക്കറ്റ് നിരക്ക് തന്നെ ആയിരുന്നു.
കൃത്യ സമയത്ത് തന്നെ മുംബൈ എയർപോർട്ടിൽ ഞാൻ എത്തി ചേർന്നു. പരിശോധന നടപടികൾ എല്ലാം തന്നെ പൂർത്തിയാക്കി വിമാനത്തിനായുള്ള കാത്തിരിപ്പിലേക്ക് നീങ്ങി. മണിക്കൂറുകൾ അങ്ങനെ കടന്ന് പോകുന്നു. എന്നാൽ വിമാനം പുറപ്പെടേണ്ട സമയം ആയിട്ടും യാതൊരു അറിയിപ്പും കിട്ടുന്നില്ല. യാത്രക്കാരായ ചിലർ അങ്ങോട്ടുമിങ്ങോട്ടും പരാതി പറയുന്നുണ്ട്.
അറിയാവുന്ന ഹിന്ദിയിൽ ഞാനും ചോദിച്ചു വിമാനം എപ്പോ പുറപ്പെടും ഹേ..? കൈ മലർത്തി കാണിച്ച ആ ഹിന്ദി വാലാ മനുഷ്യൻ എന്നേ ഒന്ന് തുറിച്ചു നോക്കുക കൂടി ചെയ്തതോടെ അയാൾക്ക് എന്നേക്കാൾ കൂടുതൽ വിമാനം പിടിക്കാനുണ്ട് എന്ന് തോന്നി. കാത്തിരിപ്പ് 6:30 ലേക്കും പിന്നീട് ഏഴുമണിയിലേക്കും നീങ്ങുന്നു. ഏതാണ്ട് 7:20 നോട് കൂടി ഇൻഡിഗോ സ്റ്റാഫ് ഒരു താൽക്കാലിക കൗണ്ടർ താങ്ങി പിടിച്ചു കൊണ്ടുവരുന്നത് കണ്ടു. ആഹാ സമാധാനായി...
ഇതിനോടകം തന്നെ എന്റെ സഹ യാത്രക്കാർ എല്ലാവരും തന്നെ എനിക്ക് ഇത് കൂടാതെ മറ്റൊരു വിമാനം കൂടി പിടിക്കാനുണ്ട് എന്ന് മനസ്സിലാക്കിയിരുന്നു. സത്യം അതല്ല ഞാൻ കണ്ണീരോടെ അക്കാര്യം പറഞ്ഞതാണ് അവരോട്. ശരിക്കും ആ സമയത്ത് എന്നോടുള്ള സഹതാപം അവരുടെ മുഖത്തു ആലേപനം ചെയ്ത് വച്ചിരിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.
കേട്ടവരെല്ലാം മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുത്തു. ഈ കേരള ആദ്മിക്ക് ചെന്നൈയിൽ പോയി മറ്റൊരു വിമാനം പിടിച്ചു കൊച്ചിയിലേക്ക് പറക്കണം. ഈ അവസ്ഥയിൽ ആണെങ്കിൽ അത് നടന്നത് തന്നെ. അതിൽ ഒരാൾ എന്നോട് പറഞ്ഞു, ആ സ്റ്റാഫ്നോട് ചോദിച്ചു നോക്ക്, ഇല്ലെങ്കിൽ തന്റെ ഫ്ലൈറ്റ് മിസ്സ് ആവാൻ സാധ്യത ഉണ്ട്.

ഞാൻ ചെന്ന് ഇൻഡിഗോ സ്റ്റാഫ്നോട് ഇക്കാര്യം ബോധ്യപ്പെടുത്തി. അവർ എന്റെ ബോർഡിങ് പാസ്സ് പരിശോധിച്ച് കൊണ്ട് പറഞ്ഞു. സാരമില്ല ഫ്ലൈറ്റ് കിട്ടും. എന്നേ സമാധാനപ്പെടുത്താൻ പറഞ്ഞതാണോ അതോ തല്ക്കാലം അവർക്ക് രക്ഷപെടാൻ പറഞ്ഞതാണോ എന്നൊന്നും അറിയില്ല. ബോർഡിങ് തുടങ്ങി ആളുകളെയെല്ലാം വിമാനത്തിലേക്ക് 7:30 നോട് കൂടി കയറ്റി.
ഈ വിമാനം കൃത്യ സമയത്ത് പോയിരുന്നെങ്കിൽ ഞാനിപ്പോ ചെന്നൈയിൽ എത്തേണ്ട സമയം കഴിഞ്ഞു. ഞാൻ എന്നോട് തന്നെ ആത്മഗതം പറഞ്ഞു. വിമാനം മുംബൈയുടെ ആകാശത്തേക്ക് പറന്നുയർന്നു. ഉള്ളിൽ ആധിയുമായി ഞാനും. നിശ്ചിത സമയം കഴിഞ്ഞു ലാൻഡിങ് അറിയിപ്പ് വന്നു. യാതൊരു പ്രതീക്ഷയും ഇല്ലാതെയിരിക്കുന്ന എനിക്ക് ആ യാത്ര മനം മടുപ്പിച്ചു.
വിമാനം ചെന്നൈ എയർപോർട്ട്ന്റെ റൺവേ ലക്ഷ്യമാക്കി താഴേക്ക് ഇറങ്ങുന്നു. സൈഡ് വിൻഡോ സീറ്റിൽ ഇരിക്കുന്ന എനിക്ക് റൺവേ വ്യക്തമായി കാണാം. ടച്ച് ഡൗൺ ചെയ്ത വിമാനം അതെ വേഗതയിൽ വീണ്ടും മുകളിലേക്ക് തന്നെ ഉയരുന്ന കാഴ്ചയാണ് പിന്നെ കാണുന്നത്. ലാൻഡിങ് ഫെയ്‌ലിയർ. ആകെ ഉണ്ടായിരുന്ന പ്രതീക്ഷയും പോയി. കൂടെ പേടിയും തുടങ്ങി. എന്ത് കൊണ്ട് ലാൻഡ് ചെയ്തില്ല? മുകളിലേക്ക് ഉയർന്ന വിമാനം ആകാശത്തു രണ്ട് തവണ വട്ടമിട്ടു പറന്നു.

വിമാനം ഇരു വശത്തേക്കും ആടി ഉലഞ്ഞു പറക്കുന്നു. എന്തോ അപകടം ആണോ? ഒരു അപകടത്തെ മുന്നിൽ കണ്ടു കൊണ്ട് ആണ് പിന്നെ ഞാനടക്കമുള്ള യാത്രക്കാർ ഇരുന്നത്. പലരും പേടി കൊണ്ട് പരസ്പരം നോക്കി. അൽപസമയത്തിന് ശേഷം വീണ്ടും വിമാനം ലാൻഡിങ്ങിനായി വന്നു. പഴയ പോലെ ചെന്നൈ എയർപോർട്ട് റൺവേയിലേക്ക് വിമാനം താഴ്ന്നു പറന്നു കൊണ്ടിരിക്കുന്നു.
വളരെ സ്മൂത്തായി ഈ തവണ വിമാനം സുരക്ഷിതമായി ഇറങ്ങി. ഉണ്ടായിരുന്ന പേടിയെല്ലാം പോയി, സമാധാനമായി. ഇനി ഒരൊറ്റ ലക്ഷ്യം മാത്രം.. കൊച്ചി വിമാനം. ചിന്തയിൽ അത് കിട്ടുമോ അതോ നാട്ടിലേക്ക് ട്രെയിൻ പിടിക്കണോ എന്ന് മാത്രം. വിമാനത്തിൽ നിന്നും പുറത്ത് ഇറങ്ങി മൊബൈൽ ഓൺ ചെയ്തപ്പോഴേക്കും ആരൊക്കെയോ വിളിക്കുന്നു.
വാട്ട്സാപ്പിൽ ടിക്കറ്റ് ഇഷ്യൂ ചെയ്ത ട്രാവൽസിന്റെ സന്ദേശം. ട്രൂ കോളറിൽ ഇൻഡിഗോയിൽ നിന്നുമാണ് കോൾ എന്നത് മനസ്സിലാക്കി ഞാൻ ഉടനെ ഫോൺ എടുത്തു. മറു തലക്കൽ സർ എവിടെ നിൽക്കുന്നു സാറിന്റെ കൊച്ചി ഫ്ലൈറ്റ് പുറപ്പെടാൻ തയാറായി നിൽക്കുന്നു പെട്ടന്ന് വരൂ എന്ന്. അപ്പോ സമാധാനമായി. എനിക്ക് വേണ്ടി വിമാനം വൈകിപ്പിച്ചു.
ചെന്നൈ എയർപോർട്ടിൽ ആദ്യമായി വരുന്ന എനിക്ക് എങ്ങോട്ട് പോകണം എന്നറിയാതെ നിന്ന് തിരിയുമ്പോൾ വീണ്ടും ഒരു കോൾ. ഇൻഡിഗോയിൽ നിന്ന് തന്നെ. സർ എവിടെ നിൽക്കുന്നു? ഉടനെ വരൂ. നിൽക്കുന്ന സ്ഥലം പറയ,. ഞാൻ ഉടനെ അടുത്ത് കണ്ട ബോർഡ് നോക്കി ഈ ഭാഗത്തു ഉണ്ട് എന്ന് പറഞ്ഞു തീരുമ്പോഴേക്കും കോൾ കട്ടായി.
അപ്പോഴേക്കും ഒരാൾ ഓടി കിതച്ചുവന്നു എന്റെ കൈ പിടിച്ചു കൊണ്ട് ഓടി. എന്റെ പെട്ടി വിമാനത്തിൽ ആണ് എനിക്കത് കിട്ടിയില്ല. അക്കാര്യം ഒട്ടത്തിനിടയിൽ അയാളോട് പറഞ്ഞു. അതെല്ലാം കൊച്ചിയിൽ നിങ്ങൾക്ക് കിട്ടും. വിഷമിക്കണ്ട എന്ന് മറുപടി. വളരെ കുറഞ്ഞ സമയം കൊണ്ട് എന്റെ പെട്ടി അവർക്ക് എങ്ങനെ മറ്റേ വിമാനത്തിൽ നിന്നും കണ്ടെത്തി ഈ വിമാനത്തിൽ കയറ്റാൻ കഴിയും? ഇനി അതായി എന്റെ ടെൻഷൻ. യാതൊരു സെക്യൂരിറ്റി പരിശോധനയും ഇല്ലാതെ എന്നെയും കൊണ്ട് അയാൾ ഒരുക്കി ഇട്ടിരിക്കുന്ന കാറിലേക്ക് കയറി.
ആ കാർ എന്നെയും കൊണ്ട് കൊച്ചി വിമാനം പാർക്ക് ചെയ്തിരിക്കുന്ന പാർക്കിങ് ബേയിലേക്ക് തിരിച്ചു. വിമാനത്തിന്റെ അടുത്ത് എത്തുമ്പോൾ ശരിയാണ് യാത്രക്കാരെ എല്ലാം കയറ്റി റിവേഴ്‌സ് ഗിയർ ഇടാൻ തയാറായി നിൽക്കുന്ന പൈലറ്റിനെയും വിമാനത്തേയുമാണ് കണ്ടത്. ബോർഡിങ് പാസ്സ് പരിശോധിച്ച് എന്നേയും കയറ്റി വിമാനം ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് പറന്നുയർന്നു.
എന്റെ ടെൻഷൻ എല്ലാം മാറ്റി എന്റെ ലഗേജ് എനിക്ക് കൊച്ചിയിൽ ലഭിക്കുകയും ചെയ്തു. എടുത്തു പറയേണ്ട ഒരു കാര്യം ഇൻഡിഗോയുടെ ഉത്തരവാദിത്തമാണ്. ഒരാൾക്ക് വേണ്ടി വിമാനം വൈകിപ്പിച്ചതാണോ അതോ ആ വിമാനവും കൃത്യ സമയത്ത് പുറപ്പെടാതിരുന്നതിനാലാണോ എന്ന് ഇപ്പോഴും എനിക്കറിയില്ല.
(നിങ്ങൾക്കും ഉണ്ടാകില്ലേ വിമാനയാത്രകളിലെ ഇത്തരം അനുഭവങ്ങൾ. യാത്രാനുഭവങ്ങൾ നിങ്ങൾക്കും ഗ്ലോബൽ മനോരമയിൽ പങ്കുവയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉൾപ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ-മെയിൽ വിലാസത്തിൽ ഇപ്പോൾ തന്നെ അയച്ചോളൂ. ഇ–മെയിൽ അയയ്ക്കുമ്പോൾ സബ്ജക്ടിൽ AIR TRAVEL EXPERIENCE എന്ന് വയ്ക്കാൻ മറക്കേണ്ട).