യുഎഇയിലെ വീസ അപേക്ഷയിൽ ആദ്യം അനുമതി മലയാളികൾക്ക്; നാവിൽ ഒട്ടിക്കുന്ന സ്റ്റാംപും മലയാളിവിലാസവും: ‘കിക്കിൽ’ തീരും സൽപ്പേര്

എന്തിനോടും അടിമപ്പെടുന്ന ചിലരുടെ സ്വഭാവം, അതു പുരാതന കാലത്തേയുള്ളതാണ്.
എന്തിനോടും അടിമപ്പെടുന്ന ചിലരുടെ സ്വഭാവം, അതു പുരാതന കാലത്തേയുള്ളതാണ്.
എന്തിനോടും അടിമപ്പെടുന്ന ചിലരുടെ സ്വഭാവം, അതു പുരാതന കാലത്തേയുള്ളതാണ്.
എന്തിനോടും അടിമപ്പെടുന്ന ചിലരുടെ സ്വഭാവം, അതു പുരാതന കാലത്തേയുള്ളതാണ്. ചെറുത്തു നിൽക്കുന്നവരെ കൂടി കുഴപ്പത്തിലാക്കാൻ ഇവരുടെ അടിമത്തമനോഭാവം മാത്രം മതി. ഇന്നത് വേണമെന്നൊന്നുമില്ല, എന്തിനെങ്കിലും ഒന്നടിമയാകണം. അടിമ കച്ചവടം നിർത്തിയിട്ടുപോലും ഈ സ്വഭാവത്തിനൊരു മാറ്റവുമില്ല. ചില അടിമച്ചങ്ങല പൊട്ടിച്ചെറിയാൻ വിപ്ലവം വന്നാൽ പോരാ, യുദ്ധം തന്നെ വേണ്ടി വരും.
ഈ കഥയിൽ പറയുന്നത്, ലഹരികളെക്കുറിച്ചാണ്. എന്തെല്ലാം ലഹരികളാണ്. ചിലർക്ക് പാട്ട്, ചിലർക്ക് നൃത്തം, ചിലർക്ക് സൗന്ദര്യം, ചിലർക്ക് പണം, ചിലർക്ക് അധികാരം. ഇതിനെല്ലാം മേലെയാണിപ്പോൾ മരുന്നു ലഹരി. ആവശ്യത്തിനു മരുന്നും ചികിൽസയുമൊക്കെ ഉണ്ടെങ്കിലും അതും പോരാത്തവരുടെ ലഹരിയാണിപ്പോൾ നാട്ടിലെ സംസാര വിഷയം.
പണ്ടൊക്കെ നാട്ടിലെ പിള്ളാരെക്കുറിച്ച് അവൻ എംഎ ആണ്, അവൾ എംഡിയാണ് എന്നൊക്കെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഇന്ന് ഇതും രണ്ടും കൂടി ചേർത്താണ് പറയുന്നത്, പിള്ളേര് എംഡിഎംഎ ആണത്രേ! കത്തിലും മുദ്രപത്രത്തിലുമൊക്കെ ഒട്ടിച്ചിരുന്ന സ്റ്റാംപ് ഇപ്പോൾ നാവിലാണ് ഒട്ടിക്കുന്നത്. ജീവിതം ലഹരിയാകേണ്ടവർ, ലഹരിയുടെ കയ്യിൽ ജീവിതം കൊടുക്കുന്നത് കാണുമ്പോൾ ആർക്കാണ് കണ്ടുനിൽക്കാനാവുക. നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് എന്നു ലാലേട്ടൻ പറഞ്ഞിട്ടുണ്ടെങ്കിലും, ഡേർട്ടി ബിസിനസിനോടാണ് പലർക്കും കമ്പം.
ബോധവൽക്കരണവും പ്രചാരണവുമൊക്കെ മുറയ്ക്ക് നടക്കട്ടേ, അതിനിടയിൽ വളരെ ഗൗരവമുള്ളൊരു കാര്യം പറയാം. ഇന്ന് യുഎഇയിലേക്ക് ഒരു വീസ അപേക്ഷ വന്നാൽ, ആദ്യം അനുമതി കിട്ടുന്നത് കേരളത്തിൽ നിന്നുള്ള അപേക്ഷകർക്കാണ്. ഈ നാട്ടിലെ കുറ്റകൃത്യങ്ങളിൽ മലയാളികൾക്കു കാര്യമായ പങ്ക് ഇല്ലാത്തതും, സാമൂഹിക സേവനത്തിലും രാഷ്ട്ര നിർമാണത്തിലും അടക്കം പൊതുവേ നല്ല പേരും പെരുമയും ഉള്ളതുകൊണ്ട് മാത്രമാണിതെന്ന് നമ്മൾ ഓർക്കണം. യുഎഇയിൽ എന്നല്ല, ഒരു ലോകരാജ്യത്തും വീസ കിട്ടാത്തവരുണ്ട്. ആ ഗണത്തിൽ ഒരിക്കലും മലയാളികൾ ഉൾപ്പെടാത്തത് നമ്മുടെ സ്വകാര്യ അഹങ്കാരമാണ്.
ഇവിടെ മലയാളികൾ പൊലീസ് സ്റ്റേഷനിൽ കയറുന്നത്, കൂട്ടുകാരൻ കടം വാങ്ങിച്ച പൈസ തിരികെ കിട്ടിയില്ലെന്ന പരാതി പറയാൻ മാത്രമാണ്. അതു കേൾക്കുമ്പോൾ പൊലീസുകാർ പോലും ചിരിക്കും. അത്രയും നിഷ്കളങ്ക പരാതികളൊന്നും ഇവിടെ പൊലീസ് സ്റ്റേഷനുകളിൽ പതിവില്ലത്രേ! അതിനിടയിലാണ് മലയാളികൾക്കു ചീത്തപ്പേരുമായി ചില വാർത്തകൾ വരുന്നത്. അടുത്ത കാലങ്ങളിലായി പൊലീസ് പിടികൂടുന്ന ലഹരി ഉപയോക്താക്കളിൽ മലയാളി പ്രാതിനിധ്യം ഗണ്യമായി കൂടന്നു! ഇത് നിസ്സാരമായി കാണേണ്ടതില്ല.
നാട്ടിലെ ലഹരി കേസുകളുടെ വാർത്തകൾ ഇവിടെയും പത്രങ്ങളും മറ്റു മാധ്യമങ്ങളും തലക്കെട്ടുകളാക്കുന്നുണ്ട്. അതിന്റെ കൂടെ ഇത്തരം കേസുകളിൽ ഇവിടെ മലയാളികൾ പിടിക്കപ്പെട്ടാലോ?
‘കിക്കിൽ’ തീരും ബന്ധങ്ങൾ
രണ്ടും കൂടി ചേർത്തു വായിക്കുമ്പോൾ നമ്മുടെ പേരു പോകാൻ വേറൊന്നുംവേണ്ട? ഈ രാജ്യം രൂപീകരിക്കുന്നതിനു മുൻപേ രൂപപ്പെട്ടതാണ് നമ്മളും ഈ നാടുമായുള്ള ബന്ധം. ഇത്തിരി നേരത്തെ കിക്കിന്റെ പേരിൽ, ബന്ധങ്ങൾ ഇല്ലാതാക്കരുത്. അത് സ്വന്തം കുടുംബത്തിലായാലും രാജ്യങ്ങൾക്ക് ഇടയിലായാലും. ഇന്നൊരു കരുതലുണ്ടായാൽ, ജീവിതമാണ് ലഹരിയെന്നു മനസിലാക്കിയാൽ, നന്ന്. സൽപ്പേര് നേടാൻ പതിറ്റാണ്ടുകൾ വേണം, കളഞ്ഞു കുളിക്കാൻ നിമിഷങ്ങൾ മതി.