ബികെഎസ് കേരളോത്സവം സമാപനം ഇന്ന് വൈകിട്ട് 7 ന്
കേരളോത്സവം 2025ന്റെ സമാപനം ഇന്ന് വൈകിട്ട് 7ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികൾ അറിയിച്ചു.
കേരളോത്സവം 2025ന്റെ സമാപനം ഇന്ന് വൈകിട്ട് 7ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികൾ അറിയിച്ചു.
കേരളോത്സവം 2025ന്റെ സമാപനം ഇന്ന് വൈകിട്ട് 7ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികൾ അറിയിച്ചു.
മനാമ ∙ കേരളോത്സവം 2025ന്റെ സമാപനം ഇന്ന് വൈകിട്ട് 7ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികൾ അറിയിച്ചു. അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ദേവ്ജി ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ ജയ്ദീപ് ഭരത്ജി, യൂണീക്കോ ഗ്രൂപ്പ് സിഇഒ ജയശങ്കർ വിശ്വനാഥൻ എന്നിവരും അതിഥികളാണ്.
ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി സമ്മാനാർഹമായ നൃത്ത-സംഗീത പരിപാടികൾ, പൊതുസമ്മേളനം, സമ്മാനദാന ചടങ്ങുകൾ എന്നിവ നടക്കും. ഈ വർഷത്തെ ബികെഎസ്. ദേവ്ജി ജിസിസി കലോത്സവത്തിനും ചടങ്ങിൽ തിരിതെളിയും. കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാശ്രീ, കലാരത്‌ന അവാർഡുകളും പ്രഖ്യാപിച്ചു. 46 പോയിന്റുകളുമായി ശ്രീജിത്ത് ഫാറൂഖ് കലാശ്രീ പട്ടത്തിന് അർഹനായി. 44 പോയിന്റുകളുമായി വിദ്യ വൈശാഖ് കലാരത്‌ന പട്ടവും നേടി.
ഗ്രേഡ് പോയിന്റുകൾക്കു പുറമെ സിനിമാറ്റിക് ഡാൻസിലും ഫോക്ക് ഡാൻസിലും ഒന്നാം സ്ഥാനവും ലൈറ്റ് മ്യൂസിക്കിലും നാടൻ പാട്ടിലും രണ്ടാം സ്ഥാനവും നേടിയാണ് ശ്രീജിത്ത് കലാശ്രീ പട്ടം കരസ്ഥമാക്കിയത്. ഗ്രേഡ് പോയിന്റുകൾക്കു പുറമെ ഫോക്ക് ഡാൻസിലും ലൈറ്റ് മ്യൂസിക്കിലും മോണോ ആക്ടിലും ഒന്നാം സ്ഥാനവും നാടൻ പാട്ടിൽ മൂന്നാം സ്ഥാനവും നേടിയാണ് വിദ്യ കലാരത്‌ന പട്ടത്തിന് അർഹയായത്. പോയിന്റ് നിലയിൽ ഒന്നാമതെത്തിയ ഹിന്ദോളം ഹൗസിന് 31ന് നടന്ന ചടങ്ങിൽ ഹൗസ് ചാംപ്യൻഷിപ് അവാർഡ് സമ്മാനിച്ചു.
ജനുവരി 19ന് മലയാള ഉപന്യാസ മത്സരത്തോടെ ആരംഭിച്ച കേരളോത്സവം 2025ന്റെ മത്സരങ്ങൾ അൻപത് ദിവസങ്ങൾക്കിപ്പുറം മാർച്ച് 10ന് നടന്ന സംഘഗാന മത്സരത്തോടെ പര്യവസാനിച്ചു. 2013ൽ അവസാനമായി നടത്തപ്പെട്ട കേരളോത്സവം 11 വർഷങ്ങൾക്കിപ്പുറം പുതിയ കെട്ടിലും മട്ടിലുമാണ് നടത്തപ്പെട്ടത്. സമാജം കുടുംബാംഗങ്ങളെ അഞ്ച് ഹൗസുകളായി തിരിച്ചു നടത്തിയ മത്സരങ്ങൾക്ക് ആവേശപൂർണമായ പ്രതികരണമാണ് ലഭിച്ചത്.
80കൾ പുനരാവിഷ്കരിച്ച 'എൺപതോളം', ദൃശ്യ വിരുന്നൊരുക്കിയ ആർട്ട് ഇൻസ്റ്റലേഷൻ, മാസ് പെയിന്റിങ് എന്നീ പരിപാടികൾ ജനശ്രദ്ധയും ആഗോള പ്രവാസി മലയാളി സമൂഹത്തിനിടയിൽ പ്രശംസയും പിടിച്ചുപറ്റിയിരുന്നു. ആഷ്‌ലി കുര്യൻ മഞ്ഞില ജനറൽ കൺവീനറായും വിപിൻ മോഹൻ, ശ്രീവിദ്യ വിനോദ്, സിജി ബിനു എന്നിവർ ജോയിന്റ് കൺവീനർമാരായും വിനയചന്ദ്രൻ നായർ സമാജം ഭരണസമിതിയുടെ പ്രതിനിധിയായുമുള്ള മുപ്പതംഗ സംഘാടക സമിതിയാണ് കേരളോത്സവം 2025ന് ചുക്കാൻ പിടിച്ചത്. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.