പ്രവാസി മലയാളിയെ തേടി ലോകസുന്ദരിയുടെ 'വിളി': താരങ്ങള്‍ക്കൊപ്പം നെയ്മാറിന്റെ 'സമ്മാനം'; ഇത് സൂപ്പർതാരങ്ങളുടെ സ്വന്തം 'സെലിബ്രിറ്റി'

ദോഹ ∙ ലോക സുന്ദരി ഐശ്വര്യ റായ് മുതല്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി ഉള്‍പ്പെടെ ഏതൊരു സെലിബ്രിറ്റിയും ഖത്തര്‍ സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്താല്‍ ആദ്യം 'വിളി' എത്തുന്നത് ദോഹയിലെ ഈ മലയാളി ചെറുപ്പക്കാരനെ തേടിയാണ്-ഫോട്ടോഷൂട്ടിനായി. എട്ടാം ക്ലാസില്‍ നാട്ടിലെ കല്ല്യാണ ഫൊട്ടോഗ്രഫറുടെ സഹായിയായി തുടങ്ങിയ
ദോഹ ∙ ലോക സുന്ദരി ഐശ്വര്യ റായ് മുതല്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി ഉള്‍പ്പെടെ ഏതൊരു സെലിബ്രിറ്റിയും ഖത്തര്‍ സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്താല്‍ ആദ്യം 'വിളി' എത്തുന്നത് ദോഹയിലെ ഈ മലയാളി ചെറുപ്പക്കാരനെ തേടിയാണ്-ഫോട്ടോഷൂട്ടിനായി. എട്ടാം ക്ലാസില്‍ നാട്ടിലെ കല്ല്യാണ ഫൊട്ടോഗ്രഫറുടെ സഹായിയായി തുടങ്ങിയ
ദോഹ ∙ ലോക സുന്ദരി ഐശ്വര്യ റായ് മുതല്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി ഉള്‍പ്പെടെ ഏതൊരു സെലിബ്രിറ്റിയും ഖത്തര്‍ സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്താല്‍ ആദ്യം 'വിളി' എത്തുന്നത് ദോഹയിലെ ഈ മലയാളി ചെറുപ്പക്കാരനെ തേടിയാണ്-ഫോട്ടോഷൂട്ടിനായി. എട്ടാം ക്ലാസില്‍ നാട്ടിലെ കല്ല്യാണ ഫൊട്ടോഗ്രഫറുടെ സഹായിയായി തുടങ്ങിയ
ദോഹ ∙ ലോകസുന്ദരി ഐശ്വര്യ റായ് മുതല്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി ഉള്‍പ്പെടെ ഏതൊരു സെലിബ്രിറ്റിയും ഖത്തര്‍ സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്താല്‍ ആദ്യം 'വിളി' എത്തുന്നത് ദോഹയിലെ ഈ മലയാളി ചെറുപ്പക്കാരനെ തേടിയാണ്-ഫോട്ടോഷൂട്ടിനായി.
എട്ടാം ക്ലാസില്‍ നാട്ടിലെ കല്ല്യാണ ഫൊട്ടോഗ്രഫറുടെ സഹായിയായി തുടങ്ങിയ ക്യാമറ ക്ലിക്കുകളില്‍ ഇന്നിപ്പോ മുന്‍നിര സെലിബ്രിറ്റുകളുടെ മുഖങ്ങളാണ് പതിയുന്നത്. ദോഹയിലെ അറിയപ്പെടുന്ന, തിരക്കേറിയ സെലിബ്രിറ്റി ഫൊട്ടോഗ്രഫര്‍ ആണ് 36കാരനായ അനീഷ് ഗ്രിഡ് എന്ന ഈ തൃശൂര്‍ക്കാരന്‍.
ഐശ്വര്യ റായ് മുതല്‍ ഷാരൂഖ് ഖാന്‍, കരീന കപൂര്‍, മോഹന്‍ലാല്‍, എന്നു വേണ്ട മുന്‍നിര സിനിമ, കായിക സെലിബ്രിറ്റികളുടെ ദോഹയിലെ പ്രിയപ്പെട്ട ഫൊട്ടോഗ്രഫര്‍ ആയി അനീഷ് ഗ്രിഡ് എന്ന ചെറുപ്പക്കാരൻ പ്രവാസി മലയാളികൾക്കും അഭിമാനമാണ്. ദോഹയിലെ പ്രവാസി സമൂഹത്തിനിടയില്‍ അനിഷ് ഗ്രിഡ് എന്ന പേര് സുപരിചിതമായതിന്റെ പിന്നില്‍ പ്രഫഷനല്‍ മികവും സെലിബ്രിറ്റി ഫൊട്ടോഗ്രഫര്‍ എന്ന തലക്കനം ഒട്ടുമില്ലാതെയുള്ള പെരുമാറ്റവും തന്നെയാണ്.
സെലിബ്രിറ്റികളെ ഒന്നടുത്തു കാണാന്‍ ആഗ്രഹിക്കുന്നവരെ അസൂയപ്പെടുത്തും വിധമാണ് അവര്‍ക്കൊപ്പം ഒരു ദിവസത്തിലേറെ നീളുന്ന ഫോട്ടോ, വിഡിയോ ഷൂട്ടുകള്‍ക്കായി സമയം ചിലവിടാനുള്ള ഭാഗ്യം അനീഷിനെ തേടിയെത്തുന്നത്.
∙ 'എട്ടി'ല്‍ തുടക്കം
ചെറുപ്പം മുതല്‍ക്കേ ക്യാമറ ഹരമാണ്. എട്ടാം ക്ലാസ് മുതല്‍ സ്വന്തമായി വരുമാനമുണ്ടാക്കി തുടങ്ങിയ പയ്യന്‍സ് ആണ് 36-ാം വയസ്സില്‍ സെലിബ്രിറ്റി ഫൊട്ടോഗ്രഫര്‍ ആയി മാറിയത്. നാട്ടിലെ കല്ല്യാണ ഫൊട്ടോഗ്രഫറുടെ സഹായിയായാണ് ആദ്യമായി ക്യാമറ കയ്യിലെടുത്തതെന്ന് അനീഷ് പറയുന്നു. പത്താം ക്ലാസ് എത്തിയപ്പോഴേക്കും സ്വന്തമായി കല്ല്യാണ വര്‍ക്കുകള്‍ എടുത്തു തുടങ്ങി.
ഡിഗ്രി കാലത്ത് ഞായറാഴ്ചകളില്‍ കല്ല്യാണത്തിരക്കേറി. തൃശൂര്‍ കേരള വര്‍മ കോളജിലെ ഡിഗ്രി പഠനത്തിന് ശേഷം അയാട്ട എയര്‍ലൈന്‍ മാനേജ്‌മെന്റ് പഠനത്തിന് ശേഷം ചെന്നൈ, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളിൽ ജോലി. അതിനു ശേഷം 2009 ലാണ് ദോഹയുടെ മണ്ണിലേക്ക് എത്തുന്നത്.
∙ പ്രവാസത്തിലെ 'ക്ലിക്ക്'
അക്കൗണ്ടന്റ് ആയാണ് ദോഹയിലെത്തിയതെങ്കിലും ഫൊട്ടോഗ്രഫി വിട്ടില്ല. ഇവന്റ്, കണ്‍സേര്‍ട്ടുകളിലൂടെ പ്രവാസത്തിലെ ക്യാമറ ക്ലിക്കുകള്‍ക്ക് തുടക്കമിട്ടു. താരങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ക്യാമറകണ്ണുകളിലൂടെ മനോഹരമായി ഒപ്പിയെടുക്കുന്നതിലെ 'പെർഫക്ഷൻ' ആണ് അനീഷിനെ സെലിബ്രിറ്റി ഫൊട്ടോഗ്രഫര്‍ എന്ന സ്റ്റേറ്റസിലേക്ക് എത്തിച്ചത്.
അനീഷെടുത്ത താരങ്ങളുടെ കാന്‍ഡിഡ് ചിത്രങ്ങളും വിഡിയോകളും വരെ ഇന്ന് വൈറല്‍ ആണ്. 'ലൈഫ് സെറ്റില്‍ ആയി റിസ്‌ക്കില്ലെന്ന് തോന്നിയ സമയത്താണ് ജോലി ഉപേക്ഷിച്ച് ഫൊട്ടോഗ്രഫി പ്രഫഷനാക്കിയതെന്ന് അനീഷ് പറയുന്നു. ഇന്നിപ്പോ 7 ജീവനക്കാര്‍ അടങ്ങുന്ന ഗ്രിഡ് എന്ന കമ്പനി ഉടമയാണ് അനീഷ്. ഇവന്റുകള്‍, കണ്‍സേര്‍ട്ടുകള്‍, സ്റ്റേജ് ഷോകള്‍, വ്യക്തിഗത ഫൊട്ടോ ഷൂട്ടുകള്‍, മെറ്റേണിറ്റി, ബേബീസ് ചിത്രങ്ങൾ എന്നിവയിലാണ് അനീഷിന് താല്‍പര്യം.
∙ ഐശ്വര്യ നല്‍കിയ 'ബ്രേക്ക്'
2015-2016 മുതല്‍ ആണ് സെലിബ്രിറ്റി ഫൊട്ടോഗ്രഫര്‍ എന്ന ലേബലിലേക്ക് അനീഷ് എത്തിയത്. അനീഷെടുത്ത ചിത്രങ്ങളും വിഡിയോകളും കണ്ടാണ് ദോഹയിലെ ഏജൻസി മനീഷ് മല്‍ഹോത്രയുടെ റാംപില്‍ ചുവടുവയ്ക്കാനായി ദോഹയിലെത്തിയ ലോകസുന്ദരി ഐശ്വര്യ റായിയുടെ ഫൊട്ടോഷൂട്ടിനായി അനീഷിനെ സമീപിച്ചത്.
അനീഷിന്റ് ഫൊട്ടോഗ്രഫി ജീവിതത്തില്‍ വലിയ വഴിത്തിരിവായത് ഐശ്വര്യ നൽകിയ ഈ 'ഐശ്വര്യ'മാണ്. ലക്ഷകണക്കിനാളുകളാണ് അനീഷ് എടുത്ത ഐശ്വര്യ റായിയുടെ വിഡിയോ കണ്ടത്. രണ്ടാം തവണയും ഐശ്വര്യ എത്തിയപ്പോള്‍ ഫൊട്ടോഷൂട്ടിനായി വീണ്ടും വിളി എത്തിയത് അനീഷിന് തന്നെയാണെന്നതാണ് സെലിബ്രിറ്റി ഫൊട്ടോഗ്രഫർ എന്ന നിലയിലേക്ക് അനീഷിനെ മാറ്റിയത്.
∙ സെലിബ്രിറ്റികളുടെ 'സെലിബ്രിറ്റി'
ഐശ്വര്യ റായിയിൽ തുടങ്ങി ഷാരൂഖ് ഖാൻ, കരീന കപൂർ മാത്രമല്ല സെയ്ഫ് അലിഖാന്‍, അനന്യ പാണ്ഡെ, സാറ അലിഖാന്‍, ആലിയ ഭട്ട്, ഗായകരായ സോനു നിഗം, വിശാല്‍ ശേഖര്‍, നേഹ കട്ക്കര്‍, ക്രിക്കറ്റ് താര രാജാവ് വിരാട് കോഹ്‌ലി, ഫുട്‌ബോള്‍ താരം നെയ്മാർ തുടങ്ങി അനവധി വമ്പന്‍ താരങ്ങളുടെ ഫൊട്ടോഷൂട്ടിനുള്ള ഭാഗ്യം ലഭിച്ച മലയാളിയാണ് അനീഷ്. ഒറ്റവാക്കിൽ പറഞ്ഞാൽ സെലിബ്രിറ്റികളുടെ 'സെലിബ്രിറ്റി' ഫൊട്ടോഗ്രഫർ ആണ് ഈ മലയാളി ഇന്ന്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ എത്ര സെലിബ്രിറ്റികളുടെ ചിത്രങ്ങളും വിഡിയോകളും എടുത്തിട്ടുണ്ടെന്ന് ചോദിച്ചാല്‍ അനീഷിന് പെട്ടെന്ന് ഉത്തരം പറയുക സാധ്യമല്ല. കാരണം അത്രയേറെയുണ്ട് അനീഷിന്റെ ക്യാമറയില്‍ പതിഞ്ഞ താര മുഖങ്ങള്‍. ആദ്യമെല്ലാം ഫോട്ടോ ഷൂട്ടിനായി ദോഹയിലെ ഏജന്‍സികളാണ് വിളിച്ചിരുന്നത്. പിന്നീട് താരങ്ങളുടെ മാനേജര്‍മാര്‍ നേരിട്ട് വിളിക്കാന്‍ തുടങ്ങി.
ഇന്‍സ്റ്റഗ്രാമിലൂടെ ബന്ധപ്പെടുന്നവരും ഏറെ. മോഹന്‍ലാലിന്റെ ദോഹയിലെ ഇവന്റുകളും അദ്ദേഹത്തിന്റെവ്യക്തിഗത ചിത്രങ്ങളെടുക്കാനുമുള്ള ഭാഗ്യവും അനീഷിന് ലഭിച്ചു. അനീഷെടുത്ത ചിത്രങ്ങളുടെ മികവ് കണ്ടാണ് ലാലേട്ടന്റെ വിളിയെത്തിയത്. മമ്മൂട്ടിയുടെ ടര്‍ബോ ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെ മലയാളത്തിന്റെ താര നിരകളുടെ സ്റ്റേജ് ഷോ, വ്യക്തിഗത ഷൂട്ടുകള്‍ എന്നിവ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ക്കു വേണ്ടിയാണ് ക്യാമറ കയ്യിലെടുത്തതെന്ന് അനീഷ്. നിവിന്‍ പോളി അടുത്തിടെ ദോഹയിലെത്തിയപ്പോഴെടുത്ത വിഡിയോയും വൈറലായിരുന്നു.
∙ താരങ്ങള്‍ക്കൊപ്പം, നെയ്മാറിന്റെ 'സമ്മാനം'
ഒന്നോ രണ്ടോ ദിവസങ്ങള്‍ നീളുന്ന ഫോട്ടോ, വിഡിയോ ഷൂട്ടാണ് സെലിബ്രിറ്റികള്‍ക്കൊപ്പം. അവരുടെ സ്വകാര്യത മാനിക്കണം, അസ്വസ്ഥതപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റം പാടില്ല തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ഓരോ ക്ലിക്കുമെടുക്കാനെന്ന് അനീഷ് പറയുന്നു. നമ്മുടെ പെരുമാറ്റം അവരെ 'കംഫർട്ട്' ആക്കിയാൽ മാത്രമേ ഓരോ ക്ലിക്കുകളും പെർഫക്ട് ആകുകയുള്ളുവെന്ന് വിശ്വസിക്കുന്നയാളാണ് അനീഷ്. അതുകൊണ്ടു തന്നെ അക്കാര്യത്തിൽ വലിയ സൂക്ഷ്മത പുലർത്തുന്നുണ്ട്.
ഫൊട്ടോയെടുക്കുമ്പോള്‍ ഫൊട്ടോഗ്രഫര്‍ക്ക് അല്‍പം ടെന്‍ഷന്‍ സ്വാഭാവികം. പക്ഷേ മിക്ക താരങ്ങളും അടുത്തു വന്ന് വളരെ ഫ്രണ്ട്‌ലിയായി സംസാരിച്ച് ഫൊട്ടോഗ്രഫറെ കംഫര്‍ട്ട് ആക്കിയ ശേഷമാണ് അവര്‍ പോസ് ചെയ്യുന്നതെന്നത് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് അനീഷ് പറയുന്നു. ഓരോ താരങ്ങള്‍ക്കൊപ്പവുമുള്ള ഫോട്ടോ ഷൂട്ടുകള്‍ ഓരോ നല്ല അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.
കാണാന്‍ ആഗ്രഹിച്ചിരുന്നവര്‍ സ്വന്തം ക്യാമറയുടെ മുന്‍പില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്‍ക്കുന്നുവെന്നത് തന്നെ വലിയ സന്തോഷവും ഫൊട്ടോഗ്രഫര്‍ എന്ന നിലയില്‍ അഭിമാനവുമാണ്. വിരാട് കോലിക്കൊപ്പം രണ്ടു ദിവസം നീണ്ട ഷൂട്ട് നല്ല അനുഭവമായിരുന്നു. സുഹൃത്തിനോടെന്ന പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റമെന്നത് കൂടുതല്‍ മികച്ച ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും ഇടയാക്കി.
ഖത്തർ ലോകകപ്പിന്റെ സമയത്ത് ബ്രസീൽ ഇതിഹാസം നെയ്മാറിനൊപ്പം ഒരു മണിക്കൂറോളം ചിലവഴിക്കാൻ പറ്റിയതിന്റെ ത്രിൽ ഇപ്പോഴും മാറിയിട്ടില്ലെന്ന് അനീഷ് പറയുന്നു. ഫൊട്ടോഗ്രഫർ എന്ന നിലയിൽ ലഭിച്ച അവിസ്മരണീയമായ അനുഭവമാണിത്. ഷൂട്ടുമായി ബന്ധപ്പെട്ട് ഒരു മണിക്കൂറോളം നെയ്മാറിനൊപ്പം കഴിഞ്ഞതിനൊടുവിൽ പേരെഴുതി ഒപ്പിട്ട ഫുട്ബോളും അനീഷിന് നൽകിയാണ് നെയ്മാർ മടങ്ങിയത്. ഇന്നും സ്വീകരണമുറിയില്‍ നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് നെയ്മാർ സമ്മാനമായി നൽകിയ ഫുട്ബോൾ.
∙ ഗ്രിഡിലെ 'കുഞ്ഞന്‍' ക്ലിക്കുകള്‍
താരങ്ങളുടെ ചിത്രങ്ങളും വിഡിയോകളും മാത്രമല്ല നവജാത ശിശുക്കളുടെയും മെറ്റേണിറ്റി ഫാമിലി ചിത്രങ്ങളെടുക്കാനും അനീഷിന് ഏറെ ഇഷ്ടമാണ്. ഗ്രിഡിന്റെ ലിറ്റില്‍സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങൾ കണ്ട് എത്തുന്നവർ ഏറെയാണ്. അനീഷിന്റെ പേരിനൊപ്പമുള്ള ഗ്രിഡ് ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നതും. നാട്ടില്‍ ഫൊട്ടോഗ്രഫര്‍ ആയിരുന്ന സമയത്ത് ഗ്രിഡ് എന്ന പേരിലുള്ള ബന്ധുവിന്റെ സ്റ്റുഡിയോയില്‍ ആയിരുന്നു ജോലി.
ഗ്രിഡ് എന്ന പേരിലെ അപൂര്‍വത ഇഷ്ടപ്പെട്ടതോടെ പേരിനൊപ്പം ഗ്രിഡ് എന്നു ചേർത്തത് ഇന്ന് മുന്‍നിര സെലിബ്രിറ്റികള്‍ക്കിടയിലേക്കും അറിയപ്പെട്ടുവെന്നത് മലയാളികള്‍ക്കും അഭിമാനം തന്നെ. എന്തിനും ഏതിനും കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന അനിയന്‍ അഖിലും ഭാര്യ അശ്വതിയും എട്ടോളം വരുന്ന ജീവനക്കാരുമാണ് ഈ സെലിബ്രിറ്റി ഫൊട്ടോഗ്രഫര്‍ക്ക് കരുത്തും പിന്തുണയും നല്‍കുന്നത്.