കഥാനിർമിതിയുടെ പൂർണത - അമ്മിണിപ്പിലാവ്
ആഴ്ചപ്പതിപ്പുകളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച, പുരസ്കാരങ്ങളാൽ അംഗീകരിക്കപ്പെട്ട പതിനൊന്നു കഥകളുടെ സമാഹാരമാണ് അമ്മിണിപ്പിലാവ്. ജീവിതത്തിന്റെ നേരും നോവും നിറച്ചെഴുതിയ കഥകൾ, കഥാപാത്രങ്ങൾ ഒന്നും അവയുടെ ആത്മാവിൽ നിന്ന് നമുക്കത്ര വേഗം വിടുതൽ നൽകില്ല. ആദ്യകഥയായ "ആനിയുടെ ജീവിതത്തിലെ ചില
ആഴ്ചപ്പതിപ്പുകളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച, പുരസ്കാരങ്ങളാൽ അംഗീകരിക്കപ്പെട്ട പതിനൊന്നു കഥകളുടെ സമാഹാരമാണ് അമ്മിണിപ്പിലാവ്. ജീവിതത്തിന്റെ നേരും നോവും നിറച്ചെഴുതിയ കഥകൾ, കഥാപാത്രങ്ങൾ ഒന്നും അവയുടെ ആത്മാവിൽ നിന്ന് നമുക്കത്ര വേഗം വിടുതൽ നൽകില്ല. ആദ്യകഥയായ "ആനിയുടെ ജീവിതത്തിലെ ചില
ആഴ്ചപ്പതിപ്പുകളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച, പുരസ്കാരങ്ങളാൽ അംഗീകരിക്കപ്പെട്ട പതിനൊന്നു കഥകളുടെ സമാഹാരമാണ് അമ്മിണിപ്പിലാവ്. ജീവിതത്തിന്റെ നേരും നോവും നിറച്ചെഴുതിയ കഥകൾ, കഥാപാത്രങ്ങൾ ഒന്നും അവയുടെ ആത്മാവിൽ നിന്ന് നമുക്കത്ര വേഗം വിടുതൽ നൽകില്ല. ആദ്യകഥയായ "ആനിയുടെ ജീവിതത്തിലെ ചില
ആഴ്ചപ്പതിപ്പുകളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച, പുരസ്കാരങ്ങളാൽ അംഗീകരിക്കപ്പെട്ട പതിനൊന്നു കഥകളുടെ സമാഹാരമാണ് അമ്മിണിപ്പിലാവ്. ജീവിതത്തിന്റെ നേരും നോവും നിറച്ചെഴുതിയ കഥകൾ, കഥാപാത്രങ്ങൾ ഒന്നും അവയുടെ ആത്മാവിൽ നിന്ന് നമുക്കത്ര വേഗം വിടുതൽ നൽകില്ല. ആദ്യകഥയായ "ആനിയുടെ ജീവിതത്തിലെ ചില സുപ്രധാന തീരുമാനങ്ങൾ" നമുക്ക് നമ്മെത്തന്നെയോ, പരിചിതരായ മറ്റു സ്ത്രീകളെയോ നിഷ്പ്രയാസം കാണാം. ജീവിതത്തിൽ മറ്റാരെയും ആശ്രയിക്കാതെ സ്വന്തമായി തീരുമാനങ്ങളെടുക്കേണ്ടതിന്റെ ആവശ്യകത, പുതിയൊരു കാര്യം പഠിച്ചെടുക്കാനും വരുതിയിലാക്കാനും വേണ്ട ആത്മവിശ്വാസത്തിന്റെ പ്രാധാന്യം ഇവയൊക്കെ ഒരു കാർ ഡ്രൈവിംഗിന്റെ പശ്ചാത്തലത്തിൽ വളരെ രസകരമായി അവതരിപ്പിക്കുന്നതിനൊപ്പം ആനിയുടെ ആത്മവിശ്വാസത്തിന്റെ വീറിലൊരല്പം നമ്മിലേക്കും കൂടി പകർന്നു കൊണ്ടാണ് കഥ അവസാനിപ്പിച്ചിരിക്കുന്നത്.
രണ്ടാമത്തെ കഥയായ 'ചന്ദ്രസ്വരൂപ' വളരെ വ്യത്യസ്തമായ കഥാപരിസരം സമ്മാനിക്കുന്നു. എം.ടി യുടെ രണ്ടാമൂഴത്തിൽ ഭീമസേനന്റെ മറുമുഖം നാം കണ്ടു. അതുപോലെ, ചെറുപ്പം മുതൽ വായിച്ചും കേട്ടും മനസിലാക്കിയ കൗരവോൽപപ്പത്തിയെ മറ്റൊരു തലത്തിലേക്ക് പകർത്തി വയ്ക്കുകയാണ് ഇവിടെ. തികച്ചും ശ്ലാഘനീയമായ സമീപനം. കുടിലബുദ്ധിയുടെ കേന്ദ്രമായ കുരുവംശത്തിലെ നൂറ്റവരുടെ ജന്മം മുതൽ അന്ത്യം വരെ ഉയരുന്ന മാതൃരോദനങ്ങളെ കേന്ദ്രീകരിച്ച് കഥ ഉരുവായിരിക്കുന്നു. അതിലൊരമ്മയായി ചന്ദ്രസ്വരൂപ! സ്വപ്നം കണ്ടു കാത്തിരുന്ന കുഞ്ഞ് ഭൂമിയിലുരുവായതേ, അധികാരത്തിന്റെയും കുതന്ത്രത്തിന്റെയും ചുവടു പിടിച്ച് അവളിൽ നിന്ന് തട്ടിയെടുക്കപ്പെടുകയും, ധർമ്മയുദ്ധമദ്ധ്യേ അവന് അന്ത്യം സംഭവിക്കുകയും ചെയ്യുമ്പോൾ കുരുക്ഷേത്രത്തിൽ വീണുപൊള്ളുന്നത് നിഷ്കളങ്കയായ ഒരമ്മയുടെ ആത്മാവാണ്. കണ്ണുകെട്ടി അന്ധകാരം വരിച്ച ഗാന്ധാരീരോദനം നിഷ്പ്രഭമാകുന്ന കാഴ്ച!. മാതൃവാത്സല്യത്തിന്റെ, പ്രണയഭംഗത്തിന്റെ, നിസ്സഹായതയുടെ പിടച്ചിലുകൾ ചന്ദ്രസ്വരൂപയിലൂടെ അനുഭവിച്ചറിയാം. മഹാഭാരത കഥയിലെ സുപ്രധാന ഏടിന്റെ തികച്ചും വേറിട്ട വീക്ഷണം. മനോഹരം!
യുദ്ധാന്തരീക്ഷത്തിൽ നിന്നും വിഭിന്നമായി, പച്ചയായ ഗ്രാമത്തിന്റെ നനവ് തൊട്ട് 'അമ്മിണിപ്പിലാവ്' മൂന്നാമതായി രംഗപ്രവേശം ചെയ്യുന്നു. അതീവസ്നേഹത്തോടെ പരിപാലിച്ചു വളർത്തിയ പ്ലാവ് വെട്ടാൻ യജമാനൻ ആജ്ഞാപിക്കുമ്പോൾ സർവ്വം തകർന്ന അവസ്ഥയിലാകുന്ന കുഞ്ഞപ്പൻ. അമ്മിണിപ്പിലാവിന്റെ പിറവിയും പ്രാധാന്യവും കുഞ്ഞപ്പൻ ഓർത്തെടുക്കുമ്പോൾ അനുവാചകഹൃദയവും ഒപ്പം നോവും. തെക്കൻഗ്രാമ്യഭാഷയിലൂടെ, പരിസരത്തിലൂടെ അവതരിപ്പിക്കുന്ന കഥ അതീവഹൃദ്യം.
നിശയുടെ മറവിലൊരുങ്ങുന്ന പെൺവിരുന്നുകളുടെ നിരയിലേക്ക് ഒരാൾ കൂടി കൂട്ടിച്ചേർക്കപ്പെടുന്ന കാഴ്ച്ചയാണ് 'രാത് കി റാണി'. കഥാവസാനം രക്ഷിക്കണം എന്ന യാചനയ്ക്കുനേരെ കണ്ണടച്ച്, നിസ്സഹായതയുടെ നോവിൽ ജമിഷ എന്ന നിശാശലഭത്തെ നായകൻ തന്റെ കുഞ്ഞിപ്പെങ്ങളിലേക്കു ചേർത്തു വയ്ക്കുമ്പോൾ വല്ലാതെ ഉള്ളു പൊള്ളും. കൂടാതെ പുരലിയ ഹത്യാർ വാർത്തകൾ, ബമിയാൻ താഴ്‌വരകളുടെ മനോഹാരിത അതിനപ്പുറം മനുഷ്യന്റെ അധികാരക്കൊതിയുടെയും അന്ധതയുടെയും ഫലമായി തകർന്നു വീണ ബുദ്ധപ്രതിമകൾ എല്ലാം വായനയുടെ വഴിയിൽ മറ്റൊരു നോവു കൂടി കൂട്ടിച്ചേർത്തു കടന്നു പോകുന്നു.
ജീവിതപ്രാരാബ്ധത്തിന്റെ ഭാണ്ഡവും പേറി പ്രവാസത്തിന്റെ പെരുംതിരയിലേക്കൂളിയിടുന്ന നിസ്സഹായജന്മങ്ങൾ. വീടിനും വീട്ടുകാർക്കും വേണ്ടി ജീവിച്ച്, ഏതെങ്കിലുമൊരു ഘട്ടത്തിൽ അവൻ വെറുംകയ്യോടെ മടങ്ങിയെത്തിയാൽ തീരുന്നു സ്വന്തമെന്ന് അതുവരെ വിശ്വസിച്ചിരുന്നവരുടെ സ്നേഹവും കരുതലും. 'റിഡൻഡൻസി' രാമചന്ദ്രൻ എന്ന പ്രവാസിഉദ്യോഗസ്ഥന്റെ ജീവിതത്തിലെ നേരനുഭവങ്ങളെ അനാവരണം ചെയ്യുന്നു. ഇത് വെറുമൊരു കഥയല്ല. ഇതാണ് പ്രവാസിയുടെ യഥാർത്ഥ ജീവിതചിത്രം.
'ബ്ലെൻഡർ' വ്യത്യസ്തമായ എഴുത്തുശൈലിയിലൂടെ പൂർണ്ണത കൈവരിച്ച കഥ. യെമനിലെ യുദ്ധഭൂമിയിൽ നിന്നും പലായനം ചെയ്തെത്തുന്ന മറിയത്തിന്റെയും വിവാഹിതനായ അവളുടെ മെന്ററുടെയും പ്രണയവൈകാരികതകളിലൂടെ അല്പം ആശങ്കയോടെയുള്ള സഞ്ചാരം. പേരറിയാത്തൊരു വികാരമുണർത്തി അവസാനിക്കുന്ന കഥയെ ഇഷ്ടത്തോടെ ചേർത്തു വയ്ക്കുന്നു.
വളരെയധികം ഇഷ്ടമായ കഥയാണ് 'കൂനൻകുരിശ്'. മത്തിപ്പെമ്പിള മനസ്സിൽ നിന്നു മായുന്നേയില്ല. ഒരേ സമയം തീയും തണുപ്പും ആകുന്ന പെണ്ണിന്റെ വേറിട്ട ഭാവങ്ങൾ... ഉള്ളിൽ തട്ടുന്ന സ്നേഹസ്പർശങ്ങൾ! ഹൃദയം തൊടുന്ന വായനാനുഭവം.
മാതൃസ്നേഹത്തിന്റെ അളവില്ലാത്ത കരുതലിന്റെ വില മനസിലാകുക അത് നഷ്ടപ്പെടുമ്പോഴാണ്. ജീവിതത്തിന്റെ ഒറ്റപ്പെടലിൽ അതുവരെ കണക്കിലെടുക്കാതിരുന്ന നിസ്വാർത്ഥസ്നേഹത്തിലേക്ക് ഒരിക്കലൂടെ തിരിച്ചു പോകാൻ മനസ് വെമ്പും. 'സ്ത്രീയെ, എനിക്കും നിനക്കുമെന്ത'" കഥയിലൂടെ നാം അമ്മമടിത്തട്ടിലേക്ക് യാത്രയാവുന്നെങ്കിൽ അത് തികച്ചും സ്വാഭാവികം.
തുടർന്ന് വരുന്ന 'സിഗ്‌നൽ', 'ദി ഡേ ഓഫ് ജാക്കൾ' എന്നീ കഥകൾ രക്തമുറയുന്ന പെൺനോവുകളിലേക്കാണ് നമ്മെ കൊണ്ടു പോകുന്നത്. അധികാരത്തിലൂടെ പുരുഷാധിപത്യത്തിലൂടെ വിശ്വാസവഞ്ചനയിലൂടെ ഇല്ലായ്മ ചെയ്യപ്പെടുന്ന റാണിയും എയ്ഞ്ചലും മനുഷ്യനിലെ കൊടുംക്രൂരതയുടെ, സമൂഹത്തിലെ മൂല്യച്യുതിയുടെ എല്ലാം നേർചിത്രമാകുന്നു.
അവസാന കഥയായ 'ഒറ്റവാക്ക് മാത്രമുള്ള ഭാഷ' വേറിട്ട ചിന്തകളിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. സ്നേഹത്തിന്റെ ഭാഷയ്ക്ക് ഒരുപാട് വാക്കുകൾ വേണ്ട. ചില ഒറ്റശബ്ദങ്ങൾ, നോട്ടങ്ങൾ, നിശ്ശബ്ദതകൾ എന്നിവയിലൂടെ സ്നേഹവും പരിഭവവും ദേഷ്യവും ഒക്കെ നമ്മോടു സംവദിക്കുന്ന ജീവജാലങ്ങൾക്ക് മുൻപിൽ നമ്മുടെ ശബ്ദവാചാലതയുടെ പകിട്ടെന്താണ്?. നഷ്ടമാകാത്ത വായന നൽകുന്ന മേന്മയുള്ള എഴുത്തുമായി നമുക്ക് മുൻപിലെത്തിയിട്ടുള്ള 'അമ്മിണിപ്പിലാവ്' എന്ന പുസ്തകത്തിന്റെ കാതൽ ജീവിതാനുഭവങ്ങൾ തന്നെയാണ്. കൈരളി ബുക്‌സാണ് അമ്മിണിപ്പിലാവിൻറെ പ്രസാധകർ.