മനുഷ്യജീവിതത്തിൽ പ്രവാസം എന്ന പ്രക്രിയ ക്രിസ്തുവിനും മുൻപേയുള്ള കാലഘട്ടത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഒന്നാണെന്നാണ് അറിവ്. മുൻകാലങ്ങളിൽ നിത്യവൃത്തിക്കായി മാതൃദേശം വിട്ട്‌ അന്യദേശത്തേക്കുള്ള താൽക്കാലിക കുടിയേറ്റമായിരുന്നെങ്കിൽ ഇന്ന് മാതൃദേശത്തു നിന്ന് ജീവിതത്തിന്റെ പൂർണ്ണമായുള്ള ഒരു പറിച്ചു നടീലിന്

മനുഷ്യജീവിതത്തിൽ പ്രവാസം എന്ന പ്രക്രിയ ക്രിസ്തുവിനും മുൻപേയുള്ള കാലഘട്ടത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഒന്നാണെന്നാണ് അറിവ്. മുൻകാലങ്ങളിൽ നിത്യവൃത്തിക്കായി മാതൃദേശം വിട്ട്‌ അന്യദേശത്തേക്കുള്ള താൽക്കാലിക കുടിയേറ്റമായിരുന്നെങ്കിൽ ഇന്ന് മാതൃദേശത്തു നിന്ന് ജീവിതത്തിന്റെ പൂർണ്ണമായുള്ള ഒരു പറിച്ചു നടീലിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യജീവിതത്തിൽ പ്രവാസം എന്ന പ്രക്രിയ ക്രിസ്തുവിനും മുൻപേയുള്ള കാലഘട്ടത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഒന്നാണെന്നാണ് അറിവ്. മുൻകാലങ്ങളിൽ നിത്യവൃത്തിക്കായി മാതൃദേശം വിട്ട്‌ അന്യദേശത്തേക്കുള്ള താൽക്കാലിക കുടിയേറ്റമായിരുന്നെങ്കിൽ ഇന്ന് മാതൃദേശത്തു നിന്ന് ജീവിതത്തിന്റെ പൂർണ്ണമായുള്ള ഒരു പറിച്ചു നടീലിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യജീവിതത്തിൽ പ്രവാസം എന്ന പ്രക്രിയ ക്രിസ്തുവിനും മുൻപേയുള്ള കാലഘട്ടത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഒന്നാണെന്നാണ് അറിവ്. മുൻകാലങ്ങളിൽ നിത്യവൃത്തിക്കായി മാതൃദേശം വിട്ട്‌ അന്യദേശത്തേക്കുള്ള താൽക്കാലിക കുടിയേറ്റമായിരുന്നെങ്കിൽ ഇന്ന് മാതൃദേശത്തു നിന്ന് ജീവിതത്തിന്‍റെ പൂർണ്ണമായുള്ള ഒരു പറിച്ചു നടീലിന് ആഗ്രഹിക്കുന്ന ജനതയെ കാണാം. പ്രവാസമെന്ന വാക്കിന്‍റെ ഭാരം കുറഞ്ഞു വരുന്ന പ്രതീതി. ഹേയ്..നാട്ടിലൊന്നും ജീവിച്ചാൽ ശരിയാകില്ല എന്നു പറഞ്ഞ് മക്കളെ പ്രവാസത്തിനായി ഒരുക്കിയെടുക്കുന്ന മാതാപിതാക്കൾ.

അങ്ങനെ നാം കണ്ടു വന്നിരുന്ന പ്രവാസത്തിന്‍റെ മുഖം ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് മാറുന്ന കാഴ്ചയാണിന്ന്. ഇതിനിടെ കേട്ട പുതിയ വാക്കാണ് ‘പെൺപ്രവാസം’. അൽപം കൂടി ഭാരമുള്ളൊരു വാക്ക്. വീടു പുലർത്താൻ അകത്തും പുറത്തുമായുള്ള കഠിനമായ ജോലികൾ പുരുഷന്മാർക്കും കായികാധ്വാനം കുറവുള്ള ജോലികൾ സ്ത്രീകൾക്കുമായി വീതിക്കപ്പെട്ടത് കാലങ്ങൾക്കും മുൻപേയാണ്. വീടും കുട്ടികളും പെണ്ണിന്‍റെ സ്വന്തമാകുന്ന സ്ഥിതിവിശേഷവും അവിടെ തുടങ്ങിയതാവണം. എല്ലാമുപേക്ഷിച്ച് ദൂരദേശങ്ങളിലേക്ക് പുരുഷൻ യാത്രയാവുമ്പോൾ പെണ്ണിന് അതത്ര കണ്ട് സാധ്യമായിരുന്നില്ല.

ADVERTISEMENT

അവിടെ നിന്നാണ് പിൽക്കാലത്തെ സ്ത്രീകൾ വരുമാനാർത്ഥം, വിദ്യാഭ്യാസാർത്ഥം ഒക്കെ വീടുവിട്ടു പുറത്തു പോയിത്തുടങ്ങിയത്. അതുവരെ കൂടെ സഞ്ചരിച്ചവരിൽ നിന്നകന്ന്, ഒരു വീടത്രയും തലയിലേറ്റിക്കൊണ്ടുള്ള യാത്ര. പെൺപ്രവാസമെന്ന അനാസ്വാദ്യവാക്കുറങ്ങുന്ന ചങ്ങലയിൽ എന്‍റെ ജീവിതവും ഒരു കണ്ണിയാണ് എന്ന ചിന്തയിലുളവാകുന്ന താപഭാരങ്ങൾ ചെറുതല്ല. ഇളംമഴ പൊടിക്കുമ്പോഴുയരുന്ന പച്ചമണ്ണിന്‍റെ ഗന്ധവും, ഇലത്തളിർപ്പുകളുടെ നൈർമല്യവും ഭൂമിയുടെ അവകാശികളായ സകലജീവികളുടെയും ഭംഗിയും പ്രകൃതവും കണ്ടും തൊട്ടും പിടിച്ചും ആസ്വദിച്ചും ഉത്സവമേളങ്ങളിൽ സ്വയമലിഞ്ഞും നടന്നൊരു തനി നാടൻ പെൺകുട്ടിക്ക് ചിന്തിക്കാൻ പോലുമാകുന്ന ഒന്നായിരുന്നില്ല പ്രവാസം.

ലേഖ ജസ്റ്റിൻ

ഗൾഫിൽ നിന്നും മറ്റുമെത്തുന്ന ബന്ധുക്കളോടും അയൽവാസികളോടുമുള്ള "എന്നാണ് തിരിച്ചു പോക്ക്?" എന്ന നാട്ടുകാരുടെ ചോദ്യം അവർ ഈ നാടിന്റേതല്ല, അവധിക്കാലമെന്ന ഹ്രസ്വഇടവേളകൾക്കു ശേഷം തിരിച്ചു പോകുന്നവരാണ് എന്ന ചിന്തയെയാണ് ഊട്ടിയുറപ്പിച്ചത്. അവരുടെ ഗന്ധവും നാടിന്റേതല്ലായിരുന്നു. വേറേതോ നാടിൻറെ മനുഷ്യർ. അങ്ങനെ വേറേതോ നാടിൻറെ മനുഷ്യനാകാൻ ഒരിക്കലും ഞാനിഷ്ടപ്പെട്ടിരുന്നില്ല. ഞാൻ എന്‍റെ നാടിൻറെ സ്വന്തമായിരുന്നു. നാട് എന്‍റെയും. ജീവിതത്തിന്‍റെ ഗതി മാറിമറിയുന്നത് മനുഷ്യനിയന്ത്രണത്തിലല്ല എന്ന സത്യത്തെ മുഖാമുഖം നേരിടേണ്ടി വരുന്ന ചില സന്ദർഭങ്ങളുണ്ട്. അവിടെ നമ്മുടെ ഇഷ്ടങ്ങളെ തുരത്തി സാഹചര്യത്തിന്‍റെ അതിമർദ്ദം അധിനിവേശം നടത്തും.

നാം നിസ്സഹായരായി അറിഞ്ഞും അറിയാതെയും അതിന്‍റെ ചുഴികളും മലരികളും പരിചിതമല്ലാത്ത ഒഴുക്കിലേക്ക് വീഴും. എന്തിന് എന്ന ചോദ്യത്തിന് അപ്പോഴത്തെ നിലനില്പ് എന്ന നിസ്സഹായത വേരോടിയ ഉത്തരം മാത്രം. അത്തരമൊരു സാഹചര്യത്തിന്‍റെ അതിമർദ്ദത്തിൽ എന്‍റെ പേരും ഇഷ്ടപ്പട്ടികയിലിടമില്ലാതിരുന്ന പ്രവാസി എന്ന സ്ഥാനപ്പേരിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. അതിദയനീയതയുടെ വിഷാദമുഖങ്ങൾ, ഭാവി എന്ന അനിശ്ചിതത്വം തുടങ്ങിയവ ഉള്ളിൽ നിന്നും നാടെന്ന നനവിനെ തമസ്കരിക്കാൻ പ്രേരകമാക്കി. പരദേശവാസി എന്ന തലക്കുറിയുടെ അനല്പദുഃഖത്തിലേക്ക് ഞാനും ഇഴചേർന്നു.

പിരിയുവതെങ്ങിനെ എന്ന ഉറ്റവരുടെ കണ്ണീർചൂടിനെ പിരിഞ്ഞേ പറ്റൂ എന്ന തീരുമാനത്തിന്‍റെ തീജ്വാലയിൽ പാടേ നേർപ്പിച്ചുകൊണ്ട് ഭാരതതലസ്ഥാനത്തേക്കുള്ള യാത്ര എന്നിലെ "അരപ്രവാസം" എന്ന അദ്ധ്യായത്തിനു തുടക്കമിട്ടു. കേരളം വിട്ടെങ്കിലും ഞാൻ ഭാരതത്തിലാണ്. ഭാരതം എന്‍റെ ദേശം തന്നെയാണ്. പ്രവാസി എന്ന മുഴുവൻവാക്കിനോട് അപ്പോഴും ഞാൻ കലഹപ്പെട്ടുകൊണ്ടേയിരുന്നു. നാടിൻറെ ഗന്ധം എന്നെ വിട്ടകലുന്നത്, എന്നാണ് തിരിച്ചുപോക്ക് എന്ന ചോദ്യത്തിലാഴുന്ന അന്യത എല്ലാം മുൾക്കിരീടം പോലെ നോവിച്ചു. പ്രിയപ്പെട്ട നാട് അതിന്‍റെ ഗർഭപാത്രം മറന്നെങ്ങോട്ടോ ദേശാടനം നടത്തുന്ന കുഞ്ഞിനെയോർത്തു നൊമ്പരപ്പെടില്ലേ എന്നു ശങ്കിച്ചു. പക്ഷേ, ഇത് ജീവിതമാണ്. എല്ലാ വികാരങ്ങൾക്കുമിടം കൊടുത്തു പോകുക ഇവിടെയസാദ്ധ്യം.

ADVERTISEMENT

മീനച്ചൂടിൽ പൊള്ളിയുരുകുന്ന ഡൽഹിയുടെ മണ്ണിൽ കാലെടുത്തു വയ്ക്കുമ്പോൾ മനസിനൊപ്പം ഉടലും വെന്തു. നാസാരന്ധ്രങ്ങൾ വരണ്ടുണങ്ങി രക്തച്ചാലുകൾ പ്രത്യക്ഷമായി. മുന്നോട്ട് ജീവിതത്തിന്‍റെ അത്യുഷ്ണം പൂർണ്ണമായും സന്നിവേശിക്കപ്പെട്ട നാളുകളിൽ ഹൃദയത്തിൽ സ്വയം അടയാളപ്പെടുത്തി. "പ്രവാസി." സ്വന്തം നാടിനും അന്യനാടിനും ഒരുപോലെ സ്വന്തമല്ലാത്തവൻ. വിവാഹം ചെയ്തയയ്ക്കുന്ന പെൺകുട്ടികളുടെ അതേ അവസ്ഥ. ഏതു വീടിനാണ് അവൾക്ക് അവകാശം? കെട്ടിച്ചു വിട്ടവളും വന്നു കയറിയവളും എന്നതല്ലാത്ത എന്തു മേൽവിലാസമാണ് അവൾക്ക് സ്വന്തമായുള്ളത്? അതാണ് പ്രവാസത്തിന്‍റെയും അവസ്ഥ. രേഖകളാൽ പതിപ്പിച്ചു കൊടുക്കപ്പെടുന്ന നാടും വീടും ഉണ്ടായേക്കാമെങ്കിലും പിറന്നുവീഴാത്തിടം അവനു സ്വന്തമല്ലെന്ന ശിരോലിഖിതം നിഴൽ പോലെ കൂടെയുള്ളവനാണ് മനുഷ്യൻ. അത്‌ ഒരിടത്തെന്നല്ല ഈ ലോകമെല്ലായിടത്തും അങ്ങനെത്തന്നെ. ഇന്നിന്‍റെ പ്രവൃത്തികളത്രെ നാളെയുടെ ഫലം.

കടുംപച്ചപ്പാർന്ന് സ്നിഗ്ദ്ധവും ഇലമണമുറ്റതുമായ മണ്ണിൽ നിന്നും നന്നേ വരണ്ടതും ധൂളീസമൃദ്ധവുമായ ഒരു ഭൂവിടത്തിലെ ജീവിതം എത്രകണ്ട് മധുരതരമാകുമെന്നാണ്? തുടർപഠനം, വരുമാനം, താമസസൗകര്യം ഇവയെല്ലാം ഡെമോക്ലീസിന്‍റെ വാളു പോലെ തലയ്ക്കു മീതെ തൂങ്ങി നിൽക്കുന്ന ആ നേരം ജീവിതത്തിന്‍റെ ഏറ്റവും വികൃതമുഖത്തെ പരിചയപ്പെട്ടു. സൗഹൃദപരമായല്ലെങ്കിലും അങ്ങേയറ്റം യാചന നിറച്ച് ഒരിക്കലെന്നെ ഉപേക്ഷിച്ചു പോകണമെന്ന ഉടമ്പടിയ്ക്കു മേൽ ഞാനതിനോട്‌ പൊരുത്തപ്പെട്ടു. പരീക്ഷണങ്ങൾക്കു പുറത്തു പരീക്ഷണങ്ങളുടെ ദിവസങ്ങൾ. കൂടെയുണ്ടാവുമെന്നു വിശ്വസിപ്പിച്ചവരുടെ ചതി, ഉപദ്രവങ്ങൾ തുടങ്ങി പട്ടിണി വരെ രുചിച്ച നാളുകളുടെ കാൽക്കൽ ചുരുണ്ടു കിടന്നു കരയുമ്പോൾ, പ്രവാസം അതിജീവനം എന്ന പുതിയ പാഠം എഴുതിച്ചേർത്ത അല്പം കട്ടികൂടിയ താൾ മുന്നോട്ടു നീട്ടി.

തോറ്റോടലല്ല അതിജീവനമാണ് പ്രവാസത്തിന്‍റെ ആത്യന്തികപാഠം എന്നവിടെ നിന്നും ഉൾക്കൊണ്ടു. "വീണു കിടക്കുന്നവനല്ല എഴുന്നേൽക്കാൻ ശ്രമിക്കുന്നവനത്രേ ഉയിർപ്പുള്ളത്." യാതന കലർന്ന കണ്ണീർമഷിയുടെ സ്ഥാനത്ത് ആത്മവീര്യത്തിന്‍റെ തീത്തുള്ളി നിറച്ച് പുതിയ ജീവിതവരികൾ എഴുതിത്തുടങ്ങാനുള്ള ശ്രമങ്ങൾ അത്രകണ്ട് ലളിതമായിരുന്നില്ല. എങ്കിലും അസാധാരണമായൊരു കരുത്ത് എവിടെയോ രൂപപ്പെട്ടു വന്നത് അപ്രതീക്ഷിതമായി കൈവന്ന, എന്നാൽ പുറമേ അതിനിസാരമെന്നു തോന്നാവുന്ന, തോറ്റമ്പി നിൽക്കുന്നോരു മനുഷ്യന് അമൂല്യമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു തൊഴിൽ നേടലിൽ നിന്നായിരുന്നു. അക്ഷരാർത്ഥത്തിൽ ഉറക്കത്തിന് സമാധാനം എന്ന മേമ്പൊടി ചേർത്തനുഭവിച്ച ദിവസങ്ങൾ.

മിക്ക പെൺപ്രവാസങ്ങളിലും എഴുതിച്ചേർക്കപ്പെടുന്ന ഒന്നാണ് തൊഴിലിടത്തിലെ ചൂഷണങ്ങൾ. താമസസൗകര്യങ്ങളിലെ പോരായ്മകൾ മറ്റൊന്ന്. അതുതന്നെ എഴുതിച്ചേർത്തൊരു പുസ്തകം. അതാണ് എന്‍റെ പ്രവാസവും. മേലുദ്യോഗസ്ഥരുടെ ദയവറ്റ പെരുമാറ്റങ്ങളെ ചെറുത്തു നിൽക്കാൻ ഒരു പെണ്ണിന് ചില്ലറ ധൈര്യമൊന്നും പോരാതെ വരും. പ്രവാസിയെങ്കിൽ പറയുകയും വേണ്ട. നാളെ ജീവിതം പെരുവഴിയിലാകുമെന്ന ബോദ്ധ്യം നിലനിൽക്കെ വേണം അവൾ യുദ്ധത്തിനൊരുങ്ങാൻ. തളർന്നു പോകുമ്പോഴൊക്കെ അതിശക്തമായി മനസു പറഞ്ഞുകൊണ്ടേയിരുന്നു; "തോറ്റോടലല്ല, അതിജീവനമാണ് പ്രവാസം."

ADVERTISEMENT

ജീവിതത്തിൽ ആശ്വസിക്കാൻ ഒന്നോരണ്ടോ ചെറുഘടകങ്ങൾ മാത്രം പോരാ എന്ന് തുടർദിവസങ്ങൾ രഹസ്യത്തിലല്ലാതെ പറഞ്ഞു. തലചായ്ക്കാനൊരിടം മാത്രമാകുന്ന പാർപ്പിടത്തിൽ പട്ടിണിയുടെ ഞണ്ടുകൾ പെരുകി. രാവിലെ വയറ്റിലെത്തുന്ന കട്ടൻകാപ്പിയിൽ ഉച്ചവരെ, ചിലപ്പോൾ വൈകുന്നേരം വരെ ശരീരത്തിന്‍റെ ഊർജ്ജം പിടിച്ചു നിർത്തുക എന്നത് ശീലമായി. ഈർക്കിലിസമാനമായ ശരീരം കണ്ണാടിയിൽ കാണുമ്പോഴുണ്ടാകുന്ന അപകർഷതാബോധം മറയ്‌ക്കേണ്ടതെങ്ങനെ എന്നു കൂടി പഠിച്ചെടുക്കേണ്ടതുണ്ടായിരുന്നു. പണമെന്ന ആവലാതി ഘനമേറ്റിയെത്തുന്ന അമ്മക്കത്തുകളുടെ സങ്കടം വേറെയും.

അതിജീവനമെന്ന ലക്ഷ്യം മുൻനിർത്തി തന്‍റെ ഒറ്റയാൾപാതയിലൂടെ തൊഴിൽതേടലെന്ന ഭഗീരഥപ്രയത്നത്തെ ഉരച്ചും മിനുക്കിയും തോളേറ്റി തളരുമ്പോൾ മടുപ്പ് എന്ന ജീവിതവിരക്തി വല്ലാതെ വരിഞ്ഞു മുറുക്കും. ഏകാന്തത രക്തമൂറ്റും. അങ്ങനെ എല്ലാംകൊണ്ടും ശൂന്യത പിടിമുറുക്കുന്ന നേരങ്ങളിൽ കൈപിടിച്ചെത്തുന്ന ചിലതരം വിപദിധൈര്യങ്ങളുണ്ട്. അത്‌ മനുഷ്യരൂപത്തിലോ, മറ്റേതെങ്കിലും വഴിയിലോ ആകാം. ചിലപ്പോൾ അതിനെ ദൈവമെന്നു വിളിക്കാമെന്ന് തോന്നും. അങ്ങനെ കൈപിടിച്ച ദൈവങ്ങളെ മറക്കുക ഒരിക്കലും സാധ്യമല്ല. അഹംബോധങ്ങളുപേക്ഷിച്ച് പാദവന്ദനത്തോടെ ഞാനതിങ്കലേക്ക് ഹൃദയാർച്ചന ചെയ്യുന്നു.

"അരപ്രവാസി" എന്ന നിരാലംബത്വം പേറി തന്‍റെ മണ്ണിലെത്തിയ ഇളംപൊടിപ്പിനെ ഇന്ദ്രപ്രസ്ഥം ഒരുക്കിയെടുത്തത് അത്രവേഗം ആർക്കും ഉലച്ചെറിയാൻ കഴിയാത്ത ആത്മവിശ്വാസത്തിന്‍റെ കാതലുറ്റ ദൃഢശാഖിയെ ആയിരുന്നു. ഏതു പ്രതിസന്ധിയിലും നല്ല നാളെ എന്ന പ്രതീക്ഷ നമ്മെ വിജയത്തിലെത്തിക്കും എന്ന ഉറപ്പിനെ എഴുതിച്ചേർത്ത എന്‍റെ അരപ്രവാസത്തിന്‍റെ യാതനാപർവ്വം ജീവിതത്തിലെ മറക്കാനാവാത്തൊരേടായി ഇന്നും തിളങ്ങി നിൽക്കുന്നു.

പൊള്ളുന്ന അനുഭവങ്ങളുടെ സന്ദർശനം ഒരിക്കലും പരിമിതദിവസങ്ങളിലേക്കോ വർഷങ്ങളിലേക്കോ ഒതുക്കപ്പെട്ടതായിരുന്നില്ല. ഡൽഹിയിൽ നാമ്പിട്ട അരപ്രവാസത്തിൽ നിന്നും മരുഭൂമി നീട്ടിയ മുഴുപ്രവാസത്തിലേക്ക് ജീവിതത്തിന്‍റെ അടുത്ത അദ്ധ്യായം താൾ തുറന്നു. ഭാഷ കൊണ്ടും സംസ്കാരം കൊണ്ടും പ്രകൃതി കൊണ്ടും തീർത്തും വേറിട്ട അന്യനാട്. മഴസമൃദ്ധിയും, മരസമൃദ്ധിയുമില്ലാത്ത മിത്രഭാവമന്യമായ അംബരചുംബികളുടേതു മാത്രമായ നാട്. എല്ലാ മനുഷ്യരും ജീവിതമാർഗ്ഗം എന്ന സ്വപ്നവും പേറി ഈ മരുഭൂമിയുടെ മാറിലണയുമ്പോൾ എന്‍റെ സ്വപ്നം എല്ലാവരിൽ നിന്നും വിഭിന്നമായി വിവാഹം എന്ന പ്രണയസാക്ഷാത്കാരം ലക്ഷ്യമാക്കിയായിരുന്നു. അതിശയോക്തിയുടെ കൺവിടർത്തലിനെ മാനിക്കേ തന്നെ സത്യത്തെ അടിവരയിടുക കൂടി ചെയ്യട്ടെ.

സകലപ്രതിസന്ധികളുടെയും കുറ്റാക്കുറ്റിരുട്ടിൽ തെളിവിളക്കായി കാത്തുവച്ച പ്രണയസാക്ഷാത്കാരമെന്ന സ്വപ്നം തളിർക്കാൻ മറ്റൊരു മണ്ണും അനുവദിക്കില്ല എന്ന ബോദ്ധ്യത്തിലാണ് മരുഭൂവിലെ മുഴുപ്രവാസം എന്ന സമസ്യാപൂരണത്തിനു തയ്യാറാകുന്നത്. ശുഭാപ്തിവിശ്വാസവും ഇച്ഛാശക്തിയും മുൻനിർത്തി തന്‍റെ മണ്ണിൽ കാലുകുത്തുന്ന മനുഷ്യനെ മരുഭൂമി ചതിക്കില്ല എന്ന തത്വം വിശ്വസിക്കാൻ പോരുന്ന കാഴ്ചകളെ പിൻപറ്റിയാണ് പിന്നീടുണ്ടായ ജീവിതമത്രയും. ദുഃഖങ്ങളുണ്ടായിട്ടില്ല എന്നല്ല, അതിജീവനത്തിനനുപമമായി വളർന്നു എന്നതാണ് നേര്.

ഏഴാം കടലിന്നിപ്പുറം നടന്ന താലികെട്ട്, ഗൃഹപ്രവേശം തുടങ്ങിയ വൈവാഹികചടങ്ങുകൾക്ക് പൊലിമയേകാൻ വലിയ ആഡംബരങ്ങൾക്കോ ബന്ധുസാമീപ്യങ്ങൾക്കോ ഭാഗ്യസിദ്ധിയില്ലായിരുന്നുവെങ്കിലും സ്നേഹാനുഗ്രഹസമൃദ്ധി വേണ്ടുവോളമനുഭവപ്പെട്ടിരുന്നു. തുടർച്ച എങ്ങനെയെന്നറിയാത്ത പുതുജീവിതത്തിന്‍റെ താളക്രമങ്ങൾ ചിട്ടപ്പെടുത്താൻ പൊരുതേണ്ടി വന്നപ്പോഴൊക്കെ വീണുപോകാതെ കാത്തു പരിപാലിച്ച ഈ പുറദേശത്തിന്‍റെ കനിവ് ഓർക്കുമ്പോഴൊക്കെയും ഉള്ളിന്‍റെയുള്ളിൽ എന്‍റെ സ്വന്തം എന്‍റെ സ്വന്തം എന്ന ആർദ്രധ്വനികളുടെ തുടിപ്പ് കേൾക്കാം. വസ്തുതാടിസ്ഥാനത്തിലുള്ള അന്യതകൾ എത്രയോ നിരത്തിയാലും അന്യമെന്നു മാറ്റി നിർത്താനാവാത്ത എത്രയോ ചേർത്തുനിർത്തലുകൾ ഈ മണ്ണിനുണ്ട്. അത്‌ എനിക്കു മാത്രമല്ല, ഓരോ പ്രവാസിയുടെയും അനുഭവത്തിൽ അങ്ങനെയൊന്നുണ്ടാവും. തീർച്ച.

പ്രവാസത്തിന്‍റെ ഏടുകളിലാണ് എന്‍റെ ജീവിതത്തിന്‍റെ മുക്കാൽ പങ്കും എഴുതപ്പെട്ടിരിക്കുന്നത്. ഇവിടെ എത്രയോ തരം ജീവിതങ്ങളെ കണ്ടു. അനുഭവങ്ങളോടു ചേർന്നു. എണ്ണിയാൽ തീരാത്ത സ്വപ്നങ്ങളും വേദനകളും നഷ്ടങ്ങളും അതിജീവനങ്ങളും കണ്ടു. വീഴാതെ, തളരാതെ ഒട്ടേറെ പേരെ ചേർത്തു പിടിച്ചു, കൈപിടിച്ചുയർത്തി. ഇതിനെല്ലാമുള്ള ധൈര്യവും സാഹചര്യങ്ങളും ഒരുക്കിത്തന്നത് എന്‍റെ പ്രവാസജീവിതം പഠിപ്പിച്ച യുദ്ധപാഠങ്ങൾ തന്നെ. ഇന്നു തിരിഞ്ഞു നോക്കുമ്പോൾ സ്വന്തമെന്ന് ഭയലേശമെന്യേ തലയുയർത്തി പറയാൻ കരുതലുകളേറെയുണ്ട്. ഇളംപ്രായത്തിൽ കാലെടുത്തു വച്ച പ്രവാസത്തിൽ, തുടർന്നു പോകുന്ന ഓരോ ദിവസത്തെയും എന്‍റെ ജീവിതം സത്യമായും ഇന്നുകളുടെ അശാന്ത-ശാന്തതയിൽ അല്ല. അതിനും മുൻപത്തെ അന്നുകളുടെ അനന്യമായ തുള്ളിത്തിമിർപ്പുകളിലാണ്.

എന്‍റെ നാലു ചുവരുകൾക്കുള്ളിൽ, ഓഫീസ് മുറിയിൽ ഒക്കെ ഞാൻ പേറി നടന്നിരുന്ന ഇന്നും എന്നും അതേപടി കൂടെയുള്ള പ്രിയപ്പെട്ടവർ, മണ്ണിന്‍റെ...ഇലത്തളിർപ്പുകളുടെ ഗന്ധമുള്ള അനുഗ്രഹീതഭൂമി എല്ലാം ഈ പ്രവാസത്തിൽ ജീവിച്ചിരിക്കാനുള്ള ഔഷധിയായപ്പോൾ, വീഴ്ച്ചകളിൽ നിന്നുയിർത്തെഴുന്നേൽക്കാനുള്ള ധൈര്യം നൽകിയത് പ്രവാസത്തിലേക്ക് എന്നെ കൈപിടിച്ചു കയറ്റിയ നാടുകൾ നൽകിയ അപാരമായ സ്വാതന്ത്ര്യമാണ്. സഞ്ചാരസ്വാതന്ത്ര്യം, സംസാരസ്വാതന്ത്ര്യം, ഒറ്റയ്ക്കും ജീവിക്കാം എന്ന ചിന്താസ്വാതന്ത്ര്യം തുടങ്ങി സകല അതിജീവനങ്ങൾക്കുമാധാരവും അടിസ്ഥാനവും നൽകിയ ഈ പ്രവാസമണ്ണിനെ അത്രത്തോളമാഴത്തിൽ ഇന്നും എന്നും നെഞ്ചോടു ചേർത്തു പിടിക്കുന്നുണ്ട്. എങ്കിലും "തിരികെ വരൂ.."എന്ന് കൺനിറവോടെ സ്നേഹക്ഷണമരുളുന്ന എന്‍റെ പിറന്ന മണ്ണിന്‍റെ കനിവൂറും ഉൾത്തുടിപ്പിനെ ഹൃദയാഴങ്ങളിൽ എനിക്കു കാണാം. സ്വപ്നവും അതുതന്നെയാണ്. നെഞ്ചിലിറ്റുന്ന അനന്യസ്നേഹത്തിലും പ്രവാസത്തിന്‍റെ അപ്രിയഗന്ധത്തിൽ നിന്നും അത്രമേൽ അമൂല്യമെന്നു വിശ്വസിക്കുന്ന പ്രിയപ്പെട്ട കരിയിലഗന്ധത്തിലേക്കുള്ള ആത്യന്തിക മടക്കം.

English Summary:

Lekha Justin Writen By Expat Life

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT