'കരിപിടിക്കാത്ത ആകാശം ഉണ്ടായിട്ടില്ലാത്ത രണ്ടു രാജ്യങ്ങളവിടെ ഒന്നിച്ചു നിലവിളിച്ചു '
'കരിപിടിക്കാത്ത ആകാശം ഉണ്ടായിട്ടില്ലാത്ത രണ്ടു രാജ്യങ്ങളവിടെ ഒന്നിച്ചു നിലവിളിച്ചു '
'കരിപിടിക്കാത്ത ആകാശം ഉണ്ടായിട്ടില്ലാത്ത രണ്ടു രാജ്യങ്ങളവിടെ ഒന്നിച്ചു നിലവിളിച്ചു '
'കരിപിടിക്കാത്ത ആകാശം ഉണ്ടായിട്ടില്ലാത്ത രണ്ടു രാജ്യങ്ങളവിടെ ഒന്നിച്ചു നിലവിളിച്ചു '
'കരിപിടിക്കാത്ത ആകാശം ഉണ്ടായിട്ടില്ലാത്ത രണ്ടു രാജ്യങ്ങളവിടെ ഒന്നിച്ചു നിലവിളിച്ചു '-"യുദ്ധം ഒരുകാലത്തും പുതുമയല്ല. ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷമുണ്ടെങ്കിൽ അതാണിപ്പോൾ പുതുമ, അങ്ങനെയാണ് കാലം നമ്മുടെ മുന്നിൽ ചിത്രം വരച്ചു കൊണ്ടിരിക്കുന്നത്. സമാധാനം സ്വപ്നംമാത്രമായ വലിയൊരു ജനതയുണ്ട് നമുക്ക് മുന്നിൽ " റസീന ഹൈദർ 'ഖാൻ യൂനിസിലെ ചെമ്പോത്ത്' എന്ന നോവെല്ലയുടെ ആമുഖത്തിൽ പറഞ്ഞുവെക്കുന്നത് മുകളിൽ എഴുതിയ ഈ വരികളാണ്.
യുദ്ധം മനുഷ്യരുടെ ജീവിതത്തെയും, സാമൂഹ്യ ബന്ധങ്ങളെയും സമ്പത്തിനേയും എന്തിന്, കിടപ്പാടം പോലും തകർത്തെറിയുമെങ്കിലും, അതൊക്കെ നിസ്സാരമായ ഒരു കാര്യമെന്ന പോലെ രണ്ടോ മൂന്നോ യുദ്ധങ്ങൾ നടക്കുന്ന ഒരു വർത്തമാനകാലത്താണ് ഇന്ന് നാം ജീവിതത്തെ കുറിച്ച് സ്റ്റാറ്റസിട്ട്, സെൽഫിയിൽ അഭിരമിക്കുന്നത്. സാധാരണ മനുഷ്യർ, യുദ്ധമരുതെന്ന് പറയാൻ പോലും കഴിയാത്ത വിധം ജീവിതത്തോട് യുദ്ധം ചെയ്യുകയാണ്.
സാമൂഹിക പ്രതിബദ്ധയുള്ള എഴുത്തുകാർ മനുഷ്യരുടെ വേദനയും, വിചാരങ്ങളുടെയും, പ്രതിഷേധത്തിന്‍റെയും രൂപങ്ങളായാണ് പ്രവർത്തിക്കുന്നത്. യുദ്ധത്തിന്‍റെ ഇരുട്ടിന്മേൽ വെളിച്ചം വീശുന്ന ശക്തമായ മാധ്യമങ്ങളാണ് കഥയും കവിതകളും നോവലുമൊക്കെ. സമൂഹത്തെ ബോധവൽക്കരിക്കാനും, യുദ്ധത്തിന്‍റെ ആഘാതങ്ങളെ ചർച്ച ചെയ്യാനും, പ്രതിപക്ഷ സ്വരങ്ങൾ ഉയർത്താനും അവയ്ക്ക് കഴിയും. റഷ്യൻ നോവലിസ്റ്റായ ടോൾസ്റ്റോയ്, യുദ്ധങ്ങൾ നേരിടുന്ന റഷ്യയിലെ ജനങ്ങളുടെ ജീവിതം അടയാളപ്പെടുത്തുന്ന തന്‍റെ പ്രശസ്തമായ പുസ്തകത്തിലൂടെ യുദ്ധത്തിന്‍റെ വെറുപ്പും അതിന്‍റെ ഭീകരതയും വ്യക്തമാക്കിയിട്ടുണ്ട്. അഹിംസാവാദവും മാനവികതയുടെ സന്ദേശവും ടോൾസ്റ്റോയിയുടെ ലേഖനങ്ങളിൽ പ്രസക്തമാണ്.
ബ്രിട്ടിഷ് യുദ്ധ കവിയായ ഓവൻ, ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കഠിനതകളും, നിറംകെട്ട ശരീരങ്ങളും, വലിയ നഷ്ടങ്ങളും വ്യക്തമായി കവിതകളിൽ പകർത്തിയിരുന്നു. യുദ്ധത്തിന്‍റെ അനിഷ്ടം അദ്ദേഹം ശക്തമായ ഭാഷയിലൂടെ വ്യക്തമാക്കി. ആധുനിക നോവലിന്‍റെയും സ്ത്രീവാദ സാഹിത്യത്തിന്‍റെയും മുഖഛായ മാറ്റിയ എഴുത്തുകാരിയായ വിർജീനിയ വൂൾഫ് ത്രീ ഗിനീസ് എന്ന പുസ്തകത്തിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും സമാധാനത്തിനും വേണ്ടിയാണ് ശബ്ദമുയർത്തിയത്. യുദ്ധത്തിന്‍റെ സാമൂഹിക വെല്ലുവിളികളെ ചർച്ച ചെയ്യുന്ന അവരുടെ ഉപന്യാസങ്ങൾ ഫാസിസത്തെയും യുദ്ധത്തെയും വിമർശിക്കുന്നവയാണ്. നടപ്പുയുദ്ധകാലത്ത് നാം ജീവിക്കുമ്പോൾ ഹരിത സാവിത്രിയുടെ 'സിൻ' ഷീല ടോമിയുടെ 'ആ നദിയുടെ പേര് ചോദിക്കരുത് ' തുടങ്ങിയ പുസ്തകങ്ങൾ യുദ്ധത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ തന്നെയാണ്. യുദ്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും അസ്ഥിരതയും ജനങ്ങളിൽ ആത്മവിശ്വാസത്തിന്‍റെ നഷ്ടം ഉണ്ടാക്കും. വിശ്വാസത്തിന്‍റെ തകർച്ച മനുഷ്യരെ നിരാശരാക്കുകയും ചെയ്യുന്നു.
യുദ്ധങ്ങൾ പലപ്പോഴും അനീതിയുടെയും, അധീനം എക്കാലത്തും നിലനിർത്താനുള്ള ശ്രമത്തിന്‍റെയും ഫലമാണ്. ഇത് മാനസികമായി തളരാത്തവർക്കും പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായ സാഹചര്യം സൃഷ്ടിക്കുന്നു. യുദ്ധത്തിന്‍റെ നുണകളും, വ്യാജപ്രചരണങ്ങളും മനുഷ്യരെ വിചാരലോകത്തിൽ തന്നെ കുഴപ്പത്തിലാക്കും യുദ്ധം, സാമൂഹിക മൂല്യങ്ങളുടെയും, സാംസ്കാരിക പാരമ്പര്യങ്ങളുടെയും, മാനവികതയുടെ മൂല്യങ്ങൾ പൊളിച്ചെഴുതുകയും തകർക്കുകയും ചെയ്യുന്നു. ഭയവും അസഹിഷ്ണുതയും പടരുമ്പോൾ, സത്യവും നീതിയും മാറ്റി വെച്ചേക്കാം. ഇത് കഥകളായി ജീവിതത്തേയും ചരിത്രങ്ങളേയും ശരിയായി പകർത്താൻ അസ്വസ്ഥതയുള്ള പ്രതിഭകൾ ഇടപെടും. യുദ്ധം വെറുമൊരു സംഘർഷമോ, നഷ്ടമോ മാത്രമല്ല. അത് മനുഷ്യമനസ്സിന്‍റെ സമാധാനത്തെയും, മാനവികതയുടെ ഉള്ളറകളെയും സ്വാധീനിക്കുന്നു. മനുഷ്യരെ ഏകോപിപ്പിക്കുന്ന ശക്തികളെയും വെറും വൈരാഗ്യത്തിൻറെ മൂർച്ഛയിലും ഒതുക്കുന്നു. യുദ്ധത്തിനെതിരെ സാഹിത്യം, കല, കവിത തുടങ്ങിയവയിലൂടെ മനുഷ്യ മനസ്സിനെ ഉണർത്താൻ ശ്രമിക്കുന്നതിനാൽ, അത് മനുഷ്യവേരുകളുടെ അവകാശവാദം കൂടിയാണ്. വർത്തമാനജീവിതത്തിലെ അസ്വസ്ഥതകൾക്ക് നേരെ പ്രതിരോധം എഴുത്തായി തീർക്കുന്ന എഴുത്തുകാരി,
യുദ്ധം വിതയ്ക്കുന്ന ദുരിതങ്ങളോട് ചേർന്ന് നിന്നുകൊണ്ട്, ആമുഖത്തിൽ എഴുതുന്നു.... "വായിച്ചുതീരുമ്പോൾ നിങ്ങളിൽ ഒരു നോവ് ബാക്കിയാകുമെങ്കിൽ, അടിച്ചമർത്തപ്പെട്ട ജനസാഗരത്തിൽ നിന്നൊരാളെ കണ്ടാലും നിങ്ങളിൽ ഒരു വേദന നിറയുന്നുവെങ്കിൽ, മനസ്സുകൊണ്ടെങ്കിലും ഇരകൾക്കൊപ്പം നിൽക്കാൻ നിങ്ങൾക്ക് സാധിക്കുന്നുവെങ്കിൽ, യുദ്ധം പ്രമേയമായി വരുന്ന ട്രോളുകൾക്കും തമാശകൾക്കുമെതിരെ മുഖം തിരിക്കുവാൻ സാധിക്കുന്നുവെങ്കിൽ ഞാൻ കൃതാർത്ഥയാണ്." ഖാൻ യൂനിസിലെ ചെമ്പോത്ത് എന്ന കൃതിയിൽ മൂന്ന് ഇരകളുടെ/ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളാണ് വിശകലനം ചെയ്യുന്നത്.
അനാബ്
വെള്ള പുതപ്പണിഞ്ഞ പരുത്തിപ്പാടത്തിന് നടുവിൽ ചെമ്പരത്തിവേലിക്കപ്പുറം വെറും മണ്ണിൽ തീർത്ത വീട്ടിലെ പെൺകുട്ടി. ഒരു കാൽ മുട്ടിന് താഴെയും മറ്റൊന്ന് തുടയോട് ചേർന്നു അറുത്തുമാറ്റിയവൾ വലതുകൈ അവൾക്ക് പണ്ടേ നഷ്ടമായതാണ്. ഖാൻ യൂനിസിലെ പീഡിപ്പിക്കപ്പെട്ട സ്ത്രീകൾക്കായി അവരെ സഹായിക്കാനായി അവർക്ക് തന്‍റെ ജീവിതത്തെ മുൻനിർത്തി പ്രചോദനമേകാനായിയി വന്നവൾക്ക് നഷ്ടമായത് തന്‍റെ വലതുകാലുകളും ശരീരവും തന്നെയാണ്.
അഹമ്മദ്
ഖാൻ യൂനിസ് പലസ്തീനിലെ ഗാസാ മേഖലയിലെ ഒരു പ്രധാന നഗരമാണ്. നോവല്ലയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ അഹമ്മദ് എന്ന അത്ലറ്റിന്‍റെ പട്ടണവും അതു തന്നെയാണ്. അയാളുടെ ഇടതുകാൽ ഏതു നിമിഷവും മുറിച്ചു മാറ്റപ്പെടാം. "അഗാ... ഇനിയും വേഗത്തിൽ ഓടൂ, " എന്ന് വിളിച്ച് ആഹ്ലാദിക്കുന്ന റിമയുടെ സഹോദരനാണയാൾ
ചതുര
രാജ്യം തകർന്നു തരിപ്പണമായവൾ. സാമ്രാജ്യത്വ ശക്തികൾക്ക് വിറ്റ ലങ്ക, ഇപ്പോൾ ലങ്കയിലെ ജനങ്ങളുടേതാണോ ചൈനയുടെതാണോ ജപ്പാന്‍റെ ആണോ എന്നൊന്നും അറിയില്ല പക്ഷേ ഒന്നറിയാം ലങ്ക പാപ്പരാണ്. ജോലിയില്ല, ഭക്ഷണമില്ല, ഇന്ധനമില്ല, ഗ്യാസ്സില്ല, പ്രസിഡന്റില്ല, ഗവൺമെൻെറില്ല, കുടിവെള്ളമില്ല, സമാധാനമില്ല പണ്ട് എന്നോ എപ്പോഴും ജോലി തേടി എത്തിപ്പെട്ടതാണ് ഞാൻ. ഇവിടെ ജോലി ചെയ്ത ആശുപത്രികളിൽ ഇനി ഒന്നും ബാക്കിയില്ല.
ഈ മൂന്ന് പേരിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. നാലമത്തെയാൾ ഒരു ചെമ്പോത്താണ്. ചെമ്പോത്തുകള്‍ നിലാവ് കുടിച്ചാണ് ജീവിക്കുന്നത് എന്ന സങ്കല്‍പ്പം പല നാടുകളിലും ഉണ്ട്. ഉയരമുള്ള മരക്കൊമ്പുകളിൽ ഇരുന്നുറങ്ങുകയും നല്ല നിലാവുള്ളപ്പോൾ ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്ന സ്വഭാവം ഉള്ളതിനാൽ ചെമ്പോത്തുകളെക്കുറിച്ചും മായികമായ കഥകൾ കേട്ടിട്ടുണ്ട്. ദൈവപക്ഷി എന്ന അപരനാമമുള്ള ഖാൻ യൂനിസിലെ ചെമ്പോത്തിന് അപകടം വരുന്നതറിയാനുള്ള കഴിവുണ്ടെന്ന് ചതുര പറയുന്നുണ്ട്.
ഒരു എഴുത്തുകാരി താൻ ജീവിക്കുന്ന കാലഘട്ടത്തിൽ കൺമുന്നിൽ കാണുന്ന വേദനകളെ യുദ്ധത്തിന്‍റെ ഇരകളെ അവരുടെ അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ്, ഇരയായവരുടെ ഒപ്പം ചേർന്നു നിൽക്കുകയാണ്. മനുഷ്യരുടെ കൂടെയാണ് താനെന്ന് ഈ നോവലിലൂടെ പ്രഖ്യാപിക്കപ്പെടുകയാണ്. ഇടപെടലിന്‍റെ/ നിലപാടിന്‍റെ രാഷ്ട്രീയം തന്നെയാണ് ഈ ചെറുനോവൽ മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് നടത്തുന്ന ചെറുത്തുനിൽപ്പിന്‍റെ ധീരമായ അടയാളമായി ഈ പുസ്തകത്തെ അടിവരയിട്ടുകൊണ്ട് വായിക്കാവുന്നതാണ്.
അറുപത്തിനാല് പേജിൽ ഇരുപത് അദ്ധ്യായങ്ങൾ. ഈ അദ്ധ്യായങ്ങൾ ഇരുപത് കവിതകൾ പോലെ നമുക്ക് വായിച്ചെടുക്കാൻ കഴിയും. പുസ്തകത്തിൽ സന്ദർഭോചിതമായി ചിത്രങ്ങൾ വരച്ചിരിക്കുന്നത് അനിത ജിതിനാണ്. രാജേഷ് ചാലോടിന്‍റെ കരവിരുത് കവറിൽ കാണാം. പുസ്തക നിർമിതിയിൽ ഏറ്റവും മനോഹരമായി ശ്രദ്ധ കേന്ദ്രികരിക്കുന്ന ഫേബിയൻ ബുക്സാണ് പ്രസാധകർ.