കാട്ടൂർ കടവ് ഉയർത്തുന്ന രാഷ്ട്രീയദൗത്യം
വളരെയേറെ ചർച്ചചെയ്യപ്പെട്ട (അല്ലെങ്കിൽ ഇപ്പോഴും ചർച്ചചെയ്യപ്പെടുന്ന) ഒരു ഭൂതകാലത്തെ തങ്ങളുടേതായ സാങ്കല്പിക യാഥാർത്ഥ്യമാക്കി എഴുത്തുകാർ അവതരിപ്പിക്കുമ്പോൾ അത് നീതിപൂർവ്വമായിരിക്കണം. അല്ലെങ്കിൽ ഒട്ടേറെ വിമർശനങ്ങൾക്ക് പാത്രമാവുകയോ വായനാലോകം തിരസ്കരിക്കുകയോ ചെയ്യാനുള്ള വലിയ സാധ്യതയുണ്ട്. മാത്രവുമല്ല
വളരെയേറെ ചർച്ചചെയ്യപ്പെട്ട (അല്ലെങ്കിൽ ഇപ്പോഴും ചർച്ചചെയ്യപ്പെടുന്ന) ഒരു ഭൂതകാലത്തെ തങ്ങളുടേതായ സാങ്കല്പിക യാഥാർത്ഥ്യമാക്കി എഴുത്തുകാർ അവതരിപ്പിക്കുമ്പോൾ അത് നീതിപൂർവ്വമായിരിക്കണം. അല്ലെങ്കിൽ ഒട്ടേറെ വിമർശനങ്ങൾക്ക് പാത്രമാവുകയോ വായനാലോകം തിരസ്കരിക്കുകയോ ചെയ്യാനുള്ള വലിയ സാധ്യതയുണ്ട്. മാത്രവുമല്ല
വളരെയേറെ ചർച്ചചെയ്യപ്പെട്ട (അല്ലെങ്കിൽ ഇപ്പോഴും ചർച്ചചെയ്യപ്പെടുന്ന) ഒരു ഭൂതകാലത്തെ തങ്ങളുടേതായ സാങ്കല്പിക യാഥാർത്ഥ്യമാക്കി എഴുത്തുകാർ അവതരിപ്പിക്കുമ്പോൾ അത് നീതിപൂർവ്വമായിരിക്കണം. അല്ലെങ്കിൽ ഒട്ടേറെ വിമർശനങ്ങൾക്ക് പാത്രമാവുകയോ വായനാലോകം തിരസ്കരിക്കുകയോ ചെയ്യാനുള്ള വലിയ സാധ്യതയുണ്ട്. മാത്രവുമല്ല
വളരെയേറെ ചർച്ചചെയ്യപ്പെട്ട (അല്ലെങ്കിൽ ഇപ്പോഴും ചർച്ചചെയ്യപ്പെടുന്ന) ഒരു ഭൂതകാലത്തെ തങ്ങളുടേതായ സാങ്കല്പിക യാഥാർത്ഥ്യമാക്കി എഴുത്തുകാർ അവതരിപ്പിക്കുമ്പോൾ അത് നീതിപൂർവ്വമായിരിക്കണം. അല്ലെങ്കിൽ ഒട്ടേറെ വിമർശനങ്ങൾക്ക് പാത്രമാവുകയോ വായനാലോകം തിരസ്കരിക്കുകയോ ചെയ്യാനുള്ള വലിയ സാധ്യതയുണ്ട്. മാത്രവുമല്ല ഭാവനാലോകത്തെ യഥാർത്ഥലോകമായി ചിത്രീകരിക്കുന്ന പ്രക്രിയയിൽ വിജയിക്കുമ്പോഴാണല്ലോ മികച്ച സൃഷ്ടികൾ രൂപപ്പെടുന്നതും സ്രഷ്ടാവ് തന്റെ ഉദ്യമത്തിൽ വിജയിക്കുന്നതും.
ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാകുമ്പോൾ ഈ പ്രക്രിയയിൽ ഒട്ടേറെ ഉത്തരവാദിത്തങ്ങൾകൂടി കടന്നുവരികയും ചെയ്യുന്നു. ഇത്തരം ഇടപെടലുകളിലാണ് സർഗ്ഗാത്മക യാഥാർഥ്യത്തിന്റെ സത്യസന്ധമായ ആവിഷ്കാര നിർമ്മിതികൾ നമുക്ക് കാണാൻ സാധിക്കുക. അത്തരത്തിൽ നിരീക്ഷിക്കുമ്പോൾ, മികച്ചൊരു ഭാവനാലോകം പകർന്ന് നൽകുന്നുണ്ട് കാട്ടൂർ കടവ്.
സാങ്കല്പികമായ നൂലിഴകളിൽ തീർക്കുന്ന ഒരു ഭാവനാലോകമാണ് എഴുത്തുകാർ വായനക്കാർക്ക് സമ്മാനിക്കുക എന്നത് ഒരു യാഥാർഥ്യമാണ്. നോവലിൽ അതിന് വലിയ സാധ്യതയുമുണ്ട്. എന്നാൽ ഭൂതകാലജീവിതചിത്രങ്ങൾ പുനരാവിഷ്കാരിക്കുന്ന രീതിയിൽ എഴുതപ്പെടുന്ന ചരിത്രനോവലുകളിൽ ജീവിച്ചിരിക്കുന്നവരോ മണ്മറഞ്ഞുപോയവരോ ആയ വ്യക്തിത്വങ്ങൾ കഥാപാത്രങ്ങളായി കടന്നുവരികയും, സംഭവങ്ങളും സാഹചര്യങ്ങളും വീണ്ടും ചർച്ചചെയ്യപ്പെടുകയും ചെയ്യപ്പെടുന്നു. ഇങ്ങനെ ആവിഷ്കരിക്കുന്ന ചരിത്ര നോവലുകൾ എങ്ങനെ വായിക്കപ്പെടുന്നു, എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നത് പ്രധാനമാണ്.
ചരിത്രസത്യങ്ങളോട് നീതിപുലർത്തുന്നുണ്ടോ എന്നതാണ് ഇതിലെ പ്രധാന കാര്യമായി പൊതുവെ വിലയിരുത്താറുള്ളത്. ആ രീതിയിൽ, അശോകൻ ചരുവിലിന്റെ "കാട്ടൂർ കടവ്" മികച്ച ഒരു സംഭാവനയാണ് എന്ന് നിസംശയം പറയാം. എഴുത്തുകാരന്റെ ഭാവന അയാളുടെ രാഷ്ട്രീയബോധവുമായി അതുപോലെ ഇഴുകിച്ചേരുമോ എന്നത് ഉറപ്പിച്ചുപറയാൻ സാധിക്കുന്ന ഒന്നല്ല. എന്നാൽ സൃഷ്ടിയുടെ ആകെയുള്ള കാഴ്ചപ്പാട്, അല്ലെങ്കിൽ ഒരു സൃഷ്ടി മുന്നോട്ടുവയ്ക്കുന്ന സന്ദേശം ഒക്കെ എഴുതുന്ന ആളുടെ രാഷ്ട്രീയ-സാമൂഹിക വീക്ഷണങ്ങളാൽ പലപ്പോഴും സ്വാധീനിക്കപ്പെടാനിടയുണ്ട്.
കാട്ടൂർ കടവിൽ, ചരിത്രവും രാഷ്ട്രീയവും ചർച്ചചെയ്യപ്പെടുമ്പോഴും സമൂഹത്തിലെ വലിയൊരു യാഥാർഥ്യമായ "ജാതി"യെയാണ് അഡ്രസ് ചെയ്യുന്നത് എന്ന് വായിച്ചെടുക്കാം. ജാതിയെ അഡ്രസ് ചെയ്തുകൊണ്ട്, രാഷ്ട്രീയ-സാമൂഹിക ജീവിതത്തെ അടയാളപ്പെടുത്തുന്ന ജയമോഹന്റെ നൂറുസിംഹാസനങ്ങൾ പോലെ ചില ചുരുക്കം നോവലുകൾ മലയാളസാഹിത്യത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും കാട്ടൂർ കടവ് പലതുകൊണ്ടും അതിൽനിന്നെല്ലാം വ്യതിരിക്തത പുലർത്തുന്നുണ്ട്. സ്വയംവിമർശനാപരമായ ഒരു ദൗത്യം ഈ നോവൽ മുന്നോട്ടുവയ്ക്കുന്നു എന്നതാണ് അതിൽ മുഖ്യമായ ഒരു കാര്യം.
നോവൽ എന്ന സാഹിത്യരൂപത്തിൽ ജീവിതത്തെ ഒരു ബൃഹത്തായ ക്യാൻവാസായിത്തന്നെ രൂപപ്പെടുത്താൻ നോവലിസ്റ്റിന് തുറന്ന സാധ്യതയുണ്ട്. സർഗാത്മകതയിൽ നോവലിസ്റ്റ് അന്വേഷിക്കുന്നതും അവതരിപ്പിക്കുന്നതും സത്യങ്ങളെയല്ല, മറിച്ച് നിർവ്വചിക്കാൻ കഴിയാത്ത അനുഭൂതികളുടെ സത്തയെയാണ്. അങ്ങനെയുള്ള അനുഭൂതികളെ അവതരിപ്പിക്കാനുള്ള യാത്രയിൽ നോവലിസ്റ്റിനു പലവഴികളിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഈ സഞ്ചാരത്തിൽ കാലദേശ ജീവിതങ്ങളെ ചേർത്ത് പിടിക്കുവാനും വായനക്കാരന് ചിരപരിചിതമായ സംഗതികളെത്തന്നെ വേറിട്ടരീതിയിൽ കാഴ്ചവയ്ക്കുവാനും നോവലിസ്റ്റിന് സാധിക്കുന്നു.
കേരളത്തിന്റെ സാമൂഹിക ചിത്രത്തിൽ ഒട്ടിച്ചേർന്നുനിൽക്കുന്ന ഒരു വായനക്കാരന് കാട്ടൂർ കടവ് നൽകുന്നത് എങ്ങനെയുള്ള ഒരു ജീവിതാനുഭവ ലോകമാണ് എന്നത് പ്രധാനമാണ്. ഈ രീതിയിൽ കാട്ടൂർ കടവ് എന്ന നോവൽ വിജയിക്കുകയും അതിന്റെ രാഷ്ട്രീയ ധർമ്മം നിറവേറ്റുകയും ചെയ്യുന്നത് കാണാൻ സാധിക്കും. കാട്ടൂർ കടവ് എന്ന നോവൽ അടിസ്ഥാനപരമായി ഭാവനാത്മകമാണെങ്കിലും ആ ഭാവനാത്മകതയിലും ഒരു സാമൂഹിക യുക്തിയെ നിലനിർത്തുന്നുവെന്ന് കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ ആ സൃഷ്ടിക്ക് കാലവുമായി സംവദിക്കാനുള്ള ഒരു വഴിയൊരുക്കികൊടുക്കുന്നുമുണ്ട്.
ആ രീതിയിൽ കാട്ടൂർ കടവ് എത്രകണ്ട് ഭൂതകാലത്തെ ഒരു രാഷ്ട്രീയ സംവാദനത്തിനുള്ള വേദിയാക്കി മാറ്റുന്നുവെന്നതാണ് ഈ നോവലിനെ വിലയിരുത്തുന്നതിൽ ഒരു പ്രധാന മാനദണ്ഡമായി കണക്കാക്കേണ്ടുന്ന പ്രധാന സംഗതിയായി മുന്നോട്ടുവയ്ക്കാൻ ആഗ്രഹിക്കുന്നത്. ഒരു രാഷ്ട്രീയ നോവൽ എന്ന നിലയിൽ "കാട്ടൂർ കടവ്" വിപുലമായരീതിയിൽതന്നെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെ വസ്തുനിഷ്ഠവും സത്യസന്ധമായും കൈകാര്യം ചെയ്യുന്നത് നോവലിൽ വായിച്ചെടുക്കാൻ സാധിക്കും.
അതായത്, കാട്ടൂർ കടവിന്റെ യഥാർഥ്യത്തെയും ചരിത്രത്തെയും പ്രതിപാദിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന നോവൽ കാട്ടൂർ കടവിൽ മാത്രമായി ഒതുങ്ങുകയല്ല, കേരളത്തിന്റെ പരിച്ഛേദമായി വളരുകയാണ് ചെയ്യുന്നത്. അവതാരികയിൽ വി.വിജയകുമാർ സൂചിപ്പിക്കുന്നതുപോലെ ഒരു ദേശത്തെക്കുറിച്ചായിട്ടും നോവൽ ദേശസ്വത്വവാദത്തിന്റേയോ സങ്കുചിത ദേശീയതയുടേയോ ആശയങ്ങളാൽ സ്വാധീനിക്കപ്പെടുന്നില്ല.
ജാതികൾ ഉണ്ടാക്കുന്ന സാമൂഹിക അസമത്വങ്ങളെ കണ്ടെത്താതെ സമത്വത്തിലേക്കുള്ള പ്രയാണത്തിന് കടമ്പകൾ ഏറെയാണ് എന്ന അഭിപ്രായങ്ങളും വിലയിരുത്തലുകളും ഏറെ ശക്തിപ്പെട്ട ഈ വർത്തമാനകാലത്തുനിന്നുകൊണ്ടാണ് നാം കാട്ടൂർ കടവിനെ വായിക്കുകയും ചർച്ചചെയ്യുകയും ചെയ്യുന്നത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ജാതിയെക്കുറിച്ചുള്ള നിലപാട് പലപ്പോഴും വിമർശന വിധേയമായിട്ടുള്ള ഒന്നാണല്ലോ. ഇന്ത്യൻ ജീവിതത്തെ എന്നതുപോലെത്തന്നെ കേരളീയസമൂഹത്തെയും ജാതി എന്ന യാഥാർഥ്യം അത്രമാത്രം ആഴത്തിൽ സ്വാധീനിക്കുന്നുവെന്നത് ജനനം, വിവാഹം, മരണം, ആചാരം, ആഘോഷം, തുടങ്ങിയ നിരവധിയായ സംഗതികളുമായി ചേർത്ത് വായിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ട് നമുക്ക് ഇല്ലായെന്നത് സത്യമാണ്.
എന്നാൽ, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംഘടനാപരമായ ചർച്ചകളുടെ ഭാഗമായി ജാതിയെ നാം വേണ്ട രീതിയിലും ആരോഗ്യകരമായും ചർച്ചചെയ്തിട്ടുണ്ടോ എന്നത് സംശയകരമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആരംഭവും വളർച്ചയും പിളർപ്പും ഒക്കെ പ്രതിപാദിക്കുമ്പോഴും ജാതി നമ്മുടെ എല്ലാതലങ്ങളിലും സ്വാധീനിക്കുന്നുണ്ട് എന്ന വലിയ ഒരു ചർച്ചകൂടിയാണ് കാട്ടൂർ കടവ് മുന്നോട്ടുവയ്ക്കുന്നത്.
അതായത്, അത്തരമൊരു നിരീക്ഷണത്തിലേക്ക് കാട്ടൂർ കടവിലെ രാഷ്ട്രീയജീവിതം കടന്നുപോകുന്നുണ്ട്. ഭാവനാചിത്രത്തിലെ സാങ്കൽപ്പിക ബന്ധനങ്ങളിൽനിന്നും ഭൂതകാലത്തിലെ യാഥാർഥ്യങ്ങളിലേക്ക് പലപ്പോഴും കാട്ടൂർ കടവ് നടന്നുപോകുന്നത് നോവൽ മുന്നോട്ടുവയ്ക്കുന്ന വിഷയത്തിന്റെ പ്രത്യേകത കൊണ്ടോ നോവലിന്റെ ആഖ്യാനരീതിയുടെ മികവുകൊണ്ടോ മാത്രമല്ല, അതിന്റെ രാഷ്ട്രീയക്കരുത്തു കൊണ്ടുകൂടിയാണ് എന്ന് കാണാനും വിലയിരുത്താനും സാധിക്കും. ഭൂതകാലത്തെ ഒരു രാഷ്ട്രീയ സംവാദത്തിനുള്ള വേദിയാക്കി മാറ്റുന്നതിലും ജാതിയെന്ന തൂത്താലും തുടച്ചാലും മായാത്ത വികൃതമായ ഒരു സത്യത്തെ, യാഥാർഥ്യ ബോധത്തോടെ ഉൾക്കൊണ്ടുകൊണ്ട് അവതരിപ്പിക്കുകവഴി, അത്രതന്നെ പ്രാധാന്യം വർത്തമാനകാലത്തിനും കൊണ്ടുവരാൻ നോവലിസ്റ്റിന് ഇവിടെ സാധിച്ചിരിക്കുന്നു.
എങ്ങനെയാണ് സാമൂഹികമായ ജീവിതത്തിൽ അയിത്തവും അവഗണനയും അരികുവൽക്കരണവും മനുഷ്യർ അനുഭവിക്കുന്നത് എന്നത് എല്ലാവർക്കും ഒരുപോലെ തിരിച്ചറിയാൻ സാധിക്കണമെന്നില്ല. അത്തരമൊരു അസമത്വാനുഭവ സാഹചര്യം എങ്ങനെയാണ് സമൂഹത്തിൽ രൂപപ്പെടുന്നത് എന്നതിനൊപ്പം, സാമൂഹിക മുന്നേറ്റത്തിനായി രൂപമെടുക്കുന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും നിലനിൽക്കുന്നുവെന്നത് ആശങ്കയോടെ മാത്രമേ വായനക്കാർക്ക് ഒരുപക്ഷെ നിരീക്ഷിക്കാൻ സാധിക്കുകയുള്ളൂ.
ജാതിയെന്ന അസമത്വം സമൂഹത്തിൽ ഒട്ടിച്ചേർന്നുനിൽക്കുന്നതിന്റെ രാഷ്ട്രിയ കാരണങ്ങൾ എന്തൊക്കെയാണ് എന്നതിലൂടെ നോവൽ സഞ്ചരിക്കുകയോ വിശദമായി ചർച്ചചെയ്യുകയോ ചെയ്യുന്നില്ല. അങ്ങിനെയൊരു ആവശ്യമോ പിടിവാശിയോ പാടില്ലതാനും. എന്നാൽ വായനയ്ക്കുശേഷമുള്ള ഒരാളുടെ നിരീക്ഷങ്ങളിൽ ജാതിയുടെ വർത്തമാന-ഭൂതകാലങ്ങളിലെ ശക്തമായ സ്വാധീനത്തെ കൊണ്ടുവരുവാൻ നോവലിനു സാധിക്കുന്നുണ്ട്. അതായത്, ഒഴിച്ചുനിർത്താൻ കഴിയാത്തവിധമുള്ള ഒരു അധികാരഘടനയായി ജാതി എങ്ങനെയൊക്കെയാണ് സമൂഹത്തിൽ ബന്ധപ്പെട്ടുകിടക്കുന്നുവെന്നത് വായനക്കാരനോട് നോവൽ ചോദിച്ചുകൊണ്ടേയിരിക്കുന്നു.
ചുരുക്കിപറഞ്ഞാൽ എക്കാലത്തെയും (പുതുമയൊട്ടുമില്ലാത്ത) ചോദ്യങ്ങളാണ് ഇതൊക്കെ എന്നരീതിയിൽ അങ്ങനെ അവഗണിച്ചു മുന്നോട്ടുപോകാൻ ഇനിയും നമുക്ക് സാധിക്കില്ല എന്ന് വായനക്കാരോട് പറയാതെ പറയുകയാണ് കാട്ടൂർ കടവ് എന്ന നോവൽ. രാഷ്ട്രീയ കേരളത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരുടെ സാമൂഹ്യ ജീവിതത്തെ അടിമുടി സ്വാധീനിച്ച ഒരാശയമെന്നത് ഏതെന്ന ചോദ്യത്തിന് നമുക്കുമുന്നിൽ ഒരേയൊരു ഉത്തരമേയുള്ളൂ, അത് കമ്മ്യൂണിസം തന്നെയാണ്.
എന്നാൽ ഇത്ര കണ്ടു പുരോഗമനപരമായ ഒരാശയത്തിലൂടെ സഞ്ചരിക്കുമ്പോൾപോലും ജാതിപോലുള്ള പ്രതിലോമ നിർമ്മിതികളിൽ കേഡർമാർ എങ്ങനെ അകപ്പെട്ടുപോകുന്നുവെന്നത് വർത്തമാനകാലത്തും പ്രസക്തമായ ചോദ്യമായി നിലനിൽക്കുന്നുണ്ട്. മുതലാളിത്ത കമ്പോള സംസ്കാരത്തോട് ആവും വിധം ചെറുത്തുനിൽക്കുമ്പോഴും അതിന്റെ സ്വാധീനങ്ങളിൽ നിന്നും പൂർണ്ണമായി ഒഴിഞ്ഞുനിൽക്കാൻ സാധിക്കാത്തതുപോലെതന്നെ ജാതിചിന്തകൾ ഉൾപ്പെടെയുള്ള ഒട്ടനവധി ഭൂതകാലക്കുളിരുകളിൽ അഭിരാമിക്കുകയോ, അതിനാൽ അരികുവത്കരിക്കപ്പെടുകയോ ചെയ്യുന്നവരായി നാം ഉൾപ്പെടുന്ന സമൂഹം മാറിപ്പോകുന്നുണ്ട് എന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ടാണ് നോവൽ മുന്നോട്ടുപോകുന്നത്.
'കെ" എന്ന എഴുത്തുകാരനായ കഥാപാത്രവും "ദിമിത്രി"യെന്ന കഥാപാത്രവും തമ്മിലുള്ള നവമാധ്യമത്തിലൂടെയുള്ള ആശയ സംവാദങ്ങൾ നോവലിസ്റ്റിന്റെ ആത്മസംഘർഷങ്ങൾ എന്നപോലെ വായിച്ചെടുക്കുന്നതിനും തുറന്ന സാധ്യത കാട്ടൂർ കടവ് നൽകുന്നുണ്ട്. വായിച്ചുതീരുന്നതോടെ അത് വായനക്കാരിലും തുടരും എന്നതിൽ സംശയമില്ല. ആദർശ ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥകളെ ഈ നോവൽ ചർച്ചചെയ്യുന്നുണ്ട്. ത്യാഗനിർഭരമായ ജീവിതത്തിനുടമയായ മീനാക്ഷിയും കൈകൂലിക്കേസിൽ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥനായ മകൻ ദിമിത്രിയും ഒരുപോലെ നമുക്കു മുന്നിൽ ആദർശത്തിന്റെ അടയാളങ്ങളായി മാറുന്നുണ്ട്. ആദർശവും പ്രായോഗിക ജീവിതവും തമ്മിലുള്ള സമരത്തിന്റെ അല്ലെങ്കിൽ ആദർശചിന്തകളിലെ ആഭ്യന്തര പ്രതിസന്ധികളുടെ വ്യത്യസ്ത ദാർശനിക തലങ്ങളെയാണ് നോവൽ വായനക്കാരുടെ മുന്നിലേക്ക് വയ്ക്കുന്നത് എന്ന് കാണാൻ സാധിക്കും.
പ്രത്യയശാസ്ത്രപരമായ ദൃഢതയും സാമൂഹിക സ്വാധീനവും സാധ്യമായാലും മാനുഷികമായ ചാപല്യങ്ങളെ അവഗണിച്ചുകൊണ്ട് ഒരാശയത്തേയും ഉൾക്കൊള്ളുവാനും അതുൾക്കൊള്ളുന്ന അർത്ഥത്തിൽ നടപ്പിലാക്കുവാനും സാധിക്കുകയുള്ളൂ എന്ന യാഥാർഥ്യവും കാട്ടൂർ കടവ് വരച്ചുകാട്ടുന്നുണ്ട്. നോവലിന്റെ വളർച്ചയും ആഖ്യാനരീതിയും വായനയെ മുന്നോട്ടുനയിക്കുന്നുണ്ട്. എങ്കിലും ചില അധ്യായങ്ങളും കഥാപാത്രങ്ങളും നോവലിന്റെ ഒപ്പം നിന്നുകൊണ്ട് വളരുകയോ നോവലിനെ സമ്പുഷ്ടമാക്കുന്നതിൽ വിജയിച്ചിട്ടുണ്ടോ എന്നുള്ള ചില ചോദ്യങ്ങൾ വായനക്കാരിൽ നിന്ന് ഉയർന്നുവന്നേക്കാം എന്ന വിമർശനപരമായ ഒരു നിരീക്ഷണവും ഈ വായനാനുഭവത്തിൽ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.
ആകാശത്തിലെ പറവകൾ ഉൾപ്പെടെയുള്ള ചില അധ്യായങ്ങളും നെദാനിയരും മഹമ്മൂദും ഉൾപ്പെടുന്ന സന്യാസിസമൂഹവും ഇംഗ്ളീഷ് രാമൻകുട്ടിയെപ്പോലുള്ള ജീവിതങ്ങളും രഘൂത്തമനും മുത്തുലക്ഷ്മിയും അടങ്ങുന്ന നെക്സൽ കഥാപാത്രങ്ങളും കുറേകൂടി നോവലിൽ ശക്തികാട്ടിക്കൊണ്ട് വളരേണ്ടതായിരുന്ന എന്നത് രേഖപ്പെടുത്താനും ആഗ്രഹിക്കുന്നു. വായനയെ ആശ്രയിച്ച്, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾക്ക് ഇവിടെ സാധ്യതയുണ്ട് എന്നതും കാണാതെയല്ല ഇത് പറഞ്ഞുവയ്ക്കുന്നത്. എന്നാൽ ഇത്തരം തോന്നലുകൾക്കൊന്നും നോവലിന്റെ ആകെയുള്ള സംഭാവനയ്ക്കും വിലയിരുത്തലിനുമിടയിൽ സ്ഥാനമില്ലെന്ന് ഉറപ്പിച്ചുപറയുവാനും കഴിയും.
നവോഥാന പോരാട്ടങ്ങളും ത്യാഗനിർഭരമായ കമ്യൂണിസ്റ്റുമുന്നേറ്റങ്ങളും ഉഴുതുമറിച്ച ഒരു മണ്ണിൽ നിന്നാണ് രാഷ്ട്രീയ ബോധ്യങ്ങളുടെ അകത്തുനിന്നുകൊണ്ടുതന്നെ സ്വയം വിമർശനപരമായതും കാലികവുമായ ജാതിപരമായ ചോദ്യങ്ങൾ ഉയർന്നു വരുന്നത്. ഇത് സ്വാഗതാർഹവും ഒപ്പംതന്നെ, പുരോഗമനപരവുമാണ്. അതായത്, സ്വയംവിമർശനപരമായ ഒരു വലിയ രാഷ്ട്രീയ ഉത്തരവാദിത്തത്തെ ഈ നോവൽ നെഞ്ചേറ്റുന്നുണ്ട്. ആ നിലയിൽ, കാട്ടൂർ കടവ്, അതുയർത്തിപ്പിടിക്കുന്ന രാഷ്ട്രീയധർമ്മത്തിലൂടെ വരും തലമുറകളിലേക്കും സഞ്ചരിക്കും എന്നത് തീർച്ചയാണ്.