കുക്കൂ ക്ലോക്കും നോമ്പുകാല ചിന്തകളും

എന്റെ വീട്ടിൽ ഒരു കുക്കൂ ക്ലോക്ക് ഉണ്ട്. ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റ് റീജനിൽ പോയി വാങ്ങിയതാണ്.
എന്റെ വീട്ടിൽ ഒരു കുക്കൂ ക്ലോക്ക് ഉണ്ട്. ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റ് റീജനിൽ പോയി വാങ്ങിയതാണ്.
എന്റെ വീട്ടിൽ ഒരു കുക്കൂ ക്ലോക്ക് ഉണ്ട്. ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റ് റീജനിൽ പോയി വാങ്ങിയതാണ്.
എന്റെ വീട്ടിൽ ഒരു കുക്കൂ ക്ലോക്ക് ഉണ്ട്. ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റ് റീജനിൽ പോയി വാങ്ങിയതാണ്. അതിന്റെ ശിൽപി സ്വന്തം കൈകൊണ്ട് കടഞ്ഞെടുത്ത വളരെ വിശേഷപ്പെട്ട ഒരു ക്ലോക്ക്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് ക്ലോക്കിലുള്ളിലെ ചെറിയ കൂട്ടിൽ നിന്നും സുന്ദരിയായ കുഞ്ഞിക്കിളി വാതിൽ തുറന്ന് പുറത്തുവന്നു പന്ത്രണ്ടു പ്രാവശ്യം മധുര മനോഹരമായി ചിലച്ചിട്ട് കൂട്ടിനുള്ളിലേക്ക് കയറി വാതിൽ ചാരി... ഇനി ഒരു മണിക്കൂർ കഴിയുമ്പോൾ വീണ്ടും വാതിൽ തുറക്കും, പക്ഷേ ഒരു പ്രാവശ്യം മാത്രമേ കിളി ചിലക്കൂ... അങ്ങനെ മണിക്കൂറുകൾ ഓരോന്ന് കഴിയുമ്പോൾ ആവർത്തിക്കപ്പെടുന്ന ഒരു പ്രക്രിയ.
ഞാനും ഒരു കണക്കിന് ഈ കുക്കൂ ക്ലോക്കിലെ കിളിയും തമ്മിൽ പല കാര്യങ്ങളിലും സാമ്യമുള്ളതായി എനിക്ക് തോന്നി. ഉദാഹരണത്തിന് അൻപതു നോമ്പിന്റെ സമയമാണിപ്പോൾ. കഴിഞ്ഞ വർഷത്തെ നോമ്പിനെന്നപോലെ ഇത്തവണയും പള്ളിയിൽ പോക്കും പ്രാർഥനയും എല്ലാം തകൃതിയായി നടക്കുന്നു. കഴിഞ്ഞ വർഷത്തെ നോമ്പുകാലവും ഒരു മാറ്റവും എന്നിൽ വരുത്താതെ, സൽഫലം കായ്ക്കാത്ത ഒലിവ് മരം പോലെ എന്റെ ജീവിതം പിന്നെയും തുടരുകയാണ്….
ഈ വർഷവും ക്ലോക്കിൻ കൂട്ടിലെ കിളി മണിക്കൂറുകൾ തോറും വന്നു ചിലച്ചിട്ട് പോകുന്നതുപോലെ ഞാനും കുറെ അധരവ്യായാമം നടത്തി അഹം എന്ന കൂട്ടിലേക്ക് തല വലിച്ചു അടുത്ത വർഷം വരെ തപസ്സിലായിരിക്കുമോ ഈ ഞാൻ? അതോ ഈ നോമ്പുകാലത്തെങ്കിലും ഞാൻ നന്നാവുമോ, കുരിശ്ശിൽ കാണിച്ചു തന്ന അൻപിന്റെ മാതൃക എനിക്ക് എന്നിലൂടെ മറ്റുള്ളവരിലേക്ക് ഒഴുക്കാൻ പറ്റുമോ? ഫ്രാൻസിസ് അസീസിയെ പോലെയൊന്നും ആയില്ലെങ്കിലും കുറഞ്ഞ പക്ഷം ഒരു നല്ല മനുഷ്യൻ ആവാൻ ആ കാൽവരിയും അവിടെ നാട്ടിയ മരക്കുരിശും അതിലെ ക്രൂശിതനും എന്നെ വിളിക്കുന്നോ?
ആ ശാപഭൂമിയിൽ, സമൂഹം വെറുക്കുന്ന കൊള്ളക്കാരെയും കൊലപാതകികളെയും സാമൂഹ്യ ദ്രോഹികളെയുമൊക്കെ മരണശിക്ഷയ്ക്ക് വിധേയരാക്കുന്ന തലയോടിടം എന്ന കുപ്രസിദ്ധമായ മലമുകളിൽ തന്റേതല്ലാത്ത കുറ്റത്തിന് ഇതാ ഊനമില്ലാത്ത ഒരു കുഞ്ഞാട്. ലോക സ്ഥാപനത്തിനും മുൻപേ പിതാവിന്റെ വലത്തുഭാഗത്തിരുന്നു, ഭൂമണ്ഡലത്തിന്റെ സൃഷ്ടിക്ക് സാക്ഷിയായവൻ. സ്വർഗ്ഗമഹിമകൾ വെടിഞ്ഞു ഈ ലോകത്തിൽ വന്നു നമ്മിലൊരാളായി ജീവിച്ചു എന്ന് പറയുമ്പോളും മനുഷ്യനെപ്പോലെ കളങ്കിതനാകാതെ എന്നാൽ ലോകത്തിന്റെ മുഴുവൻ കളങ്കവും തന്നിലേക്ക് ആവാഹിച്ച് ഒരുകളങ്കിതനെപ്പോലെ ആ മനുഷ്യപുത്രൻ.
ലോകം മുഴുവൻ ആ ക്രൂശിതനെയും ക്രൂശിനെയും ധ്യാനിക്കുന്ന ഈ ദിവസങ്ങളിൽ ആ വിയ ഡോളറോസ (Via Dolorosa) അഥവാ കഠിനവേദനയുടെ വഴി നമ്മളിൽ ഉണ്ടാക്കുന്ന വേദന എങ്ങനെയുള്ളതാണ്. ഒരു മനുഷ്യനോട് ചെയ്ത ക്രൂരതകൾ ഓർക്കുമ്പോൾ മറ്റൊരു ഹൃദയമുള്ള ഏതൊരു മനുഷ്യനും സ്വാഭാവികമായി ഉണ്ടാകുന്ന അനുകമ്പയാണോ? അതോ എനിക്ക് കിട്ടേണ്ട പീഡനങ്ങളും മരണശിക്ഷയും, എനിക്ക് വേണ്ടി ശിരസ്സാവഹിച്ച ആ ത്യാഗത്തെ ഓർത്താണോ?
കാലചക്രത്തിന്റെ പ്രയാണത്തിനൊപ്പം ഇരുപതു നൂറ്റാണ്ടുകൾക്കു മുൻപ് നടന്ന, കാലത്തെ രണ്ടായി പിരിച്ച ആ മഹാ സംഭവത്തിന്റെ ഓർമ്മകൾ ധ്യാനിക്കുന്ന ഈ ദിവസങ്ങളിൽ മനുഷ്യന്റെ മനോമണ്ഡലങ്ങളിൽ റോമാ സാമ്രാജ്യത്തിന്റെ ചൂണ്ടകൾ കെട്ടിയുണ്ടാക്കിയ മാംസം പറിച്ചെടുക്കുന്ന ചമ്മട്ടി കൊണ്ടുള്ള അടി ആ നീതിമാനിൽ ഏൽപ്പിച്ച വേദനയുടെ പുകച്ചിൽ, അതിന്റെ ഒരുകണിക ചില ചലനങ്ങൾ എന്നിലും ഉണ്ടാക്കുന്നതുപോലെ. കുറേനക്കാരനായ ശീമോൻ ആകാനും വെറോണിക്ക ആകാനും എല്ലാം തയ്യാറാകുന്ന മനസ്സുകൾ. നാഴികയ്ക്ക് നാൽപതു വട്ടം രക്ഷകനെ തള്ളിപ്പറയുന്ന പത്രോസുമാർ ശീമോൻ പത്രോസിനെ കല്ലെറിയാൻ ആവേശം കാണിക്കുന്നു. നീതിമാന്റെ രക്തത്തിന്റെ കറ കഴുകി തലയൂരാൻ നോക്കുന്ന ഭരണവർഗ്ഗത്തിന്റെ തന്ത്രം…
എന്റെ യോഗ്യത എന്താണെന്ന് ഞാൻ തീർത്തും ബോധവാനാണ്. ചുങ്കക്കാരും പാപികളും ഒന്നും സ്വർഗ്ഗരാജ്യത്തിന് വിലക്കപ്പെട്ടവരല്ല എന്ന രക്ഷകന്റെ വാക്കുകൾ എനിക്ക് വല്ലാതെ ഊർജ്ജം പകരുന്നു. രക്ഷകന്റെ ഒരു വാക്ക്, ഒരു നോട്ടം, ഒരു സ്പർശനം മാറ്റം വരുത്തിയ ജീവിതങ്ങൾ… ദാവീദ് പുത്രാ അങ്ങ് സഹായിക്കാതെ എന്നെ കടന്നുപോകരുതേ! ഇത് എന്നെക്കൊണ്ടുതന്നെ കൂട്ടിയാൽ കൂടുന്ന കാര്യമല്ല. എല്ലാ വർഷത്തെയും പോലെ എന്നെ കടന്നുപോകാതെ അവിടുത്തെ സഹായം എനിക്ക് വേണം. ആ കാരുണ്യക്കടലിലെ ഒരു തുള്ളിയായി എന്നെ സ്വീകരിക്കൂ….