റഷ്യയിലെ വൻകിട കപ്പൽ നിർമാണ ശാലയുമായി മലയാളി കമ്പനിക്ക് കരാർ
Mail This Article
മുംബൈ∙ റഷ്യയിലെ ഏറ്റവും വലിയ വാണിജ്യ കപ്പൽ നിർമാണ ശാലയായ സ്വെസ്ദ ഷിപ് ബിൽഡിങ് കോംപ്ലക്സിന്റെ കപ്പൽ നിർമാണത്തിൽ പങ്കാളിയാകാൻ മുംബൈ മലയാളിയുടെ കമ്പനി കരാർ നേടി. പത്തനംതിട്ട സ്വദേശി വി. ജി. ജയപ്രകാശന്റെ നേതൃത്വത്തിൽ നവിമുംബൈയിലുള്ള ക്രാസ്നി ഡിഫെൻസ് ടെക്നോളജീസ് എന്ന കമ്പനി 100 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. കപ്പലുകളുടെ ഇലക്ട്രിക്കൽ വയറിങ് ജോലികളുടെതാണു കരാർ.
പുതിയ കരാർ ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരായ എൻജിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കും തൊഴിലവസരം സൃഷ്ടിക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ റിട്ട. കമാൻഡർ വി. ജി. ജയപ്രകാശൻ പറഞ്ഞു. റാന്നി പെരുന്നാട് വട്ടപ്പുരയിടത്തിൽ കുടുംബാംഗമായ അദ്ദേഹം നവിമുംബൈ നെരൂൾ നിവാസിയാണ്. ഇന്ത്യൻ നാവികസേനയുടെ റഷ്യൻ നിർമിത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, പരിപാലനം, ഇറക്കുമതി എന്നീ രംഗങ്ങളിലാണ് ക്രാസ്നി ഡിഫൻസ് ടെക്നോളജീസ് പ്രധാനമായും പ്രവർത്തിക്കുന്നത്.