സിഡ്‌നി ഷോപ്പിങ് സെന്റർ ആക്രമണം: പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത് ഡ്രാഗൺ ടാറ്റൂ
Mail This Article
സിഡ്‌നി∙ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ഷോപ്പിങ് സെന്‍ററിൽ ആറ് പേരെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മാനസിക രോഗിയാണെന്ന് പൊലീസ്. 40 വയസ്സുള്ള പ്രതി വടക്കുകിഴക്കൻ സംസ്ഥാനമായ ക്വീൻസ്‌ലാൻഡിൽ നിന്നാണ് വന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർ ആന്‍റണി കുക്ക് പറഞ്ഞു. പ്രതിയുടെ പേര് ജോയൽ കൗച്ചി എന്നാണ്. ഇയാളുടെ സ്വദേശം ബ്രിസ്ബേനിനടുത്തുള്ള ടൂവൂംബയാണെന്ന് സമൂഹ മാധ്യമ പ്രൊഫൈൽ പറയുന്നു. ജോയൽ കൗച്ചിയുടെ വലതു കയ്യിലുള്ള ചാര, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള ഒരു ഡ്രാഗൺ ടാറ്റൂ പ്രതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചു. ഒരു മാസം മുൻപ് സിഡ്‌നിയിൽ എത്തിയ പ്രതി നഗരത്തിൽ ഒരു ചെറിയ സ്റ്റോറേജ് യൂണിറ്റ് വാടകയ്‌ക്കെടുത്തതായി കരുതുന്നു.
ആക്രമണം നടത്താനുള്ള കാരണം വ്യക്തമല്ല. തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത കാണുന്നില്ലെന്നാണ് പ്രാഥമിക പൊലീസ് നിഗമനം. സിഡ്‌നിയിലെ ബോണ്ടി ജങ്ഷൻ പരിസരത്തുള്ള തിരക്കേറിയ ഷോപ്പിങ് സെന്‍ററിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് കൗച്ചി നടത്തിയ ആക്രമണത്തിൽ അഞ്ച് സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ടവരിൽ ഒമ്പത് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞും ഉൾപ്പെടുന്നു. കുഞ്ഞിന്‍റെ അമ്മയും മരിച്ചവരിൽ ഉൾപ്പെടുന്നതായിട്ടാണ് വിവരം. ഈ ആക്രമണം ഓസ്‌ട്രേലിയയിലെ പൊതു സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. പരുക്കേറ്റവർ വേഗം സുഖംപ്രാപിക്കപ്പെട്ടയെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ വെടിവെച്ചുകൊന്ന പൊലീസ് ഉദ്യോഗസ്ഥ രാജ്യത്തിന്‍റെ ഹീറോയെന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.