ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു; കൊലപാതകം നടത്തിയത് ഇന്ത്യൻ വിദ്യാർഥികൾ
Mail This Article
മെൽബൺ∙ ഓസ്‌ട്രേലിയയിൽ എംടെകിന് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഒരു കൂട്ടം ഇന്ത്യൻ വിദ്യാർഥികൾ തമ്മിലുള്ള വഴക്ക് തടയുന്നതിന് ശ്രമിച്ചപ്പോഴാണ് ഹരിയാനയിലെ കർണാൽ സ്വദേശി നവജീത് സന്ധു (22) കൊല്ലപ്പെട്ടതെന്ന് കുടുംബം അറിയിച്ചു. മെൽബണിൽ പ്രാദേശിക സമയം ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. സംഘർഷത്തിനിടെ മറ്റൊരു വിദ്യാർഥിക്കും ഗുരുതരമായി പരുക്കേറ്റു. ഒരു കൂട്ടം ഇന്ത്യൻ വിദ്യാർഥികൾ തമ്മിൽ വാടകയുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നതിനിടെ നവജീത് സന്ധുവിനെ മറ്റൊരു വിദ്യാർഥി കത്തികൊണ്ട് നെഞ്ചിൽ മാരകമായി കുത്തുകയായിരുന്നു.
വീട്ടിൽ നിന്ന് സാധനങ്ങൾ എടുക്കാൻ നവ്‌ജീതിന് കാറുള്ളതിനാൽ കൂടെ വരാൻ സുഹൃത്തായ മറ്റൊരു ഇന്ത്യൻ വിദ്യാർഥി ആവശ്യപ്പെട്ടു. സുഹൃത്ത് വീട്ടിനുള്ളിൽ പോയി. തുടർന്ന് വീട്ടിനുള്ളിൽ നിന്ന് നിലവിളി കേട്ട നവജീത് അകത്ത് ചെന്നു. വീട്ടിനുള്ളിൽ സുഹൃത്തുമായി മറ്റുള്ളവര്‍ വഴക്കിടുന്നത് കണ്ട് അവരോട് വഴക്കിടരുതെന്ന് ആവശ്യപ്പെട്ട് നവജീത് ഇവരെ തടയാൻ ശ്രമിച്ചപ്പോൾ പ്രതികൾ കത്തികൊണ്ട് നെഞ്ചിൽ മാരകമായി കുത്തുകയായിരുന്നു.
മെൽബണിലെ ഒർമോണ്ടിൽ നടന്ന ഈ സംഭവത്തിൽ ഉൾപ്പെട്ട പ്രതികളായ രണ്ട് പേരുടെ ചിത്രങ്ങൾ വിക്ടോറിയ പൊലീസ് പുറത്ത് വിട്ടു. പ്രതികളും കർണാൽ സ്വദേശികളാണ്. സഹോദരങ്ങളായ അഭിജിത്ത്, റോബിൻ ഗാർട്ടൻ എന്നിവരാണ് പ്രതികൾ. ഇവർക്കായി തിരച്ചിൽ നടന്നുവരികയാണെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു. ഇരുവർക്കും 170 സെന്‍റീമീറ്റർ ഉയരമുണ്ട്. അഭിജിത്തിന് 26 വയസ്സും റോബിൻ ഗാർട്ടന് 27 വയസ്സുമാണ് പ്രായം. 1ZO 2QW റജിസ്ട്രേഷനുള്ള 2014മോഡൽ വൈറ്റ് ടൊയോട്ട കാംറി സെഡാനിലാണ് പ്രതികൾ യാത്ര ചെയ്യുന്നത്. ഈ വാഹനം പ്രതികൾ മോഷ്ടിച്ചതാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.